Friday, December 8, 2017

മോചനം മനസ്സിലൂടെ




ഒരു സദസ്സിനെ അഭിസംബോധന ചെയ്യാന്‍ എനിക്ക് ഇപ്പോഴും മടിയാണ്. പ്രസംഗകലയില്‍ എനിക്ക് പ്രാവീണ്യമില്ല എന്നതാണോ, സ്ത്രീയില്‍ സഹസ്രാബ്ദങ്ങളായി നിലനില്ക്കുന്ന അടിമ മനോഭാവമാണോ കാരണം? തീര്‍ച്ചയായും എത്ര കുടഞ്ഞു കഴിഞ്ഞാലും കൂടെപ്പോരുന്ന ആ മാനസിക അടിമത്തം തന്നെയാവണം.

എന്നാല്‍ പിന്തിരിഞ്ഞു നോക്കിയാല്‍ കുട്ടിക്കാലത്തോ മുതിര്‍ന്നപ്പോഴോ നീ പെണ്ണാണ് എന്നു പറഞ്ഞു കൊണ്ട് ആരും മാറ്റി നിര്‍ത്തിയിട്ടില്ല. ഞങ്ങള്‍ മൂന്നു പെണ്‍കുട്ടികളായിരുന്നതുകൊണ്ട് താരതമ്യത്തിനോ മാറ്റി നിര്‍ത്തലിനോ സാധ്യതയുമില്ലായിരുന്നു.
എന്നിട്ടും പലപ്പോഴും ഉള്‍വലിയാനുള്ള ത്വര എന്നില്‍ നാമ്പെടുക്കുന്നു. അപ്പോഴൊക്കെ ഞാനെന്ന സ്ത്രീ ആശ്ചര്യപ്പെടുന്നു. എവിടെയൊക്കെയാണ് ഞാന്‍ വെറും പെണ്ണാകുന്നത്?
കുറേയേറെ വിദ്യാഭ്യാസം ചെയ്തു. പല മേഖലകളില്‍ തൊഴിലെടുത്തു. എഴുതി, വായിച്ചു, സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ഇപ്പോഴും ഇതൊക്കെ തുടര്‍ന്നു കൊണ്ടുമിരിക്കുന്നു. സാമ്പത്തിക സ്വാതന്ത്ര്യവും ഭൗതിക സ്വാതന്ത്ര്യവും ഒരളവുവരെയുണ്ട്.
എന്നിട്ടും ആരാണെന്നെ ഇടയ്ക്കിടയ്ക്ക് പിന്നോട്ടു വലിക്കുന്നത്?
നിശ്ചയമായും അതെന്റെ മനസ്സാണ്. വീണ്ടുവിചാരങ്ങളാണ്. എന്നില്‍ ഇല്ലെന്നു കരുതിയിട്ടും എന്നെ കൂട്ടിലിടുന്നത് ആദിമകാലം മുതല്‍ നിലനില്ക്കുന്ന ഉപബോധ മണ്ഡലത്തിലെ ഓര്‍മകളാണ്. എന്റെ ജീനുകളില്‍ അടിമത്വത്തിന്റെ അംശങ്ങള്‍ നിന്നു കത്തുന്നു. മാനസിക മോചനം പലപ്പോഴും തുറങ്കലിലാവുന്നു.
അപ്പോഴൊക്കെ ,കുറച്ചു സത്രീകളെ ഒഴിച്ചു നിര്‍ത്തിയാല്‍, ബാക്കി വരുന്ന ബഹുഭൂരിപക്ഷം സ്ത്രീകളുടെ അവസ്ഥയെപ്പറ്റി ചിന്തിക്കുന്നു. ഭാവിയുടെ വാഗ്ദാനങ്ങളായ പുതുതലമുറയിലെ പെണ്‍കുട്ടികളെക്കുറിച്ച് വ്യാകുലചിത്തയാകുന്നു.
ഒരുപാടു പേര്‍ വിദ്യാഭ്യാസം ചെയ്യുന്നുണ്ട് . പക്ഷേ വിദ്യാഭ്യാസം കേവലം പാഠപുസ്തകത്തിലുള്ളതുമാത്രമാകുന്നു. അതിനപ്പുറം സാമൂഹ്യബോധമോ രാഷട്രീയ വീക്ഷണമോ പലര്‍ക്കും ലഭിക്കുന്നില്ല. കിട്ടിയാല്‍ തന്നെ വേണ്ടെന്ന മനോഭാവവുമുണ്ട്. ഓരോ പെണ്‍കുട്ടിയും ഒറ്റപ്പെട്ട തുരുത്തിലാണ്. ആഗ്രഹങ്ങളുണ്ട് പക്ഷേ അവ യാഥാര്‍ത്ഥ്യമാക്കാനുള്ള ധൈര്യമുണ്ടാവുന്നില്ല.
വിദ്യാഭ്യാസവും തൊഴിലുമൊക്കെയുണ്ടാവുമ്പോള്‍ കുറേപ്പേര്‍ സാമ്പത്തിക സ്വാതന്ത്ര്യമനുഭവിക്കുന്നു. അപ്പോഴും മനസ്സ് വിറങ്ങലിച്ചു നില്ക്കുന്നു.
പല വേദികളിലും നിരീക്ഷിച്ചിട്ടുണ്ട് - അധ്യാപകരുടെ യോഗമായിക്കോട്ടെ, ഉദ്യോഗസ്ഥരുടേതായിക്കോട്ടെ ഭൂരിപക്ഷ അംഗങ്ങള്‍ സത്രീകളായിരിക്കുമ്പോഴും അവര്‍ നിശബ്ദതയുടെ പക്ഷത്താണ്. അവകാശങ്ങള്‍ ചോദിച്ചു വാങ്ങേണ്ട സമരമുഖത്തെന്നല്ല , ഒരു യാത്രയയപ്പു യോഗത്തില്‍ പോലും അവള്‍ നിശബ്ദയാവുന്നു. ആരും അവളെ ഭൗതികമായി തടയുന്നില്ല. തീര്‍ച്ചയായും തടയുന്നത് മാനസിക അടിമബോധമാണ്.
ഞാന്‍ സമൂഹത്തിന്റെ ഭാഗമാണ് , എനിക്ക് ചിലത് പറയാനുണ്ട്, പ്രവര്‍ത്തിക്കാനുണ്ട്, കൊടുക്കാനുണ്ട് എന്ന തോന്നലുണ്ടാവാന്‍ കാലങ്ങളെടുക്കും. അത്ര എളുപ്പം അവളിലേക്ക് സാമൂഹ്യബോധവും രാഷ്ട്രീയ ബോധവും ഉണ്ടാക്കിയെടുക്കാന്‍ സാധ്യമല്ല.
മാനസിക അടിമത്വത്തില്‍ നിന്നും മോചനം നേടിയാല്‍ മാത്രമേ സാമൂഹ്യ ജീവി എന്ന നിലയിലേക്ക് അവള്‍ ഉയരൂ.
വിദ്യാഭ്യാസം നേടാനും തൊഴിലിനും വേണ്ടി പുറത്തിറങ്ങുന്നതിലൂടെ , ചെറിയ ദൂരത്തിന്റെ മോചനം അവള്‍ നേടുന്നു. വളരെക്കുറച്ച് അജ്ഞത മാറുന്നു. സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് പ്രവേശിക്കുന്നു . പക്ഷേ, അപ്പോഴും മനസ്സ് നിന്നിടത്തു നില്ക്കുന്നു. നിലനില്ക്കുന്ന വ്യവസ്ഥയുമായി പൊരുത്തപ്പെട്ടു പോകാന്‍ ശീലിക്കുന്നു.
അത്ര എളുപ്പത്തില്‍ മനോമോചനം നേടാമെന്നും അതിലൂടെ സ്വാതന്ത്ര്യത്തിലേക്കും സമത്വത്തിലേക്കുമെത്താമെന്നും വ്യാമോഹിക്കുക വയ്യ !
ഓരോ പെണ്ണും മനസ്സിനെ സ്വതന്ത്രമാക്കാന്‍ ശ്രമിക്കുമ്പോള്‍ ജീനുകള്‍ തിരികെ വിളിക്കും. അതിലേറെ നിലനില്ക്കുന്ന സാമൂഹ്യ വ്യവസ്ഥിതി തിരികെ വിളിക്കും.
അപ്പോഴെല്ലാം 'അതു ഞാനല്ല , അതു ഞാനല്ല' എന്നു പറഞ്ഞു കൊണ്ടേയിരിക്കണം.
ഞാനുദ്ദേശിക്കുന്നിടത്ത് കാര്യങ്ങളെത്തിച്ചേരുമെങ്കില്‍ ഞാന്‍ അസാധാരണ ക്ഷമയുള്ളവളായിരിക്കും എന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന മാര്‍ഗറ്റ് താച്ചറുടെ വരികൾ ഓർമിക്കാം.
നമ്മുടേതായ സ്വാതന്ത്ര്യത്തിന്റെ ആകാശം തുറന്നു കിട്ടണമെങ്കില്‍ നാം അസാധാരാണ ക്ഷമയോടും സഹനത്തോടും കൂടി പ്രയത്‌നിക്കേണ്ടി വരും!
മൈനാകം 5 മൈന ഉമൈബാൻ

No comments: