Tuesday, December 14, 2010

ഇത്‌ വിശ്വസനീയമോ?

ഇന്നുച്ചയ്‌ക്ക്‌ ജയന്‍ അവണൂര്‍ എന്ന സുഹൃത്ത്‌ ഒരു കഷ്‌ണം പത്രവാര്‍ത്ത നേരിട്ടേല്‌പിച്ചതാണ്‌ ചുവടെ

വൃശ്‌ചികം പിറന്നു; പുഴ നീന്തി തട്ടേക്കാട്‌ നാഗരാജനെത്തി!

കോതമംഗലം: പതിവുതെറ്റിക്കാതെ വൃശ്‌ചികാരംഭത്തില്‍ പെരിയാര്‍ നീന്തിക്കടന്നു തട്ടേക്കാട്‌ മഹാദേവക്ഷേത്രാങ്കണത്തില്‍ 'നാഗരാജാവെ'ത്തി. വൃശ്‌ചികാരംഭത്തിലോ സംക്രാന്തി ദിനത്തിലോ പെരിയാര്‍ നീന്തിക്കടന്നെത്തുന്ന സര്‍പ്പം വര്‍ഷങ്ങളായി ഭക്‌തരെ അത്ഭുതപ്പെടുത്തുന്നു. ഇന്നലെ ഉച്ചയ്‌ക്കു പന്ത്രണ്ടോടെയാണു ചേലമലയില്‍നിന്നു രാജവെമ്പാല പെരിയാര്‍ നീന്തിക്കടന്നുവരുന്നതു നാട്ടുകാര്‍ കണ്ടത്‌. ക്ഷേത്രത്തിലെ സര്‍പ്പത്തറയ്‌ക്കു സമീപം, ക്ഷേത്രക്കുളത്തിനടുത്തു നാഗരാജാവിന്റെ സാന്നിധ്യമറിഞ്ഞു നിരവധി ഭക്‌തര്‍ ഇന്നലെ ദര്‍ശനത്തിനെത്തി. സര്‍പ്പരാജന്‍ തലയുയര്‍ത്തി നില്‍ക്കുന്ന

ക്ഷേത്രത്തിലെ സര്‍പ്പത്തറയ്‌ക്കു സമീപ്‌ം, ക്ഷേത്രക്കുളത്തിനോടടുത്ത്‌ നാഗരാജാവിന്റെ സാന്നിധ്യമറിഞ്ഞു നിരവധി ഭക്തര്‍ ഇന്നലെ ദര്‍ശനത്തിനെത്തി. സര്‍പ്പരാജന്‌ഡ തലയുയര്‍ത്തി നില്‍ക്കുന്ന ചിത്രം പലരും കാമറയില്‍ പകര്‍ത്തി. സര്‍പ്പത്തറയില്‍ മേല്‍ശാന്തിയുടെ നേതൃത്വത്തില്‍ വിളക്കു തെളിച്ചു പൂജകള്‍ നടത്തി.
ചേരരാജാക്കന്മാരുടെ സങ്കേതമായിരുന്ന ചേലമലയില്‍ നിന്ന്‌ അവരുടെ പൂര്‍വ്വികര്‍ മണ്ഡലകാലത്തു ക്ഷേത്രത്തില്‍ തങ്ങി ആരാധാന നടത്തിയിരുന്നതായാണു വിശ്വാസം. രാജവംശത്തിന്റെ പതനത്തിനുശേഷം നാഗരാജാക്കന്മാര്‍ പതിവു തെറ്റിക്കാതെ ഇവിടെയെത്തുന്നുവെന്നാണ്‌ ഐതീഹ്യം. വൃശചികത്തിലെ ആയില്യംനാള്‍ ക്ഷേത്രത്തില്‍ നാഗപ്രീതിക്കായി കളമെഴുത്തും പാട്ടും വഴിപാടുകളും നടത്തി വരുന്നു. -

ഈ വാര്‍ത്ത വായിച്ചപ്പോള്‍ എനിക്കല്‌പം പരിഭ്രമം തോന്നി. തന്നയാള്‍ വെട്ടി സൂക്ഷിച്ച്‌ കൊണ്ടുവന്നത്‌ ഞാന്‍ അനുകൂലിക്കുമെന്നു പ്രതീക്ഷിച്ചോ എന്ന്‌....

കൊല്ലംകൊല്ലം ഓര്‍ത്തിരുന്ന്‌ ക്ഷേത്രദര്‍ശനം നടത്താനുള്ള മസ്‌തിഷ്‌കമൊന്നും ഒരു പാമ്പിനുമില്ല


എന്റെ അറിവുവെച്ച്‌ ഇത്‌ വിശ്വസിക്കാന്‍ അല്‌പം പ്രയാസമുണ്ട്‌. രാജവെമ്പാല വരുമ്പോള്‍ ഫോട്ടോ എടുക്കാനും പ്രാര്‍ത്ഥിക്കാനും നില്‌ക്കുന്ന ആളുകള്‍...ഇവരാരാ വാവ സുരേഷോ?..

രാജവെമ്പാലയുടെ കടിയില്‍ നിന്നു രക്ഷപ്പെട്ടു എന്നു പറയുന്നത്‌ ബില്‍ ഹാസ്റ്റ്‌ മാത്രമാണ്‌.

ചെറുപ്പമുതല്‍ പാമ്പിന്‍ വിഷം നേരിയ തോതില്‍ ശരീരത്തില്‍ കുത്തിവെച്ചാണ്‌ ഈ പ്രതിരോധ ശക്തി ആര്‍ജിച്ചത്‌. വയനാട്ടിലെ ചൂരല്‍ മലയിലെ ജോര്‍ജ്ജ്‌ രാജവെമ്പല കടിച്ചിട്ടും രക്ഷപ്പെട്ടു എന്ന്‌ ഞാനും കേട്ടിട്ടുണ്ട്‌. പക്ഷേ ഇതിന്‌ ആധികാരിക രേഖകളില്ല. ബില്‍ഹാസ്റ്റ്‌ രക്ഷപെട്ടത്‌ മരുന്നു കൊണ്ടല്ല പ്രതിരോധ ശക്തികൊണ്ടാണെന്ന്‌ ഇവിടെയോര്‍ക്കേണ്ടതാണ്‌. (കടിയേറ്റാല്‍ 15 മിനിറ്റിലധികം ജീവിച്ചിരുന്നതായി കേട്ടിട്ടില്ല. എല്ലായ്‌പ്പോഴും പാമ്പുകടിക്കുമ്പോള്‍ വിഷമേല്‍ക്കണമെന്നില്ല- അതാവും ജോര്‍ജ്ജിനെ രക്ഷിച്ചത്‌‌.)

ഇങ്ങനെയുള്ള രാജവെമ്പാലയ്‌ക്കു മുന്നില്‍ ഭക്തര്‍ നിന്നത്രേ!
പുഴ നീന്തിക്കടന്നുവെന്ന്‌ വായിച്ചപ്പോള്‍ എനക്കങ്ങ്‌ കോരിത്തരിച്ചു...നമ്മടെ ചന്തു പണ്ട്‌ ഉണ്ണിയാര്‍ച്ചേടടുത്ത്‌ വന്നതോര്‍ത്തു പോയി...

ഇനി നാഗരാജന്‍ പുഴനീന്തിക്കടന്നു വന്നെന്നിരിക്കട്ടെ, പാരിസ്ഥിതികമായി വളരെ പ്രധാനപ്പെട്ട ഇടമാണ് തട്ടേക്കാട്. ഡോ. സാലിം അലി വൈല്‍ഡ് ലൈഫ് സ്വാങ്ചറി ഇവിടെയാണ്. ദേശാടനക്കിളികള്‍ക്ക് പ്രസിദ്ധമായി സ്ഥലം. മറ്റു ഭൂഖണ്ഡങ്ങളില്‍ നിന്നു വരെ പക്ഷികള്‍ പറന്നെത്തുന്നു. പിന്നെയാണോ രാജവെമ്പാല...ഭക്തി പുരട്ടാതെ ഈ പ്രദേശത്തിന്റെ പ്രത്യേകതയാവണമായിരുന്നു ഈ വാര്‍ത്തയില്‍ വരേണ്ടിയിരുന്നത്.

Monday, August 30, 2010

ചില കൊച്ചുകാര്യങ്ങളുമായി കാട്ടിലേക്ക്



കഴിഞ്ഞ കുറേദിവസമായിട്ടുള്ള മഴയില്‍, കൊമ്മഞ്ചേരി കോളനിയിലെത്തിപ്പെടാനാവുമോ എന്നായിരുന്നു ഞങ്ങളുടെ ആശങ്ക. ഈ കോളനി കാട്ടിനുള്ളിലാണ്. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ കുറിച്ച്യാട് റേഞ്ചില്‍ പെടുന്നിടം. കാട്ടിനുള്ളിലൂടെ ജീപ്പുപോകുന്ന വഴിയുണ്ട്. പക്ഷേ, പലയിടത്തും കമ്മ്യൂണിസ്റ്റ് പച്ച പടര്‍ന്നു പിടിച്ച് വഴി മൂടിപ്പോയിരുന്നു. ആനയുടെ കളിസ്ഥലം. വഴിയിലെങ്ങും ആനപ്പിണ്ടം. അട്ട. എന്നാലും അവിടെ പോയി കാണണം എന്നത് ഒരു വാശിതന്നെയായിരുന്നു.
ഓണ്‍ലൈന്‍, ബ്ലോഗ് സുഹൃത്തുക്കള്‍ വഴി ശേഖരിച്ച വസ്ത്രങ്ങളുമായി ഞങ്ങള്‍ വയനാട്
കുറിച്ച്യാട് റേഞ്ച് ഓഫീസിനു മുന്നില്‍ ഒത്തുകൂടി. ആഷ്‌ലി (ക്യാപ്റ്റന്‍ ഹഡോക്)അച്ഛനും അമ്മയും ചുളളത്തിയുമായിട്ടാണ് എത്തിയത്. മനോജും (നിരക്ഷരന്‍) സകുടുംബം. പിന്നെ സുനില്‍, ഞാന്‍...കുടുംബമാകാന്‍ മോളെക്കൂടി കൂട്ടേണ്ടിയിരുന്നു. അട്ട കടിക്കാനുള്ള ഭാഗ്യം അവള്‍ക്കുണ്ടായില്ല! എന്തു ചെയ്യാന്‍...


കുറച്ചു ദിവസമായി ഞങ്ങള്‍ കുറച്ച് സുഹൃത്തുക്കള്‍ ചേര്‍ന്ന് ചില കൊച്ചു കൊച്ചുകാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. തണുപ്പില്‍ ഉടുതുണിയില്ലാതെ പുതയ്ക്കാന്‍ ഒന്നുമില്ലാതെ...മുകളില്‍ മേല്‍ക്കൂരയില്ലാത്ത എത്രയോപേര്‍...ഇന്നും ഇങ്ങനെയുണ്ടോ എന്ന് അത്ഭുതപ്പെട്ടേക്കാം. ഉണ്ടെന്നതാണ് നേര്.

തണുപ്പനുഭവിച്ചു ജീവിക്കുന്നവര്‍ വയനാട്ടിലില്ലെന്ന് ചിലര്‍ പറഞ്ഞു. ആദിവാസികള്‍ നല്ലനിലയില്‍ ജോലിയെടുത്തും മറ്റും ജീവിക്കുന്നുപോലും!

ആദിവാസിയായി ജനിച്ചാല്‍ മതിയായിരുന്നെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. സര്‍ക്കാര്‍ അത്രയേറെ ഫണ്ടുചെലവാക്കുന്നു. വെറുതെ ഇരുന്നാല്‍ മതിയെന്ന അര്‍ത്ഥത്തില്‍...

എഴുതുക മാത്രമല്ല മുമ്പും ഇകൂട്ടായ്മയിലൂടെ ചിലത് ഞങ്ങള്‍ ചെയത്ിട്ടുണ്ട്. വസ്ത്രം ശേഖരിച്ചാലോ എന്നൊരു ആശയം തോന്നിയപ്പോഴാണ്് മനോജ് രവീന്ദ്രനോട്(നിരക്ഷരന്‍) സംസാരിച്ചത്.

ആഷ്്‌ലിയുടെയും മനോജിന്റെയും ഗൂഗിള്‍ ബസ്സിലൂടെ ഇത് വളര്‍ന്നു. ബസ്സ്‌ ചിരിയും തമാശയുമൊക്കെയായി മുന്നേറുന്നതാണ്‌ സാധാരണ കാണാറ്‌. പക്ഷേ, ബസ്സിനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നതാണ്‌ ഇവിടെ കണ്ടത്‌.

ബസ്സിലെ ചര്‍ച്ചയ്‌ക്കൊപ്പം എനിക്കു വന്ന സ്വകാര്യ മെയിലുകളില്‍ ഡ്രസ്സ്‌ വിതരണം വഴിതിരിച്ചുവിടാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. ചില സംഘടനകളുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുവാനും സംഘങ്ങളായി പ്രവര്‍ത്തിക്കുവാനും ഉപദേശിച്ചു. പക്ഷേ, ഈ ഓണ്‍ലൈന്‍ കൂട്ടായ്‌മയക്ക്‌ അപ്പുറത്തേക്കു പോകാന്‍ ആഗ്രഹിക്കാഞ്ഞതുകൊണ്ട്‌ നിശബ്ദത പാലിച്ചു

ശേഖരിക്കുന്ന തുണി ആര്‍ക്കു നല്കുമെന്ന ചോദ്യത്തിനുത്തരം കുഞ്ഞമ്മദിക്കയായിരുന്നു. കുഞ്ഞമ്മദിക്ക ഒറ്റയാള്‍ പട്ടാളമാണ്. ആദിവാസികള്‍ക്കും നാടിനും വേണ്ടി നിരന്തരം പോരാടിക്കൊണ്ടിരുക്കുന്നയാള്‍...

കുഞ്ഞമ്മദിക്ക വഴിയാണ് ഞങ്ങള്‍ കൊമ്മഞ്ചേരിയിലേക്കെത്തുന്നത്. കൊമ്മഞ്ചേരി വനത്തിലുള്ളിലായതുകൊണ്ട് വനം വകുപ്പില്‍ നിന്നുള്ള അനുമതി വേണം. കുറച്ചു തുണിയുമായി പോയ ഞങ്ങള്‍ വനവിഭവ മോഷണത്തിന് പ്രതിയാവാന്‍ പാടില്ല. മാവോ ലിസ്റ്റില്‍ പെടാന്‍ പാടില്ല. അനുമതിയില്ലാതെ വനത്തില്‍ പ്രവേശിച്ച് ആനയുടെ ചവിട്ടേറ്റ് ചാവാന്‍ പാടില്ല.
കേരളാ വനഗവേഷണ കേന്ദ്രത്തിലെ ഡോ ടി വി സജീവ് വഴി സൗത്ത് വയനാട് ഡി എഫ് ഒ സുനില്‍ കുമാര്‍, റേഞ്ച് ഓഫീസര്‍ രാജീവ് സാര്‍ ഞങ്ങള്‍ക്കനുമതി തന്നു. വനത്തില്‍ കടന്ന് സുരക്ഷിതമായി പുറത്തെത്തിക്കാന്‍ സദാനന്ദന്‍, സുരേന്ദ്രന്‍ എന്നീ ഉദ്യോഗസ്ഥര്‍ കൂട്ടുവന്നു. എന്തെല്ലാം കടമ്പകള്‍...പണ്ട് ആരോടും ചോദിക്കാതെ കാട്ടില്‍ കേറി...ആവശ്യമുള്ളതൊക്കെ പെറുക്കി പുറത്തു കടന്നല്ലേ..എത്രവട്ടം!

ആഷ്ലിയുടെ ചുളളത്തി മംമ്ത കുറിച്ച്യാട് റേഞ്ചോഫീസിനു മുന്നില്‍ നിന്ന പേരയില്‍ നിന്ന് പൊട്ടുപേരയ്ക്ക പറിച്ച് തീറ്റ തുടങ്ങി- വനവിഭവ ചൂഷണം. മൂക്കാത്ത പേരയ്്ക്കയോടാ മോള്‍ക്കു കമ്പമെന്ന് അമ്മയുടെ കമന്റ്. കോളനിയിലേക്ക് പോകാമ്പോള്‍ അച്ഛന്‍, അമ്മ , കുഞ്ഞുകുട്ടി പാരാധീനങ്ങളെയെല്ലാം ഒഴിവാക്കി പോകാനായിരുന്നു തീരമാനം. പക്ഷേ, ഭാഗ്യത്തിന് വനം വകുപ്പിന്റെ ആവശ്യത്തിനോടിക്കുന്ന ജീപ്പുകിട്ടി. കൊമ്മഞ്ചേരിയിലേക്കാവശ്യമായ ഡ്രസ്സ്, പായ്, കമ്പിളി, കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങളുമായി രണ്ടു ട്രിപ്പായി ജീപ്പില്‍...വണ്ടി കാട്ടിലേക്ക് കയറിയതേ ആനച്ചൂര്... അടുത്തെവിടെയോ പിണ്ടമിട്ടുപോയിട്ട് അധികനേരമായിട്ടില്ല. കടുവ ഇറങ്ങുന്ന ഇടം കൂടിയാണ്‌. കടുവാക്കാട്ടം ഫോട്ടോ ആഷ്‌ലി എടുത്തിട്ടുണ്ട്‌.
മനോജിന്റെ മകള്‍ നാലാംക്ലാസ്സുകാരി നേഹ കരച്ചില്‍ തുടങ്ങി. കാട്ടിലോ ജീപ്പിലോ ഇന്നേവരെ കയറിയിട്ടില്ല.

മഴ ഞങ്ങള്‍ക്കു വേണ്ടി തോര്‍ന്നതുപോലുണ്ടായിരുന്നു. തിരിച്ചുള്ള യാത്രയില്‍ ജീപ്പ്‌ ചെളിയില്‍ പൂണ്ടിട്ട്‌ തള്ളേണ്ടിവന്നു. ജീപ്പില്‍ കയറയവരൊക്കെ നന്നായി ബുദ്ധിമുട്ടി. ജീപ്പില്‍ കയറാതെ നടന്നു വന്ന എനിക്ക്‌ തള്ളേണ്ട ഗതികേട്‌ വന്നില്ല.
ഇനി എറങ്ങി നടന്നാല്‍ മതിയെന്ന ഡ്രൈവറുടെ വാക്കുകേട്ട് തുണിപായ്ക്കറ്റുകളും ചാക്കുകെട്ടുമായി ഇറങ്ങി.
സത്യം പറയാമല്ലോ ഈ യാത്രയിലെ താരങ്ങള്‍ എന്നു പറയേണ്ടത് ആഷ്ലിയുടെ അച്ഛനുമമ്മയുമാണ്. ക്യാപ്റ്റന്‍ ഹഡോക്, അച്ഛനോ മോനോ പ്രായക്കൂടുതല്‍?


ദൂരെ പട്ടിയുടെ കുരകേള്‍ക്കാം. ഒരു വയല്‍ക്കരയിലേക്കാണ് ചെന്നെത്തിയത്. പണ്ടെന്നോ വയലായിരുന്നു. ഇപ്പോള്‍ കാടുപിടിച്ചു കിടക്കുന്നു. വയലോരത്തായി മുളങ്കമ്പുകള്‍ നാട്ടിമറച്ച ആറു കുടിലുകള്‍, പുല്ലിന്റെ മേല്‍ക്കൂര, ചിലതിനു മുകളിലിട്ട പ്ലാസ്റ്റിക് ഷീറ്റ് പകുതിമുക്കാലും കീറിപ്പോയിരിക്കുന്നു. കുടിലന്റെ തിണ്ണയില്‍ ഒരു മുത്തി രണ്ടു വിറകുകഷ്ണങ്ങള്‍ കൂട്ടിവെച്ച് കനലുണ്ടാക്കി തീകായുന്നു. കുടുലിനുളളില്‍ മെഴുകിയ തറയല്ലാതെ ഒന്നുമില്ല. രണ്ടോ മൂന്നോ പാത്രങ്ങള്‍ മുറ്റത്ത് മഴകൊണ്ട് കിടപ്പുണ്ട്. മുററത്തു നിന്ന പ്ലാവില്‍ ചക്ക വിരിഞ്ഞു തുടങ്ങിയിട്ടേയുള്ളു!
ആ കുടിലുകള്‍ കണ്ടപ്പോള്‍ കുട്ടിക്കാലത്തുണ്ടാക്കിയ കളവീടിനെയാണ് ഓര്‍മ വന്നത്. മുന്നോ നാലോ പേര്‍ക്ക് കഷ്ടിച്ച് കിടക്കാം. നിന്നാല്‍ മേല്‍ക്കൂരയില്‍ തലമുട്ടും. പലപ്രായത്തിലുള്ള കുറേ കുട്ടികളുണ്ട്. പലരുടേയും പ്രായത്തില്‍ നോട്ടത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. മൂന്നു വയസ്സുകാരന്‍ എന്നു പറഞ്ഞ കുട്ടിയെ കണ്ടാല്‍ ആറുമാസം പോലും തോന്നിക്കില്ല. ചില കുട്ടികള്‍ എന്‍ഡോസള്‍ഫാന്‍ ദുരിതപ്രദേശത്തെ ഓര്‍മിപ്പിച്ചു.

കുഞ്ഞമ്മദിക്കയുടെ ശ്രമഫലമായി നാലുമാസം മുമ്പ് റേഷന്‍ കാര്‍ഡ് കിട്ടി ഇവര്‍ക്ക്. അതില്‍ പിന്നെ അരി കിട്ടുന്നുണ്ട്. ഒരു നേരം ചോറുവെയ്ക്കും. പിന്നെ കാട്ടുകിഴങ്ങുകുത്തി തിന്നും. കുടിലിനു ചുറ്റും മിക്കവാറും ആന വരും. പക്ഷേ, ഇന്നേവരെ ഉപദ്രവിച്ചിട്ടില്ലെന്ന് അവര്‍. അവരുടെ ദൈവം ഇവിടെയാണത്രേ! അതുകൊണ്ട് ഈ കാടുവിട്ട് എങ്ങും പോകാന്‍ കഴിയില്ലപോലും..

വയലിനോട് ചേര്‍ന്ന് കൊച്ചു കുളമുണ്ട്...തെളിനീര്...ചെണ്ടയുടേയോ മദ്ദളത്തിന്റെയോ സംഗീതം...കുറച്ചപ്പുറത്തുനിന്നാണ്. വയലില്‍ മേഞ്ഞു നടക്കുന്ന പശുക്കളുടേയും എരുമകളുടേയും കഴുത്തില്‍ കെട്ടിയിരിക്കുന്ന മണിയാണത്. തടികൊണ്ടുണ്ടാക്കിയ ആഭരണം. ഈ മാടുകള്‍ ഇവരുടേതല്ല. ചെതലയത്തുനിന്ന് നാട്ടുകാര്‍ മേയാന്‍ കൊണ്ടു വിട്ടിരിക്കുന്നതാണ്.

കുഞ്ഞമ്മദിക്ക ഓരോരുത്തരെയും പേരുവിളിച്ച് പാകത്തിനുള്ള ഡ്രസ്സെടുത്തു കൊടുത്തു. പ്രായം കൂടിയവര്‍ക്ക് കമ്പിളി, എല്ലാ വീട്ടിലും പായ്, കുട്ടികള്‍ക്കെല്ലാവര്‍ക്കും കളിപ്പാട്ടങ്ങള്‍...പതിനാലോ പതിനഞ്ചോ വയസ്സുള്ള പെണ്‍കുട്ടി പാവക്കുട്ടിയെ നോക്കി നില്‍ക്കുന്ന കാഴ്ച മറക്കാനാവില്ല.

കുഞ്ഞമ്മദിക്ക തലേന്നാണ് രോഗം ബാധിച്ച മാരന്‍ മുത്തനെ ഈ ദൂരമത്രയും എടുത്ത് ചേനാട് അടുത്തുള്ള നെല്ലിമൂല കോളനിയിലെത്തിച്ചത്.

ജീപ്പില്‍ നിന്നിറങ്ങി കുറച്ചേ നടന്നുള്ളുവെങ്കിലും കാലില്‍ ചോര കുടിച്ചു വീര്‍ത്തു വരുന്ന അട്ടകള്‍...മനോജും ആഷ്ലിയുമൊക്കെ ഷൂവും സോക്‌സുമിട്ടിരുന്നിട്ടും അട്ട കടിച്ചു. ഷൂവും സോക്‌സും കണ്ടിട്ടാവണം മനോജിന്റെ കൈയ്യില്‍ നിന്നാണ് ചോരയൊഴുകുന്നത്. അട്ട കൈയ്യിലെത്തിയത് എപ്പോഴെന്ന് ആരുകണ്ടു? നേഹയാണ് പ്രയാസപ്പെട്ടുപോയത്.

ഈ സ്ഥലം ആരാച്ഛാ കണ്ടുപിടിച്ചതെന്ന് ചോദിച്ചു കൊണ്ടിരുന്നു. ചെളി ചവിട്ടി അഴുക്കായ അവളോട് വെള്ളമുള്ളിടത്ത് ചെന്ന് കഴുകിക്കളയാമെന്ന് ഗീത ആശ്വസിപ്പിക്കുമ്പോഴാണ് അട്ട കടിക്കുന്നത്. ചോര നിലക്കണ്ടേ..അടുത്ത കോളനിയില്‍ പോയി മടങ്ങി വന്നിട്ടും ചോര നിന്നില്ല.

മുമ്പേ നടക്കുന്നവര്‍ ഭാഗ്യവാന്മാര്‍...അവരുടെ രക്തത്തിന്റെ മണം ശ്വസിച്ച് പുറകെ വരുന്നവരെയേ കടിക്കൂ...

ഇതെഴുതികൊണ്ടിരിക്കുമ്പോള്‍ സുനില്‍ ചൊറിഞ്ഞുകൊണ്ട് ചോദിക്കുന്നു
വല്ല മരുന്നുമുണ്ടോ നിന്റെ കൈയ്യില്‍...എനിക്ക് ചൊറിഞ്ഞിട്ട് ഇരിക്കാമ്മേലാ...

വിഷചികിത്സകയാണെന്ന് പറഞ്ഞിട്ട് ഇതിനു മരുന്നു തന്നില്ലെങ്കില്‍ ഇക്കാര്യം പറഞ്ഞ് ബ്ലോഗിലൊരു പോസ്റ്റിട്ട് നാണംകെടുത്തും (ഭീഷണി)

വീട്ടില്‍ പോയി നോക്കുമ്പോള്‍ മനോജിനെ നാല് അട്ട കടിച്ചെന്നും, അതേസമയം ആഷ്്‌ലിയെ കടിച്ച അട്ടകളെല്ലാം പുതിയ പല്ലുവെയ്ക്കാന്‍ ദന്താശുപത്രിയില്‍ പോയെന്നുമാണ് വാര്‍ത്തകള്‍.

നന്നാറിയും മഞ്ഞളും നെയ്യ്ില്‍ അരച്ചു പുരട്ടിയാല്‍ അട്ടവിഷം കെടും. ഉപ്പുവെള്ളത്തില്‍ കഴുകാം. വെള്ളെരുക്കിന്‍വേര്‍ അരച്ചു കഴിച്ചാലും മതി.
രക്തസ്രാവം നില്ക്കുന്നില്ലെങ്കില്‍ മുളയില്‍ മുളച്ച കൂണരച്ചിട്ടാല്‍ മതി.

ഡ്രസ്സു തരുന്നവര്‍ അടുത്ത പ്രാവശ്യം കുറച്ച് ഉപ്പും പുകയിലയും കൂടി തരണേ..

പക്ഷേ, ഒരു കാര്യം ശ്രദ്ധിച്ചു. ഞങ്ങള്‍ പെണ്ണുങ്ങളെ അട്ട കാര്യമായി ആക്രമിച്ചിട്ടില്ല. തിരിച്ചു വരുമ്പോള്‍ നടക്കുകയായിരുന്നിട്ടും സുനിലിന്റെ കാലില്‍ നിറച്ച് അട്ടയായിരുന്നിട്ടും ഞാന്‍ എങ്ങനെ രക്ഷപെട്ടു?

അടുത്തത് നെല്ലിമൂല കോളനിയിലേക്കായിരുന്നു. ഭേദപ്പെട്ട വീടുണ്ട്. പക്ഷേ, ഓരോ വീട്ടിലുമുള്ള ആളുകളുടെ എണ്ണം വെച്ചുനോക്കുമ്പോള്‍ ചോരാതെ കിടക്കാം. അത്രമാത്രം. പത്തു വയസ്സുണ്ടെന്നു പറഞ്ഞ അനൂപിനെ കണ്ടാല്‍ രണ്ടു വയസ്സു തോന്നിക്കില്ല. എഴുന്നേറ്റു നില്ക്കും. ഉടുപ്പ് കൊടുത്തപ്പോള്‍ അവന്‍ ഉടുപ്പ് എന്നു പറഞ്ഞു. അവന് കളിക്കാന്‍ കിട്ടിയത് ഒരു സിംഹത്തെയാണ്. പഷു...പഷു....അവന്‍ പറഞ്ഞുകൊണ്ടിരുന്നു.

പശുവല്ല...സിംഹം..സിംഹം..മനോജ് മനസ്സിലാക്കിക്കാന്‍ ശ്രമിച്ചു നോക്കി...
അവനപ്പോഴും പഷു...പഷു..

ഒരു വീടിന്റെ ചായ്പിലാണ് മാരന്‍ മൂത്തന്‍ പഴഞ്ചാക്കു വരിച്ച്്് ഇരുന്നിരുന്നത്. എന്തോ കാര്യമായ അസുഖമുണ്ട്്്. കിടക്കാനുള്ള സ്ഥലമില്ല. മഴയൊന്ന് ആഞ്ഞുപെയ്താല്‍ അവിടം നനയും. അടുത്ത് തീകൂട്ടി കൊടുത്തിട്ടുണ്ട്.

അവിടുത്തെ കുട്ടികള്‍ സ്‌കൂളില്‍ പോകുന്നുണ്ട്. കൊമ്മഞ്ചേരി കോളനിയില്‍ പല പ്രായക്കാരായ കുട്ടികളുണ്ടായിട്ടും അവര്‍ക്ക് സ്‌കൂളില്‍ പോകാനോ അക്ഷരം പഠിക്കാനോ വഴിയില്ല. ആരും അങ്ങോട്ടു പോയി പഠിപ്പിക്കുമെന്നും കരുതണ്ട.
എല്ലാവരും വസ്ത്രം ധരിച്ചിട്ടുണ്ട്. പക്ഷേ, അഴുക്കുപിടിച്ചതും പിഞ്ഞിത്തുടങ്ങിയവയുമായിരുന്നു. ഒന്നു രണ്ടു കൂട്ടികള്‍ പൂര്‍ണ്ണമായും നഗ്നരായിരുന്നു. വണ്ടിയിലിരിക്കുന്ന തുണിയുടെ എണ്ണം നോക്കിയില്‍ രണ്ടു ദിവസം നിന്നു കൊടുക്കുവാനുണ്ട്. കുഞ്ഞമ്മദിക്കായെ ഏല്പിക്കാന്‍ തീരുമാനിച്ചു. വഴിയില്‍ കണ്ടവരോട് അദ്ദേഹം പറയുകയും ചെയ്തു വീട്ടിലേക്ക് പോന്നോളാന്‍...

വോയ്‌സ് ഓഫ് ഇരുളം

ഒരു ഇംഗ്ലീഷ് പത്രത്തിന്റെ ലേഖകന്‍ കുഞ്ഞഹമ്മദിക്കയെ വിശേഷിപ്പിച്ചത് വോയ്‌സ് ഓഫ് ഇരുളം എന്നായിരുന്നു.

കുഞ്ഞമ്മദിക്ക ഒരു കൂലിപ്പണിക്കാരനാണ്. ഭാര്യയും രണ്ടു പെണ്‍കുട്ടികളുമുണ്ട്. ആഴ്ചയില്‍ അഞ്ചു ദിവസവും ആദിവാസികള്‍ക്കു വേണ്ടി കഷ്ടപ്പെടുന്നു. രണ്ടു ദിവസം കൂലിപ്പണിക്കുപോകും സ്വന്തം വീട്ടില്‍ അരിവാങ്ങാന്‍.

ഭാര്യയ്‌ക്കോ മക്കള്‍ക്കോ ഒരെതിര്‍പ്പൊന്നുമില്ലെങ്കിലും വീട്ടിലെ റേഷന്‍ കാര്‍ഡ് ഭാര്യ ഒളിപ്പിച്ചു വെച്ചിരിക്കുകയാണ്. വീട്ടിലേക്ക് അരി വാങ്ങി വരുമ്പോഴായിരിക്കും ആരെങ്കിലും പട്ടിണിയാണെന്നറിയുന്നത്. അരി വീട്ടിലെത്തില്ല. പട്ടിണി സ്വന്തം വീട്ടിലാവും. ഭാര്യ ഇപ്പോള്‍ പണിക്കു പോകുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം വരെ സ്വന്തമായി വീടില്ലായിരുന്നു. ആദിവാസി കുടിലിനേക്കാള്‍ കഷ്ടമായിരുന്നു കുഞ്ഞമ്മദിക്കയുടെ കുടിലെന്ന് കഴിഞ്ഞ വര്‍ഷം വീട്ടില്‍ പോയ സുനില്‍ പറഞ്ഞു. ഇപ്പോള്‍ ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് വീടനുവദിച്ചു. പണി പൂര്‍ത്തിയിട്ടില്ലെങ്കിലും ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ വീടുണ്ട്.

കുറച്ചുനാള്‍ മുമ്പ് സുനിലിന് കുഞ്ഞമ്മദിക്കയുടെ ഫോണ്‍ വന്നത് ഓര്‍ക്കുന്നു. ഒരു സന്തോഷവാര്‍ത്ത അറിയിക്കാനുണ്ടുപോലും! മകളെ നിയമപരമായി മൊഴിചൊല്ലിക്കഴിഞ്ഞു! ആകെ മൂന്നുമാസത്തെ ദാമ്പത്യം. ഒരു ലക്ഷം രൂപയും പതിനഞ്ചും പവനും കൊടുത്തു. തിരിച്ചെന്തുകിട്ടിയെന്നു ചോദിച്ചാല്‍ കുഞ്ഞമ്മദിക്കയുടെ ജീവിതത്തിലേക്ക് ഒരു പെണ്‍കുഞ്ഞിനെക്കൂടി ലഭിച്ചു.
ഇളയ മകള്‍ക്ക് ഇപ്പോള്‍ വിവാഹോലോചന നടക്കുന്നു. വീടും സ്ഥലവും വില്ക്കണം.
രണ്ടുമക്കളും പത്താംക്ലാസ്സുവരെയാണ് പഠിച്ചത്. ഇളയമകളിപ്പോള്‍ കൂലിക്ക് തൈയ്ക്കാന്‍ പോകുന്നുണ്ട്. സ്വന്തമായി ഒരു മെഷിന്‍ വാങ്ങികൊടുക്കണമെന്നുണ്ട്. പക്ഷേ, കുഞ്ഞമ്മഹമ്മദിക്കയ്ക്ക് അത് സാധിച്ചു കൊള്ളണമെന്നില്ല. കുഞ്ഞമ്മദിക്കയെയോ അദ്ദേഹം എന്തിനും ഓടിയെത്തുന്ന ആളുകളെയോ അധികമാരുമറിയില്ല.
പലപ്പോഴും നമ്മുടെയൊക്കെ ധാരണ ആദിവാസികള്‍ക്കുവേണ്ടി ധാരാളം ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടല്ലോ എന്നാണ്് . അതൊന്നും കൃത്യമായി അവരിലെത്തുന്നില്ല..കാട്ടിനുള്ളില്‍ ജീവിക്കുന്ന പലര്‍ക്കും റേഷന്‍ കാര്‍ഡില്ല. റേഷന്‍ കാര്‍ഡില്ലാതെ എന്തു സര്‍ക്കാര്‍ സഹായം കിട്ടാന്‍...കുഞ്ഞമ്മദിക്കയുടെ നിരന്തരപ്രയത്‌നം കൊണ്ട് ചിലര്‍ക്ക് റേഷന്‍ കാര്‍ഡ് കിട്ടിയിട്ടുണ്ട്. ആഴ്ചയില്‍ ഒരാള്‍ക്ക് രണ്ടു കിലോ അരികിട്ടും. അതുകൊണ്ട് ഒരു നേരമാണ് പലരുടേയും ഭക്ഷണം.

കൊമ്മഞ്ചേരിയില്‍ പോയപ്പോള്‍ തോന്നിയത് അവിടുത്തെ മനുഷ്യര്‍ ഒരു തരത്തിലും പരിഷ്‌കൃതസമൂഹ ജീവിതവുമായി അടുത്തിട്ടില്ലെന്നാണ്.
അവര്‍ക്ക് വിദ്യാഭ്യാസം നല്കാന്‍, ഭക്ഷണം ലഭിക്കാന്‍, ചികിത്സ ലഭിക്കാന്‍, ഏതൊരു മനുഷ്യന്റെയും അടിസ്ഥാന ആവശ്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയില്ലേ? ഒരു പക്ഷേ ചോദിച്ചു വാങ്ങാന്‍ അവര്‍ക്ക് സമരമുറകളോ വാക്കുകളോ ഉണ്ടാവില്ല. ഇപ്പോള്‍ ചില കാര്യങ്ങളെങ്കിലും ആവശ്യപ്പെടാന്‍ കുഞ്ഞഹമ്മദിക്കയുണ്ട്. അതുകൊണ്ടുതന്നെ പലരുടേയും ശത്രുവുമാണ്.

നമ്മള്‍ ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ കുറച്ചു തുണികൊടുക്കുന്നതുകൊണ്ട് കിടക്കാന്‍ പായ കൊടുത്തതുകൊണ്ടോ തീരുന്നതല്ല പ്രശ്‌നങ്ങള്‍...നമുക്ക് കുഞ്ഞഹമ്മദിക്കക്കൊപ്പം നില്ക്കാന്‍ ശ്രമിക്കാം.

സദാസമയവും സെല്‍ഫോണിലേയ്ക്ക് ഒതുങ്ങിക്കൂടി, എസ്.എം.എസും ബ്ലോഗിംഗുമൊക്കെയായി കഴിഞ്ഞുകൂടുന്ന ഒരു തലമുറ ജീവിത യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാതെ യാണെന്നാണ്‌ പലരുടേയും വിലയിരുത്തല്‍. ആധുനിക വാര്‍ത്താ വിനിമയ സൗകര്യങ്ങള്‍ പ്രദാനം ചെയ്ത വലിയൊരു ശൃംഖലയുടെ കണ്ണികളായി മാറി വെല്‍ കണക്ടഡ് എന്ന ആധുനികതയിലൂടെ അവര്‍ വിശ്വപൗരന്മാരായി യാണെന്നാണ്‌ ഈ പ്രവര്‍ത്തനം തെളിയിക്കുന്നത്‌.
അരാജകത്വത്തിലും അരക്ഷിതാവസ്ഥയിലും പെട്ട ഒരുപറ്റം യുവജനങ്ങളുണ്ടാവാം. പക്ഷേ, അതിനേക്കാളേറെ ഭൂമിയുടെ ഏതു കോണിലായാലും തനിക്കു ചുററുമുളളത് കാണാന്‍ കാഴ്ചയുളളവരുമായ ഒരുപാടുപേരുണ്ടെന്ന് തിരിച്ചറിയുന്നു.

മടങ്ങി വരുമ്പോള്‍ വയനാടു കടക്കും മുമ്പേ കുഞ്ഞമ്മദിക്കയുടെ ഫോണ്‍ വന്നു. ഏല്പ്പിച്ചിരുന്ന തുണിയൊക്കെ തീര്‍ന്നു. കുറേപ്പേര്‍ക്ക് കിട്ടിയിട്ടില്ല.
ഞങ്ങള്‍ ഉടനെ വരുന്നുണ്ട്.
പിന്നെ നമ്മളെക്കുറിച്ച് നാട്ടുകാരുടെ വിലയിരുത്തലുണ്ട്.
അവര് NDF കാരാ...കൈവെട്ടിയ കൂട്ടര്‍...
അപ്പോ അച്ഛനുമമ്മയും പെണ്ണുങ്ങളുമൊക്കെയുണ്ടായിരുന്നല്ലോ...
എന്നാല്‍ മാവോ....ഒരു സംശയവുമില്ല.

Monday, August 2, 2010

ചില കൊച്ചു കൊച്ചു കാര്യങ്ങള്‍


തണുപ്പ് എനിക്കെന്തായിരുന്നുവെന്ന് ചിന്തിച്ചു നോക്കിയത് ഒരുപക്ഷേ, കുഞ്ഞമ്മദിക്കായുമായി സംസാരിച്ചപ്പോഴായിരിക്കണം. തണുപ്പറിഞ്ഞത്് മറയൂരിലെ കുട്ടിക്കാലത്തായിരുന്നു. വൃശ്ചികം ധനുമാസങ്ങളില്‍ അസ്ഥിമരക്കുന്ന തണുപ്പായിരുന്നു. എനിക്കന്നൊക്കെ രാവിലെ കുളിക്കുകയെന്നാല്‍ എന്തൊരു മടിയായിരുന്നെന്നോ..ചൂടുവെളളമല്ല..ഐസായിക്കിടന്ന വെള്ളമെടുത്തു കുളിക്കണമായിരുന്നു. പലപ്പോഴും മടിക്കുന്നതു കാണുമ്പോള്‍ അമ്മച്ചി തലവഴി വെളളം കോരിയൊഴിക്കും.

കുളിക്കാന്‍ തലയില്‍ എണ്ണതേയ്ക്കുമ്പോഴാണ് രസം. കട്ടപിടിച്ചിരിക്കുന്ന വെളിച്ചെണ്ണ അടുപ്പിനടുത്ത് വെച്ച് ചൂടാക്കി ദ്രാവകരൂപത്തിലേക്കാക്കി ഉള്ളം കൈയ്യിലേക്കൊഴിക്കുമ്പോഴേക്കും കട്ടപിടിക്കും. അതു തലയില്‍ തേച്ചാലോ മുടിയില്‍ അപ്പുപ്പന്‍ താടികള്‍ പറന്നിരുന്ന പോലെ...

അടിയുറപ്പുള്ള വീടായിരുന്നു. നാലുചുവരുകള്‍ക്കും നല്ല ബലമുണ്ടായിരുന്നു. മികച്ച മേച്ചിലായിരുന്നു. ജനലുകള്‍ക്കും കതകുകള്‍ക്കും ഉറപ്പുണ്ടായിരുന്നു. പറമ്പിനു ചുറ്റും കൊങ്ങിണിയും കമ്മട്ടിപ്പത്തലും നാട്ടിയ വേലിയുണ്ടായിരുന്നു. എന്നിട്ടും ആ രാത്രികളില്‍ ഈ ബലങ്ങളെയെല്ലാം നിഷ്്പ്രഭമാക്കി തണുപ്പ് ഞങ്ങളുടെ അടുത്തെത്തി. തലേരാത്രിയിലെ തണുപ്പോര്‍ത്ത് പഴയ പാന്‍സെടുത്തിടും. സ്വെറ്ററിടും, മങ്കിത്തൊപ്പിവെയ്ക്കും. കട്ടിലില്‍ ഞാനുമനിയത്തിയും കറുത്തകമ്പിളിക്കുള്ളില്‍ കെട്ടിപ്പിടിച്ചു കിടക്കും. എന്നിട്ടും ഞങ്ങളുടെ മേല്‍ തണുപ്പു തുളച്ചു കയറി.... ഞങ്ങളുടെ വസ്ത്രങ്ങള്‍ക്കോ പുതപ്പിനോ വീടിനോ വേലിക്കോ തണുപ്പിനെ തടുക്കാനായില്ല. പലരാത്രികളിലും തണുപ്പുകൊണ്ടെനിക്കുറങ്ങാന്‍ പറ്റിയിരുന്നില്ല. കമ്പിളിക്കുള്ളില്‍ ഞങ്ങള്‍ ഞെളിപിരികൊണ്ടു.

ഒരു ചാക്കു കിട്ടിയിരുന്നെങ്കില്‍ അതിനുള്ളില്‍ കയറിക്കൂടാമെന്നു തോന്നിയ രാത്രികള്‍...
എങ്കിലും സുരക്ഷിതത്വത്തിന്റെ തണുപ്പായിരുന്നു അന്നനുഭവിച്ചതെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു.

അത്തരം തണുപ്പില്‍ ഉടുതുണിയില്ലാതെ പുതയ്ക്കാന്‍ ഒന്നുമില്ലാതെ...മുകളില്‍ മേല്‍ക്കൂരയില്ലാത്ത എത്രയോപേര്‍...ഇന്നും ഇങ്ങനെയുണ്ടോ എന്ന് അത്ഭുതപ്പെട്ടേക്കാം. ഉണ്ടെന്നതാണ് നേര്.

പ്രവാസിയായ സുഹൃത്ത് നാട്ടിലേക്കുളള ഓരോ യാത്രയിലും ബ്ലാങ്കറ്റ് നിര്‍ബന്ധമായും വാങ്ങിയിരുന്നു എന്നു പറഞ്ഞതോര്‍ക്കുന്നു. ആ ബ്ലാങ്കറ്റുകള്‍ അടുത്തുളള ആവശ്യക്കാര്‍ക്കു കൊടുക്കാറാണ്. കാരണം ചെറുപ്പത്തില്‍ തണുപ്പെന്താണെന്ന് അവന്‍ അറിഞ്ഞിരുന്നു.

കുറച്ചു ദിവസമായി ഞങ്ങള്‍ കുറച്ച് സുഹൃത്തുക്കള്‍ ചേര്‍ന്ന് ചില കൊച്ചു കൊച്ചുകാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അതിന് കാരണമായത് മാതൃഭൂമിയിലെ ഈ കോളമാണ്. കുഞ്ഞുടുപ്പുകളുടെ നഷ്ടം, ദഹിക്കാതെ പോയത് തുടങ്ങിയ കുറിപ്പുകള്‍ക്ക് കമന്റായും മെയിലായും ഒരുപാട് പ്രതികരണങ്ങള്‍ കിട്ടിയിരുന്നു. പലരും എന്തെങ്കിലും ചെയ്യാന്‍ തയ്യാറായിരുന്നു. ചിലരെങ്കിലും സമൂഹത്തിന്റെ ഒരുമൂലയിലേക്ക് ഒതുങ്ങിപ്പോയവര്‍ക്കുവേണ്ടി എന്തുചെയ്തു എന്നു ചോദിച്ചു. മറ്റു ചിലരാകട്ടെ, അവര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് എന്തുകൊണ്ടു പ്രതികരിച്ചില്ല എന്നും. എഴുതുക മാത്രമല്ല മുമ്പും ഇകൂട്ടായ്മയിലൂടെ ചിലത് ഞങ്ങള്‍ ചെയത്ിട്ടുണ്ട്. വസ്ത്രം ശേഖരിച്ചാലോ എന്നൊരു ആശയം തോന്നിയപ്പോഴാണ്് മനോജ് രവീന്ദ്രനോട്(നിരക്ഷരന്‍) സംസാരിച്ചത്.


അടുത്ത ദിവസം മനോജ് ഗൂഗള്‍ ബസ്സില്‍ ചര്‍ച്ചയ്ക്കുവെച്ചു. അമ്പരപ്പിക്കുന്ന പ്രതികരണമായിരുന്നു. വസ്ത്രം ശേഖരിക്കാം എന്നു തീരുമാനിക്കുമ്പോള്‍ അതില്‍ ഒരുപാടു പ്രശ്‌നങ്ങളുണ്ട്. പുതിയതും പഴയതുമായ് വസ്ത്രം ശേഖരക്കാം. പക്ഷേ പഴയതെന്നു പറയുമ്പോള്‍ ഉപയോഗിച്ച് പഴകി പിഞ്ഞിത്തുടങ്ങിയവ ആവശ്യമില്ല. കമ്പിളി മുതല്‍ എന്തുമാവാം പക്ഷേ, കേടുപാടുകള്‍ ഉളളതാവരുത്. ഒരു ബട്ടണ്‍ പോയതുപോലും വേണ്ട. തരുന്നവര്‍ കഴുകി വൃത്തിയാക്കിവേണം തരാന്‍.

വയനാട്ടില്‍ കാട്ടിനുളളില്‍ ജീവിക്കുന്ന ആദിവാസികളെ കണ്ടപ്പോള്‍ കുട്ടികള്‍ പലരും പൂര്‍ണ്ണമായും നഗ്‌നരായിരുന്നു എന്ന് സര്‍ക്കാരിന്റെ ആശ്രയപദ്ധതിയുടെ ഭാഗമായി നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്ത ബന്ധുപറഞ്ഞു . ഇടുവാന്‍ വസ്ത്രമില്ലാഞ്ഞിട്ടു തന്നെയായിരുന്നു അത്. വസ്ത്രമുളളവര്‍ തന്നെ അങ്ങേയറ്റം കീറി പറിഞ്ഞ വേഷക്കാര്‍...

ഏതാണ്ട്് ഇതേ അനുഭവം തന്നെയാണ് കുഞ്ഞമ്മദിക്ക പറഞ്ഞതും.
ശേഖരിക്കുന്ന തുണി ആര്‍ക്കു നല്കുമെന്നതിന് ആദ്യം ഇവര്‍ക്ക് എന്ന തീരുമാനത്തിലാണ് കുഞ്ഞമ്മദിക്കയോട് ചോദിച്ചു നോക്കാം എന്നു വിചാരിച്ചത്.

അദ്ദേഹത്തോട് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ എല്ലാ സഹായവും ചെയ്തു തരാമെന്നു പറഞ്ഞു.

കുഞ്ഞമ്മദിക്ക ഒരു കൂലിപ്പണിക്കാരനാണ്. ഭാര്യയും രണ്ടു പെണ്‍കുട്ടികളുമുണ്ട്. സത്യം പറയാമല്ലോ ആ മനുഷ്യനു മുന്നില്‍ നമ്മുടെ ലോകം എത്ര ചെറുതാണ് എന്ന തോന്നല്‍. ആഴ്ചയില്‍ അഞ്ചു ദിവസവും ആദിവാസികള്‍ക്കു വേണ്ടി കഷ്ടപ്പെടുന്നു. രണ്ടു ദിവസത്തെ പണം സ്വന്തം വീട്ടില്‍ അരിവാങ്ങാനും. ചില കോളനികളില്‍ കഴിഞ്ഞ വര്‍ഷം അദ്ദേഹം കൊടുത്ത മകളുടെ ഉടുപ്പ് തന്നെ ഇപ്പോഴും. .. പ്രസവിച്ചു കിടക്കുന്ന ഒരു സ്ത്രീ മഴയില്‍ നനഞ്ഞ നിലത്ത് പഴകി കീറിയ സാരി വിരിച്ചാണത്രേ കിടക്കുന്നത്. കാട്ടിനുള്ളില്‍ പ്ലാസ്റ്റിക് കൂടാരമുണ്ടാക്കിയാണ് ഇവരുടെ താമസം. ഒരു ദിവസം നിങ്ങള്‍ വരൂ എന്നിട്ട് അവര്‍ ജീവിക്കുന്നത് ഒന്ന് കാണൂ എന്നാണ് കുഞ്ഞമ്മദിക്ക പറയുന്നത്. അദ്ദേഹത്തെ പൂര്‍ണ്ണമായും ഞങ്ങള്‍ വിശ്വസിക്കുന്നു.

പലപ്പോഴും നമ്മുടെയൊക്കെ ധാരണ ആദിവാസികള്‍ക്കുവേണ്ടി ധാരാളം ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടല്ലോ എന്നാണ്് . അതൊന്നും കൃത്യമായി അവരിലെത്തുന്നില്ല..കാട്ടിനുള്ളില്‍ ജീവിക്കുന്ന പലര്‍ക്കും റേഷന്‍ കാര്‍ഡില്ല. റേഷന്‍ കാര്‍ഡില്ലാതെ എന്തു സര്‍ക്കാര്‍ സഹായം കിട്ടാന്‍...കുഞ്ഞമ്മദിക്കയുടെ നിരന്തരപ്രയത്‌നം കൊണ്ട് ചിലര്‍ക്ക് റേഷന്‍ കാര്‍ഡ് കിട്ടിയിട്ടുണ്ട്. ആഴ്ചയില്‍ 10 കിലോ അരികിട്ടും. അതുകൊണ്ട് ഒരു നേരമാണ് പലരുടേയും ഭക്ഷണം.

വസ്ത്രം ശേഖരിക്കുന്നു എന്നറിഞ്ഞപ്പോള്‍ വയനാട്ടിലെ കൂട്ടുകാരിചേച്ചി പറഞ്ഞത് അവരുടെ പരിചയത്തില്‍ കുറെ HIV + ve കാരുണ്ടെന്നാണ്. എല്ലാവരും നിര്‍ധനര്‍..മരുന്നുപോലും വാങ്ങാന്‍ കഴിയാത്തവര്‍..എന്താണു രോഗമെന്നറിയാത്തവര്‍...മരുന്നിനൊപ്പം വസ് ത്രം അവരുടേയും പ്രധാന പ്രശ്‌നമാണ്.

എന്തായാലും വസ്ത്രശേഖരണം തുടങ്ങിക്കഴിഞ്ഞു. ആദ്യമായി തുടക്കം കുറിച്ചത് ബാംഗഌരുവിലെ ആഷ്‌ലിയായിരുന്നു.

ആഷ്‌ലിയുടെ വാക്കുകള്‍ ഇതാ...

'കൊറേ ആള്‍ക്കാര്‍ വസ്ത്രങ്ങള്‍ കഴുകി ഡ്രൈ ക്ലീന്‍ ചെയ്യിച്ചു അയണ്‍ ചെയ്താണ് കൊണ്ട് വന്നത്. ചില ഡ്രെസ്സുകള്‍, ഞാന്‍ ഓഫീസില്‍ ഇടുന്ന സൊ കോള്‍ഡ് കോര്‍പ്പറേറ്വെയറിയേക്കാള്‍ നല്ലവ.

ഇത് പറയാന്‍ കാരണം, ഇതിനു സഹകരിച്ചവര്‍, വേണ്ടാത്ത അല്ലെങ്കില്‍ ഉപയോഗിയ്ക്കാന്‍ കഴിയാത്ത ഡ്രസ്സ് ഒഴിവാക്കാന്‍ വേണ്ടി അല്ല നമ്മുടെ കയ്യില്‍ തന്നത്. ഫോര്‍ ഉദാഹരണം : നമ്മുടെ പാത്രത്തില്‍ രണ്ടു ഇഡലി (ഫോര്‍ നോണ്‍ വെജ് ആള്‍ക്കാര്‍, രണ്ടു ചിക്കന്‍ പീസ്) ഒരെണ്ണം, അടുത്ത് ഇരിയ്ക്കുന്ന കൂടപിറപ്പിന് കൊടുക്കുന്ന അതെ സ്‌നേഹത്തോടെ, നല്ലത് നോക്കിയാണ് തന്നത്. ഞാന്‍ ഈ പരിപാടി പറഞ്ഞു വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോ എന്റെ ചുള്ളത്തി വിചാരിച്ചത് കൊറച്ചു മാത്രെമേ കിട്ടൂ, അത് വീട്ടിന്റെ ഒരു മൂലയില്‍ രണ്ടു തുണി കവര്‍ ആയി തല്‍കാലം ഇരുനോള്ളും എന്നാ. ഞാന്‍ തിരിച്ചു വന്നു, ഫസ്റ്റ് ഒരു ചെറിയ ബോക്‌സ് പൊക്കി കൊണ്ട് അകത്തു കേറി. മൂപ്പര്‍ കണ്ണ് തള്ളി, ഭഹോ...ഒരു ബോക്‌സ് ഫുള്‍ കിട്ട്യാ ....ഗുഡ് !!!`

കുറച്ചു കഴിഞ്ഞപ്പ, ദാ വരുന്നു അടുത്ത ഒരു ചെറിയ ബോക്‌സ് വിത്ത് നാലഞ്ചു കവര്‍. അപ്പൊ `ഹോ...ഇതും ഉണ്ടോ. നല്ല response ആയിരുന്നു, അല്ലെ` കണ്ണ് അഗെയിന്‍ തള്ളല്‍.

അത് കഴിഞ്ഞു ഒരു ഗ്ലാസ് വെള്ളം കുടിച്ചു ഞാന്‍ മെല്ലെ പോയി ഏറ്റവും വലിയ, ആ വെള്ള ബോക്‌സ് പൊക്കി കൊണ്ടുവന്നു. എന്റെ ചുള്ളത്തിയുടെ ആള്‍റെഡി തള്ളിയ കണ്ണ് പിന്നെയും തള്ളാന്‍ സ്​പയിസ് ഇല്ലാത്തതു കൊണ്ട്, കണ്ണ് ഊരി ഒരു കവറില്‍ ഇട്ടു കയ്യില്‍ തൂക്കി പിടിച്ചു.' (www.aakramanam.blogspot.com)

സദാസമയവും സെല്‍ഫോണിലേയ്ക്ക് ഒതുങ്ങിക്കൂടി, എസ്.എം.എസും ബ്ലോഗിംഗുമൊക്കെയായി കഴിഞ്ഞുകൂടുന്ന ഒരു തലമുറ ജീവിത യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാതെ പോകുകയാണോ. അതോ ആധുനിക വാര്‍ത്താ വിനിമയ സൗകര്യങ്ങള്‍ പ്രദാനം ചെയ്ത വലിയൊരു ശൃംഖലയുടെ കണ്ണികളായി മാറി വെല്‍ കണക്ടഡ് എന്ന ആധുനികതയിലൂടെ അവര്‍ വിശ്വപൗരന്മാരായി മാറുകയാണോ?
കഴിഞ്ഞ ദിവസം മലയാളത്തിലെ ഒരു പ്രസിദ്ധീകരണത്തില്‍ നിന്ന് അയച്ചു കിട്ടിയ ചോദ്യമാണിത്....

അരാജകത്വത്തിലും അരക്ഷിതാവസ്ഥയിലും പെട്ട ഒരുപറ്റം യുവജനങ്ങളുണ്ടാവാം. പക്ഷേ, അതിനേക്കാളേറെ ഭൂമിയുടെ ഏതു കോണിലായാലും തനിക്കു ചുററുമുളളത് കാണാന്‍ കാഴ്ചയുളളവരുമായ ഒരുപാടുപേരുണ്ടെന്ന് തിരിച്ചറിയുന്നു.

സഹായം വാഗ്ദാനം ചെയ്തവര്‍ക്ക്, ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ തന്നവര്‍ക്ക്, പ്രിയപ്പെട്ട ബ്ലോഗ്, ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ക്ക് എല്ലാവര്‍ക്കും നന്ദി പറയുന്നു. അതിനേക്കാളേറെ മാതൃഭൂമി ഓണ്‍ലൈന്‍ പ്രവര്‍ത്തകര്‍ക്ക് ഹൃദയപൂര്‍വം നന്ദി.


കടപ്പാട് -മാതൃഭൂമി ഓണ്‍ലൈന്‍
ALL RIGHT RESERVED

Wednesday, June 30, 2010

ദഹിക്കാതെ പോയത്‌

ഇടുക്കിയിലാണ് ജനിച്ചു വളര്‍ന്നതെങ്കിലും ആദിവാസികളുമായി അടുത്തു പരിചയമില്ലായിരുന്നു. ഒരു മലയ്ക്കപ്പുറം മുതുവാന്‍ കുടിയുണ്ടായിരുന്നു. അതു തന്നെ മുതിര്‍ന്ന ശേഷമാണ് കാണാനായത്. പറമ്പിന്റെ അതിരു വഴി പാറ കേറിപ്പോകുന്ന മുതുവാന്മാരെയും മുതുവാത്തികളെയും കണ്ടിട്ടുണ്ട്. പുറത്ത് തുണിസഞ്ചി കെട്ടി കുഞ്ഞുങ്ങളെ അതിലിരുത്തിയായിരുന്നു അവര്‍ തേനെടുക്കാന്‍ കാടുകയറിയത്. കങ്കാരുക്കള്‍ കുഞ്ഞുങ്ങളെ സംരക്ഷിക്കും പോലെ...

ഞങ്ങള്‍ കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവരും അവരുടെ യാത്ര നോക്കി നില്ക്കുമായിരുന്നു.

പിന്നെയും കുറേ ദൂരെയായിരുന്നു മന്നാക്കുടികള്‍...മുതുവാന്മാരെക്കാള്‍ പരിഷ്‌കൃത സമൂഹവുമായി കൂടുതല്‍ അടുത്തിരുന്നു മന്നാന്മാര്‍. വേഷത്തിലൊക്കെ കാര്യമായി മാറ്റം വന്നതുകൊണ്ട് പലപ്പോഴും തിരിച്ചറിയാന്‍ പറ്റിയിരുന്നില്ല. ആദിവാസി വിഭാഗത്തില്‍ പെടുന്ന മലയരയരെയോ ഉള്ളാടന്മാരെയോ ഞങ്ങള്‍ക്ക് ഒരു തരത്തിലും തിരിച്ചറിയാന്‍ പറ്റിയിരുന്നില്ല. അവര്‍ അത്രയേറെ സാംസ്‌ക്കാരികമായി മുന്നോട്ടു പോയിക്കഴിഞ്ഞിരുന്നു.

എന്നാല്‍ വയനാട്ടിലെത്തിയപ്പോഴാണ് വ്യക്തമായും തിരിച്ചറിയാന്‍ പറ്റുന്ന രീതിയില്‍ തന്നെ ഇവരെ കാണുന്നത്. ഇരുണ്ട നിറവും കുഴിയിലാണ്ട കണ്ണുകളും സ്​പ്രിംഗ് പോലുള്ള പടര്‍പ്പമുടിയും അല്പം പതിഞ്ഞ മൂക്കും...

പലര്‍ക്കും ആദിവാസി എന്നു കേള്‍ക്കുന്നതേ അലോസരമാണ്. ചിലര്‍ക്ക് ആനന്ദവും. ആനന്ദം തോന്നുന്നവര്‍ക്ക് അവരുടെ ഇരുണ്ട തൊലി പ്രിയപ്പെട്ടതാണ്. അതുകൊണ്ടു തന്നെ പല ആദിവാസി പെണ്‍കുട്ടികളും തന്തയില്ലാത്ത കുഞ്ഞുങ്ങളുടെ അമ്മയാകേണ്ടി വരുന്നു.
ബസ്സിലും മററും യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിച്ചിട്ടുണ്ട്. കമ്പിയില്‍ മുറുകെ പിടിച്ചിരിക്കുന്നവരെങ്കിലും ബസ്സിന്റെ വേഗത്തിനനുസരിച്ച് ആടിയുലയും. ധരിച്ചിരിക്കുന്ന ബ്ലൗസിന്റേയും ഉടുമുണ്ടിന്റെയും ഇടയില്‍ അരച്ചാണ്‍ വയറു കാണുമ്പോള്‍ ആലിലവയറിലേക്കുള്ള ഒളിഞ്ഞുനോട്ടത്തിന്റെ സുഖമല്ല കിട്ടുന്നത്. ഇരുണ്ട തൊലി ചുക്കിച്ചുളിഞ്ഞ് ഉള്ളിലേക്ക് വലിഞ്ഞ്... വെറ്റില മുറുക്കി പല്ലു ചുവപ്പിച്ച്, നില്ക്കുന്ന അവരുടെ മുഖത്ത് ഒരു തരം നിര്‍വ്വികാരതയാണ്.

ഈ മനുഷ്യരില്‍ കാമം കാണുന്നതെങ്ങനെയെന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്.

അവരുടെ വിശപ്പിനെ ഞാനൊരിക്കല്‍ കണ്ടിട്ടുണ്ട്.

വിശപ്പ് എന്തെന്നറിയാത്തവര്‍ക്ക് അതിനെക്കുറിച്ചറിയുമോ എന്നറിയില്ല. യാത്രയിലെ മറ്റോ അബദ്ധത്തിലെങ്ങാന്‍ ഒരു നേരം ഭക്ഷണം കിട്ടാതിരുന്നിട്ടുണ്ടാവാം. അല്ലെങ്കില്‍ മറ്റുളളവന്റെ വിശപ്പറിയാന്‍ വ്രതമെടുക്കുമ്പോള്‍...പക്ഷേ അപ്പോഴും നമ്മുടെ മുന്നില്‍ വിഭവ സമൃദ്ധമായ അടുത്ത നേരമുണ്ട്. അതൊന്നും യഥാര്‍ത്ഥ വിശപ്പാണെന്ന് തോന്നിയിട്ടില്ല. ഒരിക്കലും...

ഇന്നും ദഹിക്കാതെ കിടക്കുന്ന ആഹാരം എന്നിലുണ്ട്. ഏതു മരുന്നുകഴിച്ചാല്‍ ആ ദഹനക്കേടു മാറുമെന്നെനിക്കറിയില്ല. കുറെനാള്‍ മുമ്പാ ണ്. വയനാട്-നീലഗിരി അതിര്‍ത്തി ഗ്രാമത്തില്‍ ഒരു ബന്ധുവിന്റെ വിവാഹത്തിനു പോയതാണ് ഞങ്ങള്‍. ബിരിയാണിയുടേയും കോഴിക്കാലുകളുടേയും ബഹളം. അതില്‍ നിന്ന് ഒഴിഞ്ഞ് ഒരു മൂലയിലേക്ക് മാറി സസ്യാഹാരിയായ ഞാന്‍ ചോറും സാമ്പാറും കഴിച്ചുകൊണ്ടിരിക്കുകയാണ്. വീട്ടുമുറ്റത്തെ പന്തലിനപ്പുറത്ത് വഴിയോട് ചേര്‍ന്ന് കുറെ ആദിവാസി സ്ത്രീകള്‍ നില്പുണ്ട്. പണിയ വിഭാഗത്തില്‍ പെട്ട പല പ്രായക്കാരായ സ്ത്രീകള്‍...

അയല്‍ക്കാരായിരിക്കണം. ഇവര്‍ക്കും ക്ഷണമുണ്ടായിരിക്കണം. തിരക്കില്‍ മാറി നിന്നതാവണം എന്നൊക്കെ ഈയുള്ളവള്‍ വിചാരിച്ചു.
പക്ഷേ, ചോറുണ്ട് കൈകഴുകനെഴുന്നേറ്റപ്പോഴാണ് കണ്ടത്. എച്ചില്‍ വീപ്പയ്ക്കരുകില്‍, പട്ടികളെപ്പോലെ....ആരൊക്കെയോ കടിച്ചു വലിച്ച എല്ലിന്‍ കഷ്ണങ്ങള്‍ക്കും അവശേഷിച്ച വററുകള്‍ക്കും വേണ്ടി....

നാട്ടുകാര്‍ എന്നു പറയുന്നവര്‍ അവരെ ആട്ടുന്നുണ്ട്. വേലിപ്പത്തലൂരി തല്ലാനോങ്ങുന്നുണ്ട്.

ഇക്കാഴ്ചയില്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്റെ ദഹനേന്ദ്രിയങ്ങള്‍...അന്ന് അവിടെ നിന്നു കഴിച്ച ആഹാരം ദഹിപ്പിക്കാനുള്ള രസങ്ങള്‍ ഗ്രന്ഥികള്‍ പുറപ്പെടുവിക്കുമോ എന്നെങ്കിലും? ....

പിന്നീട് ഏതൊരു ആദിവാസിയേയും തിരിച്ചറിഞ്ഞാല്‍ ആ രംഗം ഓര്‍മ വരും. ദഹിക്കാതെ കിടക്കുന്നത് തികട്ടി വരും.
അന്നു സങ്കടം കൊണ്ടെന്റെ തൊണ്ടയടഞ്ഞുപോയി.

എന്നാല്‍ അല്പമെങ്കിലും ആശ്വാസമായത് ഈയിടെ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുത്തപ്പോഴാണ്. വിവാഹ ഹാളിന്റെ ഒരു മൂലയില്‍ അന്യരെപ്പോലെ അവര്‍ നിന്നിരുന്നു. വളരെ വൃത്തിയുള്ള വേഷം. സുഹൃത്തിന്റെ പറമ്പില്‍ പണിയെടുക്കുന്നവരാണ്. വിവാഹത്തിന് സെറ്റും മുണ്ടും വാങ്ങി കൊടുത്തത് അവരുടെ പാരമ്പര്യ രീതിയില്‍ തന്നെ മുട്ടിനുമേലെ വച്ച് ഉടുത്തിരിക്കുന്നു. സദ്യ വിളമ്പുമ്പോഴും അവര്‍ മാറി നിന്നു. പക്ഷേ, അവനും പെങ്ങന്മാരും ആദ്യ പന്തിയില്‍ എല്ലാവര്‍ക്കുമൊപ്പം അവരെ പിടിച്ചിരുത്തി.

അല്പം സങ്കോചത്തോടെയെങ്കിലും അവരിരുന്നു....

എന്റെയുള്ളില്‍ ദഹിക്കാതെ കിടന്നിരുന്നതിനു മുകളില്‍ അല്പം ദഹനരസം വീണു. പ്രതീക്ഷയുടെ ചെറിയ നാമ്പെങ്കിലും....


* * * *

കടപ്പാട്‌-മാതൃഭൂമി ഓണ്‍ലൈന്‍

Sunday, April 4, 2010

പ്രിയപ്പെട്ട ഡോക്ടര്‍ക്ക്‌....





ഇന്ന്‌ മെയില്‍ നോക്കുമ്പോള്‍ ഒരു പാടു സന്തോഷം തോന്നി. ഫോര്‍വേഡ്‌ മെയിലുകള്‍ പലപ്പോഴും തുറന്നു നോക്കാതെ ഡീലീറ്റ്‌ ചെയ്യുകയാണ്‌ പതിവ്‌. ഇത്തരം മെയിലുകള്‍ക്കിടയില്‍ ആവശ്യമുള്ള മെയിലുകളും ശ്രദ്ധയില്‍ പെടാതെ പോകാറുണ്ട്‌. മറുപടി അയക്കാന്‍ വിട്ടുപോകാറുമുണ്ട്‌.

ഇന്നും പതിവുപോലെ കുറേയേറെ ഫോര്‍വേഡഡ്‌ മെയിലുകളുണ്ട്‌. ഇതിനിടയിലാണ്‌ ഡോ. പ്രദീപ്‌ രാജിന്റെ ഒരു ഫോട്ടോ മെയില്‍ കണ്ടത്‌.

വെറുതെ നോക്കി. ധന്വന്തരി അവാര്‍ഡ്‌ ലഭിച്ച ഡോ. സി ഡി സഹദേവന്റെ ചിത്രം കണ്ടപ്പോള്‍ ഞാനൊരു രണ്ടാംക്ലാസ്സുകാരിയായി. ഫോട്ടോയില്‍ കണ്ട സഹദേവന്‍ സാര്‍ ഓര്‍മയിലെ ഡോക്ടറല്ല. പത്തിരുപത്തഞ്ചുകൊല്ലം മുമ്പ്‌ ഒരു രണ്ടാംക്ലാസ്സുകാരിയുടെ മൈന എന്ന പേരുകേട്ട്‌ കൗതകത്തോടെ അതിലേറെ വാത്സല്യത്തോടെ ചേര്‍ത്തു നിര്‍ത്തിയ ചെറുപ്പക്കാരന്‍ ഡോക്ടര്‍.

അതിലേറെ കൗതുകത്തോടെ ഞാനും ഡോക്ടറെ നോക്കിനിന്നു.
മറയൂരിലെ സര്‍ക്കാര്‍ ആയൂര്‍വ്വേദ ഡിസ്‌പെന്‍സെറിയായിലായിരുന്നു ആ കൂടിക്കാഴ്‌ച. ഒരുപക്ഷേ, ആദ്യത്തേതും അവസാനത്തേതുമായ കാഴ്‌ച.
ഒരു ഡോക്ടറുടെ മുന്നില്‍ രോഗിയല്ലാതെ നില്‌ക്കുകയായിരുന്നു ഞാന്‍. അമ്മച്ചി ആ ഡിസ്‌പെന്‍സറിയിലായിരുന്നു ജോലി ചെയ്‌തിരുന്നത്‌. അക്കൊല്ലത്തെ വേനലവധിക്കാലത്ത്‌ എന്നെയും കൂടെക്കൂട്ടിയതാണ്‌ അമ്മച്ചി.

മേശപ്പുറത്തിരുന്ന സ്റ്റെതസ്‌കോപ്പില്‍ ഞാനൊന്നു തൊട്ടു. അതൊന്ന്‌ എടുത്ത്‌ ചെവിയില്‍ വെച്ച്‌ കുഞ്ഞുഡോക്ടറാകണമെന്ന്‌ മോഹിച്ചു. ഡോക്ടര്‍ പോയിക്കഴിഞ്ഞാല്‍ അതെന്നെടുത്തു വെച്ചു നോക്കിക്കോട്ടേ എന്ന്‌ അമ്മച്ചിയോട്‌ ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, വഴക്കുപറഞ്ഞേക്കുമോ എന്ന പേടിയില്‍ അക്കാര്യം ഉപേക്ഷിച്ചു.

സഹദേവന്‍ ഡോക്ടര്‍ എന്തൊക്കെയോ എന്നോട്‌ ചോദിക്കുന്നുണ്ട്‌. മറുപടി പറയുന്നുണ്ടെങ്കിലും കണ്ണ്‌ സ്റ്റെതസ്‌കോപ്പിലാണ്‌.
അദ്ദേഹം മനസ്സറിഞ്ഞിരിക്കണം. ആശുപത്രിക്കു പുറകിലെ കരിമ്പുപാടങ്ങളില്‍ കരിമ്പോലകള്‍ തമ്മിലുരസി ഉയരുന്ന മര്‍മര സംഗീതം പോലെ ചെവിക്കുള്ളില്‍ ....
വലുതാവുമ്പോള്‍ ഡോക്ടറാകണം കേട്ടോ...അദ്ദേഹം പറഞ്ഞു.

എന്തോ അങ്ങനെയൊരു ഓര്‍മല്ലാതെ ഡോക്ടറാകാനുള്ള ആഗ്രഹമൊന്നും അക്കാലത്തൊന്നും തോന്നിയില്ല. അഞ്ചാംക്ലാസ്സിലൊക്കെ എത്തിയപ്പോള്‍ ടീച്ചര്‍ ആരാകാനാണ്‌ ആഗ്രഹമെന്നു ചോദിച്ചപ്പോള്‍ ആദ്യം പറഞ്ഞവരൊക്കെ ഡോക്ടര്‍ എന്നു പറഞ്ഞപ്പോള്‍ അതുകേട്ട്‌ ആവര്‍ത്തിക്കുകയായിരുന്നു. അപ്പോള്‍ സഹദേവന്‍ ഡോക്ടറെ ഓര്‍ത്തതുമില്ല..

പലപ്പോഴും അമമച്ചിയില്‍ നിന്നാണ്‌ കേട്ടത്‌. വിവാഹം കഴിഞ്ഞ്‌ ഒരുപാട്‌ നാളായിട്ടും കുട്ടികളില്ലാഞ്ഞതും പത്തോപന്ത്രണ്ടോ വര്‍ഷം കഴിഞ്ഞ്‌ ഒരു മകന്‍ ജനിച്ചതും (ഓര്‍മ ശരിയാണെങ്കില്‍ ഹിതേശ്‌ എന്നാണ്‌ പേര്‌) മറയൂരിലായിരിക്കുമ്പോള്‍ കാര്യമായി രോഗികളൊന്നും എത്താറില്ല. എന്നാല്‍ പിന്നീട്‌ ആനച്ചാലിലേക്ക്‌ മാറിയതില്‍ പിന്നെ വളരെ ദൂരത്തുനിന്നുപോലും ഡോക്ടറെ തേടി രോഗികളെത്തി.

(Dr. C.D. Sahadevan, Thodupuzha, bagged the Dhanwanthari award for outstanding and comprehensive contribution to Ayurveda treatment and research.)



അന്ന്‌ ഞങ്ങളുടെ നാട്ടിലൊക്കെ ചികിത്സ ആയൂര്‍വ്വേദമെങ്കില്‍ ഡോക്ടര്‍ സഹദേവന്‍ സാര്‍ തന്നെ. ഇരുപത്തിയേഴു കിലോമീറ്റര്‍ അപ്പുറത്തേക്കേണ്‌ പല ഡോക്ടര്‍മാരെയും വൈദ്യന്‍മാരെയും ഉപേക്ഷിച്ച്‌ ആളുകള്‍ പോയിരുന്നത്‌. പല മാറാരോഗങ്ങളും മാറ്റിയെന്ന ഖ്യാതി പടര്‍ന്നിരുന്നു അപ്പോഴേക്കും. പലരും സ്വാനുഭവത്തില്‍ നിന്നും നേരിട്ടു പറഞ്ഞു കേട്ടിട്ടുമുണ്ടായിരുന്നു.

എന്റെ ഡിഗ്രി കാലത്ത്‌ വിട്ടുമാറാത്ത കഫക്കെട്ടും മൂക്കൊലിപ്പും കൊണ്ട്‌ പ്രയാസപ്പെടുകയായിരുന്നു. ആന്റിബയോട്ടിക്കുകള്‍ കഴിച്ച്‌ എപ്പോഴും ഉറക്കം തൂങ്ങി നടന്നു. മൂക്കിനുള്ളിലെ പച്ചമാംസം തുളച്ച്‌ ട്ടൂബിട്ട്‌ ഒരിക്കല്‍ കഫം വലിച്ചുകളഞ്ഞു.

രാസ്‌നാദിപ്പൊടിയും കാച്ചെണ്ണയും എന്നത്തേയും കൂട്ടുകാരായി. എന്നിട്ടും പലപ്പോഴും കഫക്കെട്ടുകൊണ്ട്‌ തലപൊക്കാനാവാതായി.
ഇടയ്‌ക്കിടെ അമ്മച്ചി പറയും സഹദേവന്‍ സാറിനെ ഒന്നു കാണിച്ചു നോക്കായിരുന്നു എന്ന്‌.
ആയിടക്ക്‌ അമ്മച്ചിക്കും ആനച്ചാലിലേക്ക്‌ മാറ്റം കിട്ടിയിരുന്നു. ഡോക്ടറെ കാണാന്‍ നില്‌ക്കുന്നവരുടെ തിരക്കിനെക്കുറിച്ചേ അന്ന്‌ അമ്മച്ചിക്ക്‌ പറയാനുണ്ടായിരുന്നുള്ളു.
എന്നെ ഒരു ദിവസം കൊണ്ടുപോകണം കൊണ്ടുപോകണം എന്നു പറഞ്ഞതല്ലാതെ ഇന്നുവരെ അതിനു കഴിഞ്ഞിട്ടില്ല. എന്നാലും നേരിട്ടുകാണാതെ അമ്മച്ചി പറഞ്ഞ്‌ രണ്ടു മരുന്നുകള്‍ എഴുതിതന്നു. കുറേക്കാലം ആ മരുന്നുകളിലായിരുന്നു എന്റെ കഫക്കെട്ടു മാറിനിന്നത്‌. ഒരു പക്ഷേ, വിവാഹം കഴിയും വരെ. കൂടുതല്‍ തണുപ്പുള്ള വയനാട്ടിലെത്തിയപ്പോള്‍ വീണ്ടും തുടങ്ങി. പണ്ടത്തേക്കാള്‍ ശക്തിയില്‍....അലോപ്പതി, ആയൂര്‍വ്വേദം, ഹോമിയോ, നാട്ടുവൈദ്യം.....പലതും കാണിച്ചു നോക്കി.
ആയൂര്‍വ്വേദ ഡോക്ടര്‍മാര്‍ എഴുതിത്തരുന്ന മരുന്നുകളില്‍ ഒരിക്കലും സഹദേവന്‍ ഡോക്ടര്‍ എഴുതിത്തന്ന മരുന്നു കണ്ടിട്ടില്ല.

വിട്ടുമാറാത്ത കഫക്കെട്ടുകൊണ്ട്‌ എത്രദിവസങ്ങളാണ്‌ നഷ്ടപ്പെട്ടത്‌. എഴുതണമെന്നു വിചാരിച്ച കഥകളെത്രയെണ്ണമാണ്‌ തലപൊങ്ങാതെ നഷ്ടപ്പെട്ടത്‌....വായനയും പഠനവും നിന്നുപോയത്‌ എത്ര വട്ടമാണ്‌....

ഒടുക്കം തണുപ്പില്‍ നിന്നും കോഴിക്കോട്ടുളള ചൂടിലേക്കുള്ള മാറ്റമാണ്‌ കുറച്ചെങ്കിലും രക്ഷിച്ചത്‌. എന്നാലും ഇപ്പോഴും ഇടയ്‌ക്ക്‌ കഫക്കെട്ട്‌ കൂടുമ്പോള്‍ അമ്മച്ചി പറയും..
ആ സഹദേവന്‍ ഡോക്ടറെ ഒന്നു പോയി കണ്ടെങ്കില്‍....


ആ ഡോക്ടര്‍ക്ക്‌ ധന്വന്തരി അവാര്‍ഡ്‌ കിട്ടിയെന്നറിയുമ്പോള്‍ ഒരുപാടു സന്തോഷം തോന്നുന്നു. ഹൃദയം നിറഞ്ഞ ആശംസകള്‍.

Saturday, March 13, 2010

ഞങ്ങളുടെ മഞ്ഞും തണുപ്പും പോയൊളിച്ചിടം!

ഒരുകാലത്ത്‌ ഞങ്ങളുടെ നാട്ടിലെ ആളുകള്‍ ഉച്ചയ്‌ക്കുശേഷം പുറത്തിറങ്ങാറില്ലായിരുന്നു. അന്നേരത്ത്‌ പറമ്പിന്റെ അതിരോ മുറ്റമോ തിരിച്ചറിയാത്തവിധം മഞ്ഞായിരുന്നു. കോട പരക്കാന്‍ തുടങ്ങിയാല്‍ ഇരുട്ടായി എന്ന തോന്നലായിരുന്നു എന്ന്‌ മുതിര്‍ന്നവര്‍ പറഞ്ഞു കേട്ടു. മഞ്ഞിനിടയിലൂടെ നടക്കാനുള്ള ഭയമായിരുന്നു പുറത്തിറങ്ങാതിരിക്കാനുള്ള കാരണം. ഇരുട്ടിലൂടെ നടക്കാന്‍ ചൂട്ടു കത്തിച്ചാല്‍ മതിയായിരുന്നു. എന്നാല്‍ മഞ്ഞിലൂടെ നടക്കാന്‍ ആര്‍ക്കുമറിയില്ലായിരുന്നു.

പക്ഷേ, അങ്ങനെയൊരവസ്ഥ അപൂര്‍വ്വമായി മാത്രമാണ്‌ ഞങ്ങള്‍ കണ്ടത്‌. കുഞ്ഞുക്ലാസ്സിലായിരുക്കുമ്പോള്‍ അവസാനത്തെ പിരിയഡില്‍ സ്‌കൂളും ചുറ്റുപാടും മഞ്ഞുകൊണ്ടു മൂടും. സ്‌കൂളില്‍ നിന്നു കാണാവുന്ന മലകളുടെ തുഞ്ചത്തു നിന്നും പതുക്കെ പതുക്കെ പരന്നു തുടങ്ങുകയായിരുന്നു.
മലയ്‌ക്കപ്പുറം ഒരു ആനയുണ്ടെന്നും, ആ ആന പുകവലിച്ചൂതുന്നതാണ്‌ മഞ്ഞെന്നും ഞങ്ങള്‍്‌ വിശ്വസിച്ചു.
ഇക്കഥ കേള്‍ക്കുമ്പോഴൊക്കെ മല കയറി അപ്പുറത്തേക്ക്‌ കടന്ന്‌ പുകവലിക്കുന്ന ആനയെ കാണണമെന്ന്‌ കൊതിച്ചു. പലപ്പോഴും ബീഡി വലിക്കുന്ന ആനയെ സങ്കല്‌പിച്ചിട്ടുണ്ട്‌. മലയ്‌ക്കപ്പുറത്തെ ലോകത്തെ അന്നു പരിചയമില്ലായിരുന്നതുകൊണ്ട്‌ അവിടെ ഇത്ര പുകയുള്ള വലിയ ബീഡിയുണ്ടാക്കിക്കൊടുക്കാന്‍ ആരെങ്കിലുമുണ്ടാവുമെന്ന്‌്‌്‌ ചിന്തിച്ചില്ല. നാട്ടിലെ ബീഡി തെറുപ്പുകാരന്‍ അമ്മാവന്‍ എടുത്താല്‍ പൊങ്ങാത്തത്ര വലിപ്പത്തിലുള്ളൊരു ബീഡിയുമായി മല കയറുന്നത്‌ സ്വപ്‌നം കണ്ടു.

എന്നാല്‍ കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മലഞ്ചെരുവുകളില്‍ പോലും മഞ്ഞു കാണാതായി. പിന്നെ പിന്നെ ആനയെയും അമ്മാവനെയും മറന്നു. പക്ഷേ, ഏതു മലയ്‌ക്കപ്പുറത്തേക്കാണ്‌ മഞ്ഞ്‌ ഒളിച്ചുപോയതെന്നു മാത്രം ഇന്നും കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല.

വൃശ്ചികം ധനുമാസത്തില്‍ കുളിരോടെ എഴുന്നേറ്റാല്‍ ഞങ്ങള്‍ കുട്ടികള്‍ കരിയില അടിച്ചുകൂട്ടി തീയിട്ട്‌ അതിനു ചുറ്റുമിരിക്കും. ശരീരം ചൂടുപിടിക്കാന്‍ തുടങ്ങുമ്പോള്‍ മഞ്ഞും തണുപ്പും അപ്രത്യക്ഷമാവും.
കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍ തീയിട്ടു കായാനുള്ള മഞ്ഞും കുളിരുമൊന്നുമില്ലാതായി.

തണുത്തുറഞ്ഞു കിടന്ന ഒരു പ്രദേശം പത്തോ പതിനഞ്ചോ കൊല്ലം കൊണ്ടാണ്‌ ചൂടുപിടിച്ചത്‌...ഇപ്പോള്‍ ഓരോ വര്‍ഷവും ചൂടേറി വരുന്നു.


വയനാട്ടിലെ ആദ്യകുടിയേറ്റക്കാരികള്‍ പറയുന്ന ഒരു കഥയുണ്ട്‌.
കഞ്ഞിവെക്കാന്‍ എക്കാലത്തും മുക്കാല്‍കലം വെള്ളമേ വെക്കാറുള്ളു. എവിടെയും. ആ ഓര്‍മയില്‌ കുടിയേററത്തിന്റെ ആദ്യകാലത്ത്‌ വെളുപ്പിന്‌ എഴുന്നേറ്റ്‌ അടുപ്പില്‍ തീ പിടിപ്പിച്ച്‌ മുക്കാല്‍ കലം വെള്ളം വെച്ചാല്‍ അരിയിടാറാവുമ്പോഴേക്കും പാത്രം നിറഞ്ഞു കവിഞ്ഞ്‌ അടുപ്പു കെടാറുണ്ടായിരുന്നത്രേ!

ഇത്‌ പൊടിപ്പും തൊങ്ങലും ചേര്‍ത്തുണ്ടാക്കിയ കഥയാണെന്ന്‌ വിശ്വസിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ പച്ചയായ സത്യമാണെന്നവര്‍ ആണയിടും. വെള്ളം എന്നാല്‍ ഐസുകട്ടയായിരുന്നത്രേ!. എന്നാല്‍ ഇന്ന്‌ അടുപ്പു കത്തിച്ച്‌ വെളളം വെച്ചാല്‍ കുറയുകയല്ലാതെ ധനുമാസത്തില്‍ പോലും കൂടാറില്ലെന്നതാണ്‌ സത്യം.

അന്നൊക്കെ പറമ്പില്‍ ഒരുപാട്‌ ഓറഞ്ചു മരങ്ങളായിരുന്നു. അവയൊക്കെ കായ്‌ച്ച്‌ കുല കുത്തിക്കിടക്കും. പക്ഷികള്‍ കൊത്താന്‍ മരത്തില്‍ പറന്നിരുന്നാല്‍ മതി. മധുര നാരാങ്ങാമഴ ഉതിര്‍ന്നു വീഴാന്‍ തുടങ്ങും. പക്ഷികളെ ഓടിക്കാന്‍ വടിയുമായി കുട്ടികള്‍ അസ്ഥി കോച്ചുന്ന തണുപ്പിലും ആ മരത്തണലുകളിലിരുന്നു.

കേട്ടതൊക്കെ സത്യമാണോ എന്നു ചോദിച്ചാല്‍ അന്നു ജനിക്കാതെ പോയതിലും വയനാട്ടിലെത്തിപ്പെടാതിരുന്നതിലുമുള്ള പരാതി കേള്‍ക്കേണ്ടി വരും.

ആയിരം വട്ടം ഇതൊക്കെ സത്യമാണെന്ന്‌ ഉരുവിട്ടാലും വിശ്വസിക്കാന്‍ പ്രയാസം. കാപ്പിച്ചെടികള്‍ക്കിടയില്‍ കുറച്ചുയരത്തില്‍ നിന്ന മധുര നാരകത്തെ ചൂണ്ടി പഴയ കാലത്തിന്റെ അവശേഷിപ്പിനെ കാണിച്ചു തരുമ്പോള്‍....മെലിഞ്ഞുണങ്ങിയ കമ്പുകളും ചെറുനാരങ്ങ വലിപ്പത്തിലെ ഓറഞ്ചും മുരടിച്ച്‌്‌്‌, മുരടിച്ച്‌....


ഞങ്ങളുടെ അയല്‍വാസിയായ നാണപ്പന്‍ ചേട്ടന്‍ വര്‍ഷത്തിലൊരിക്കല്‍ തെക്കേ ഇന്ത്യയിലെ പല സ്ഥലങ്ങളിലേക്കും തീര്‍ത്ഥയാത്ര പുറപ്പെടും. തിരിച്ചെത്തിയാല്‍ ഓരോ നാട്ടിലേയും കൗതുകകരമായ കാഴ്‌ചകള്‍ ഞങ്ങളോട്‌ പങ്കുവെയ്‌ക്കും. കുറച്ചു മുതിര്‍ന്നപ്പോള്‍ കേട്ടു തുടങ്ങിയ സഞ്ചാര കഥകള്‍ ആ നാടിനപ്പുറം വിട്ടുപോകാത്ത ഞങ്ങള്‍ക്ക്‌്‌ അനുഗ്രഹമായിരുന്നു.

അമ്പലങ്ങളേയും പ്രാര്‍ത്ഥനകളേയുമല്ല അദ്ദേഹം പരിചയപ്പെടുത്തിയത്‌. സഞ്ചാരത്തിനിടയില്‍ കണ്ട പ്രകൃതിയും കൃഷിയും ജനങ്ങളെയുമായിരുന്നു. വരണ്ടുണങ്ങിയ പാടങ്ങളും പൊടിക്കാറ്റും ചൂടും ഒരു മരത്തണല്‍ പോലുമില്ലാത്ത വിജന പ്രദേശങ്ങളുമൊക്കെ പരിചിതമായത്‌ ആ യാത്ര വിവരണങ്ങളിലൂടെയായിരുന്നു. അപ്പോഴൊക്കെ അദ്ദേഹം വളരെ കൗതുകത്തോടെ പറയാറുണ്ട്‌്‌.

ദൈവം എല്ലാ ദേശങ്ങളേയും ഒരു കൈകൊണ്ടേ അനുഗ്രഹിച്ചിട്ടുള്ളു. എന്നാല്‍ കേരളത്തെ മാത്രം ഇരുകൈ കൊണ്ടുമാണനുഗ്രഹിച്ചതെന്ന്‌്‌്‌്‌.

ചുറ്റും മലകള്‍ നിറഞ്ഞ ഗ്രാമത്തിലായിരുന്നതുകൊണ്ട്‌ ഉയരം കൂടിയ മുടിക്കു മുകളില്‍ നിന്ന്‌ ദൈവം രണ്ടുകൈ കൊണ്ടും തണല്‍ വിരിക്കുന്നതായി സങ്കല്‍പ്പിച്ചു.


കേരളത്തില്‍ എങ്ങു നോക്കിയാലും പച്ചപ്പ്‌. ആവശ്യത്തിന്‌ വെളളം. മഴയ്‌ക്ക്‌ മഴ. വേനലിന്‌ വേനല്‍...മിതോഷ്‌ണമായ കാലാവസ്ഥ. സഹ്യനപ്പുറം ഇതൊന്നുമല്ല സ്ഥിതി. അദ്ദേഹം ഓര്‍മപ്പെടുത്തും.

ഇന്നും ദൈവം ഇരു കൈയ്യുമുയര്‍ത്തി അനുഗ്രഹിച്ച നാടാണ്‌ കേരളമെന്ന്‌ അദ്ദേഹം പറയുമോ എന്തോ? സംശയമാണ്‌.

വേനലില്‍ മഴ. മഴ പെയ്യേണ്ട നേരത്ത്‌ വെയില്‍...
സങ്കല്‌പമാണ്‌ ..
എന്നാലും...
ഒരുകൈ താഴ്‌ത്തിയിട്ട ദൈവത്തെ ഇപ്പോള്‍ കാണുന്നു. മനുഷ്യന്റെ ചെയ്‌തികള്‍ തന്നെയാണ്‌ അതിനു കാരണം.


വീടിനു മുന്നിലെ ആറ്‌ ഒരുകാലത്ത്‌ വേനലിലും നിറഞ്ഞൊഴുകിയിരുന്നെന്ന്‌ പഴമക്കാര്‍ പറഞ്ഞറിയാം. അക്കാലത്ത്‌ പാലമില്ലായിരുന്നു. വെള്ളം കുറയുമ്പോള്‍ കല്ലുകളില്‍ ചവിട്ടി അക്കരയ്‌ക്ക്‌ പോകാനായിരുന്നത്‌ ഒന്നോ രണ്ടോ മാസമാണ്‌. പക്ഷേ എന്റെ ഓര്‍മയില്‍ തന്നെ ഡിസംബറോടെ വെള്ളം കുറയാറുണ്ട്‌. അപ്പോഴെ അക്കരയ്‌ക്കുള്ള യാത്ര ആറു കടന്നാണ്‌. പിന്നെ ഏപ്രില്‍-മെയ്‌ വരെ അങ്ങനെ പോകും.

വേനലിലും നിറഞ്ഞൊഴുകിയിരുന്ന ആറെങ്ങനെ ഇപ്പോള്‍ വൃശ്ചികത്തിലേ വറ്റി വരളുന്നു. നേര്യമംഗലം കാടിനോട്‌ ചേര്‍ന്നു കിടക്കുന്ന പ്രദേശത്ത്‌ വേനലിലും മുമ്പത്തേക്കാള്‍ നല്ല മഴ കിട്ടിയിട്ടും ആറു വരളുന്നു. ചെരിവുകളില്‍ താമസിക്കുന്ന ആളുകള്‍ വെള്ളത്തിനായി ആറ്റിറമ്പില്‍ കുത്തിയ ഓലിയിലേക്ക്‌ വരുന്നു. ഇവിടെയൊരു ആറൊഴുകിയിരുന്നു എന്നതിന്‌ തെളിവായി മുമ്പത്തെ ചില കയങ്ങള്‍ ചെളിക്കുഴികളായി മാറിയിട്ടുണ്ട്‌. ചിലയിടങ്ങളില്‍ കൈത്തോടിന്റെ വലിപ്പത്തില്‍ നീരൊഴുക്ക്‌.
സ്‌കൂളവധികളില്‍ വീട്ടുകാരുടെ കണ്ണുവെട്ടിച്ചു വരുന്ന കുട്ടികള്‍ മാത്രമാണ്‌ ഇപ്പോള്‍ ചെളിക്കുഴിയിലിറങ്ങി നീന്താറ്‌. മണല്‍പ്പരപ്പില്‍ ഓലികുത്തി അതിലെ വെള്ളമെടുത്താണ്‌ ആളുകള്‍ കുളിക്കുന്നത്‌്‌്‌്‌്‌്‌്‌്‌്‌്‌്‌...

ഇത്രവേഗം വററി വരളുന്നതിന്‌ കാരണങ്ങളിലൊന്ന്‌ ചില കുന്നുകളില്‍ വളരുന്ന അക്കേഷ്യയും യൂക്കാലിപ്‌റ്റ്‌സുമാവാം. പക്ഷേ ആ മരങ്ങള്‍ നിറഞ്ഞ കുന്നുകള്‍ ഞങ്ങളുടെ കുട്ടിക്കാലത്തേയുണ്ട്‌.


കോളനി കിട്ടി വന്ന കുറച്ചാളുകളുണ്ടായിരുന്നിടത്ത്‌്‌ ഇപ്പോള്‍ എത്ര ജനങ്ങളാണ്‌ ?
കാടുവെട്ടിത്തെളിക്കുമ്പോള്‍ അതു നമ്മുടെ ജലത്തെ എങ്ങനെ ബാധി്‌ക്കുമെന്നോ പരിസ്ഥിതിയേയും കാലാവസ്‌ഥയെയും ബാധിക്കുമെന്നോ ആരുമറിഞ്ഞില്ല.
ഒരു മരം മുറിക്കുമ്പോള്‍ അതിലെന്തിരിക്കുന്നു എന്നല്ലാതെ മറ്റൊന്നും ചിന്തിച്ചിട്ടുണ്ടാവില്ല. കൃഷി ഭൂമിക്കു വേണ്ടി കാടും മരങ്ങളും വെട്ടിത്തെളിച്ചു. വിറകിനും വീട്ടുപകരണങ്ങള്‍ക്കും വേണ്ടി കാടിനെ ആശ്രയിച്ചു. ചിലര്‍ കളളത്തടി വെട്ടുകാരായി...കാട്‌ ശോഷിച്ചു ശോഷിച്ചു വന്നു.

അടുപ്പുകള്‍ കത്തിയെരിഞ്ഞു. റോഡുകള്‍ വന്നു. നിരവധി വാഹനങ്ങള്‍ പുകതുപ്പി കടന്നു പോകുന്നു.

ഞങ്ങളുടെ നാട്ടിലെ കാലാവസ്ഥ വ്യതിയാനത്തേക്കുറിച്ചു പറയുമ്പോള്‍ ലോകം മുഴവന്‍ ഈ മാറ്റം കൂടി വരികയാണെന്ന്‌ കാണണം. ഇടുക്കിക്കും വയനാടിനും വളരെക്കുറച്ചു കാലത്തെ മാത്രം ജനവാസ ചരിത്രമുള്ളതുകൊണ്ട്‌ താപ വര്‍ദ്ധനവും അതുമൂലമുള്ള മാറ്റവും വളരെ വേഗത്തില്‍ തിരിച്ചറിയാനാവുന്നു.




വയനാട്ടിലെ ഞങ്ങളുടെ വീട്‌ ഒരു കാടിന്റെ നടുവിലാണ്‌ എന്നാണ്‌ എനിക്ക്‌ തോന്നിയിരുന്നത്‌. ഏതു വെയിലത്തും തണുത്തു വിറച്ചു.
അല്‌പം ഉയര്‍ന്നയിടത്തായിരുന്നു വീടെങ്കിലും ചുറ്റും മരങ്ങളായിരുന്നു. കാട്ടുമരങ്ങള്‍ക്ക്‌്‌്‌ പകരം പ്ലാവും മാവുമായിരുന്നെന്നു മാത്രം. അടിക്കാടുകള്‍ക്കു പകരം കാപ്പിയും മരങ്ങളില്‍ കുരമുളകു കൊടിയും. മുറ്റത്ത്‌ നിന്നു നോക്കിയാല്‍ ഒരിരിട്ടിനെയാണ്‌ കാണാനുണ്ടായിരുന്നത്‌. അടുത്തൊക്കെ വീടുകളുണ്ടായിട്ടും അവയൊന്നും കാണാവുന്ന ദൂരത്തായിരുന്നില്ല. അവിടെ ശബ്ദങ്ങളെ ചുറ്റും നിന്ന മരങ്ങളും ചീവീടുകളും ഇരുട്ടും തടഞ്ഞു നിര്‍ത്തി.

വീടിനു പുറകില്‍ മുള്ളുവേലി കെട്ടിത്തിരിച്ച പറമ്പ്‌ പള്ളിപ്പറമ്പായിരുന്നു. അവിടെയും മരങ്ങളും കുരുമുളകു കൊടിയും മാത്രം. കുറച്ചപ്പുറം മാറി ഇടവഴിക്കപ്പുറത്തും പൊളിഞ്ഞുകിടന്ന കൊച്ചു പള്ളിപ്പറമ്പ്‌. ഉടമസ്ഥര്‍ വല്ലപ്പോഴും വന്നു നോക്കുന്നതുകൊണ്ട്‌ തന്നെ അയല്‍ക്കാരുടെ ആടു വളര്‍ത്തല്‍ ഈ പറമ്പുകള്‍ കൊണ്ടു കഴിഞ്ഞു. ആടുകള്‍ക്ക്‌ തീറ്റവെട്ടിയിരുന്നത്‌്‌ ഇവിടെ നിന്നായിരുന്നു.
രണ്ടു പള്ളിപ്പറമ്പിന്റേയും ഇടയിലൂടെ പോകണമായിരുന്നു പടിഞ്ഞാറെ അയല്‍വീട്ടിലേക്ക്‌. പകല്‍ പോലും കൊണ്ടുവിടണോ എന്ന്‌ ജാന്വേടത്തി ചോദിക്കും. ഇരുട്ടു വീണാല്‍ കൊച്ചുമകനെ കൂട്ടിനയക്കും. പിന്നെ അവനെ തിരിച്ചു വിടാന്‍ വേറെ രണ്ടുപേര്‍ പോകേണ്ടിയിരുന്നു.


ആദ്യം കൊച്ചുപള്ളിപ്പറമ്പാണ്‌ മൊട്ടയായത്‌. അതിപ്പോള്‍ പുല്ലുപോലുമില്ലാത്ത കാലിപ്പറമ്പായി കിടക്കുന്നു. വീടിനു പുറകിലെ പള്ളിപ്പറമ്പിലേയും മരങ്ങള്‍ മുറിച്ചു മാറ്റി. അവിടെയിപ്പോള്‍ റബ്ബര്‍ തൈകള്‍ വളരുന്നുണ്ട്‌.
തെക്കേ അതിരിനപ്പുറവും ഇത്തരം ഇരുള്‍ പടര്‍ന്ന കാടായിരുന്നു. ഈയിടെ അവിടവും വെട്ടിത്തെളിച്ചു.

വയനാടിന്റെ ഒരു സൗന്ദര്യവും ഈ മുറ്റത്തുനിന്നാല്‍ കാണാനില്ലെന്ന്‌ പരാതി പറഞ്ഞിരുന്ന എനിക്കിപ്പോള്‍ മുറ്റത്തു നിന്നാല്‍ കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള വീടുകള്‍ വരെ കാണാം. രാത്രി അവിടുത്തെ വെളിച്ചങ്ങള്‍ കാണാം. കുറേ കുരുമുളകുകൊടിയും കാപ്പിയും പ്ലാവും മുരിക്കും ഇരുട്ടും മാത്രം കണ്ടിരുന്നിടത്ത്‌ , ഇവിടെ ഒന്നും കാണാനില്ലല്ലോ എന്ന പരാതിയില്ല. വെയില്‍ ഇലകളുടേയും മരങ്ങളുടേയും ഇടയിലൂടെയല്ല ഇപ്പോള്‍ ഇറങ്ങി വരുന്നത്‌. നേരിട്ട്‌ മണ്ണില്‍ തൊടുന്നു. അയല്‍ക്കാര്‍ പറമ്പു വെളിപ്പിച്ചത്‌ റബ്ബറുനടാനൊന്നുമല്ല. മുറിച്ചു വില്‌ക്കാനാണ്‌. ഒപ്പം അവരുടെ ഹോംസ്‌്‌്‌്‌്‌്‌്‌്‌്‌റ്റേയുടെ പരസ്യം ടൂറിസം ഗൈഡുകളിലും ഇന്റര്‍നെറ്റിലുമിപ്പോള്‍ കാണുന്നു. ഇന്നേ വരെ ഫാന്‍ ആവശ്യമില്ലായിരുന്നു. ചില ബന്ധുവീടുകളില്‍ ആഡംബരത്തിന്റെ ഭാഗമായി മാത്രമായിരുന്നു ഫാന്‍ കണ്ടിരുന്നത്‌. അടുത്ത വേനലില്‍ ഞങ്ങള്‍ക്കും ഫാന്‍ വേണ്ടി വരും.

വയനാട്ടില്‍ എവിടെ നോക്കിയാലും മൊട്ടക്കുന്നുകളും റിസോര്‍ട്ടുകളുമാണ്‌ ഇപ്പോള്‍ കാണാനുള്ളത്‌. മരങ്ങള്‍ വെട്ടി റിസോര്‍ട്ടു നിര്‍മ്മാണം പുരോഗമിക്കുന്നു. അഞ്ഞൂറിലേറെ റിസോര്‍ട്ടും ഹോംസ്‌റ്റേകളും ഇപ്പോള്‍ വയനാട്ടിലുണ്ട്‌്‌. റിസോര്‍ട്ടു തേടി വരുന്നവര്‍ക്ക്‌്‌്‌ തണുപ്പിന്‌ എ സി വേണ്ടി വരുമെന്നു മാത്രം.

കേരളത്തിലേററവും കൂടുതല്‍ മഴ ലഭിച്ചിരുന്ന സ്ഥലമാണ്‌ ലക്കിടി. ഇപ്പോള്‍ മഴക്കാലത്ത്‌ കാര്യമായ മഴയില്ലാതെ റിസോര്‍ട്ടുകളുടെ വിളവില്‍ നില്‍ക്കുന്നു ലക്കിടി.

മുമ്പ്‌ കുരുമുളകുവള്ളി പടരാന്‍ നട്ടു പിടിപ്പിച്ച മാവും പ്ലാവും ആഞ്ഞിലിയുമെല്ലാം വെട്ടികൂട്ടിയിരിക്കുന്നു.


ഒരിക്കല്‍ കോട മൂടിക്കിടന്ന ഇടുക്കിയിലും വയനാട്ടിലും ഉയര്‍ന്ന പ്രദേശങ്ങളിലുമൊക്കെ ഇപ്പോള്‍ തണുപ്പു കുറഞ്ഞു കൊണ്ടേയിരിക്കുന്നു. പത്തുകൊല്ലം മുമ്പ്‌ ഫാന്‍ ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ വേനലായാല്‍ ഫാനില്ലാതെ പറ്റില്ലെന്നായിട്ടുണ്ട്‌. ഫ്രിഡ്‌ജും എ സിയുമൊക്കെ ആയിക്കഴിഞ്ഞു.

വേനലായാല്‍ എ സി വിപണി ഉണരുകയായി. പൊങ്ങച്ചത്തിന്റെ ഭാഗമായിട്ടുമാത്രമല്ല, ചൂടു സഹിക്കാന്‍ പറ്റാതായിട്ടുണ്ട്‌.

നേരം പുലരും മുമ്പേ തുടങ്ങുന്ന ജോലി രാത്രി ഏറെ വൈകിയാലും തീരുന്നില്ല. ഉറങ്ങുമ്പോഴെങ്കിലും സ്വസ്ഥമായി ഉറങ്ങേണ്ടേ? -കൂട്ടുകാരി ചോദിച്ചു.
ഇപ്പോള്‍ കോഴിക്കോട്ടെ ചൂടില്‍ ജീവിക്കുന്ന ഞങ്ങള്‍ക്കുമുണ്ടായി കഴിഞ്ഞ വേനലില്‍ ഒരു എ സി മോഹം.


ഒരു വീടിന്റെ മുകള്‍ നിലയില്‍ താമസിക്കുന്ന ഞങ്ങള്‍ക്ക്‌ കിടന്നുറങ്ങാന്‍ പോലുമാകാത്ത വിധം ചൂട്‌. പകല്‍ മുഴുവന്‍ ജനലും വാതിലുകളും അടഞ്ഞുകിടക്കുന്നതും ചൂടു കൂടാന്‍ കാരണമാണ്‌. പക്ഷേ, തുറന്നിട്ട്‌്‌്‌ പോകാമെന്നു കരുതിയാല്‍ അന്ന്‌ കൊതുകു കടികൊണ്ട്‌ ഉറങ്ങേണ്ട. വാടകവീടായതുകൊണ്ട്‌ വീ്‌ട്ടുടമസ്ഥനോട്‌ ചോദിച്ചിട്ടാവാം വാങ്ങുന്നത്‌ എന്നു തീരുമാനിച്ചു.


മുതിര്‍ന്നവരുടെ കാര്യം പോകട്ടെ..നിങ്ങളുടെ കുട്ടി മൂന്നു വയസ്സിലെ എ സിയില്‍ കിടന്നു ശീലിച്ചാല്‍ എങ്ങനെയാണ്‌ നാളെ മാറുന്ന കാലാവസ്ഥയില്‍, എ സിയില്ലാത്തിടങ്ങളില്‍ ജീവിക്കുക?
കൂടുന്ന വൈദ്യൂത ബില്ലിനെക്കുറിച്ച്‌ ഓര്‍ത്തിട്ടുണ്ടോ?
അദ്ദേഹം ഇങ്ങനെ രണ്ടുമൂന്നു ചോദ്യങ്ങളാണ്‌ ചോദിച്ചത്‌.
എ സി ഉപയോഗം കൊണ്ട്‌ അന്തരീക്ഷത്തിലേക്ക്‌ പടരാവുന്ന ക്ലോറോ ഫ്‌ളൂറോ കാര്‍ബണുകളെക്കുറിച്ചും ഓസോണ്‍ പാളിയെക്കുറിച്ചും ആഗോള താപനത്തെക്കുറിച്ചുമൊന്നും പറയാഞ്ഞത്‌ ഭാഗ്യം.
എന്തായാലും ജനലുകള്‍ തുറന്നിട്ടും ടെറസിനു മുകളില്‍ ഓലയിട്ട്‌്‌്‌്‌്‌്‌്‌്‌ വെള്ളം തളിച്ചും വേനല്‍ കഴിച്ചുകൂട്ടി?


നേര്യമംഗലം കാടിനോടു ചേര്‍ന്നു കിടക്കുന്ന ഞങ്ങളുടെ നാട്ടില്‍ കുറച്ചു വര്‍ഷങ്ങളായി വേനലിലും മഴയാണ്‌. എന്നിട്ടും ആററിലോ കിണറ്റിലോ വെള്ളമില്ല. കുരുമുളകും കാപ്പിയും പഴുത്ത്‌്‌്‌ ഉണങ്ങേണ്ട വേനല്‍ക്കാലത്ത്‌ തോരാമഴ......


പണ്ട്‌ അക്കരെ മലകളില്‍ രാത്രിയില്‍ തീ പടര്‍ന്നു പിടിക്കുന്നതു കാണാന്‍ രസമുണ്ടായിരുന്നു. ഇരുട്ടില്‍ ആ വെളിച്ചങ്ങള്‍ മാലകോര്‍ക്കും പോലെയോ പല പല ആകൃതിയലുമൊക്കെ കാണാമായിരുന്നു. ആ കാഴ്‌ച കണ്ട്‌ ഞങ്ങള്‍ ആനന്ദിച്ചു.

കല്ലുകള്‍ തമ്മില്‍ ഉരസിയുണ്ടാവുന്ന തീയല്ലെന്ന്‌ കുറച്ച്‌ വളര്‍ന്നശേഷമാണ്‌ മനസ്സിലാക്കാനായത്‌. ആ കാടിനരികിലൂടെ പോകുന്നവര്‍ എറിയുന്ന ബീഡിക്കുറ്റിയില്‍ നിന്നോ ചിലപ്പോള്‍ മനപ്പൂര്‍വ്വം തീയ്യിടുന്നതോ ആണെന്ന്‌ അമ്മച്ചി പറഞ്ഞു തന്നു. കത്തിയെരിയുന്ന കാട്‌ പിന്നീട്‌ കൈയ്യേറ്റഭൂമികളായി മാറിയിരുന്നു.

അന്നൊക്കെ കാഴ്‌ചയുടെ ആനന്ദത്തെ മാത്രമോര്‍ത്ത്‌ വീടിനു പുറകിലെ മലയ്‌ക്കും തീയിടുന്നതിനെക്കുറിച്ച്‌ ചിന്തിച്ചിട്ടുണ്ട്‌. ഒരിക്കല്‍ അയല്‍വീട്ടിലെ കൂട്ടുകാരോടൊത്ത്‌ തീയിടാനൊരുങ്ങി. ്‌ അരുത്‌ കുഞ്ഞുങ്ങളെ എന്ന ഐഷാബീ അമ്മച്ചിയുടെ വാക്കുകളായിരുന്നു ഞങ്ങളെ പിന്തിരിപ്പിച്ചത്‌. എന്നിട്ടും പലപ്പോഴും തീ പടര്‍ന്നു പിടിക്കുന്ന മലയെ സങ്കല്‍പിച്ചു.
ചൂടു കൂടുക മാത്രമായിരിക്കില്ല ഉണ്ടാവുന്നതെന്നും ഇഞ്ചക്കാടും അവിടുത്തെ താമസക്കാരായ കുറുക്കനും പാക്കാനും സര്‍പ്പങ്ങളും പക്ഷികളും അണ്ണാരക്കണ്ണനും കാട്ടുകോഴിയും ഉടുമ്പും അങ്ങനെ എന്തെല്ലാം വെന്തു വെണ്ണീറായി പോകുമെന്നും ഇന്നറിയാം. കുട്ടിയായിരിക്കുമ്പോഴാണെങ്കിലും അങ്ങനെയൊക്കെ ചിന്തിച്ചല്ലോ എന്നോര്‍ത്ത്‌ സങ്കടപ്പെടുന്നു.

ഇപ്പോള്‍ ഗ്യാസടപ്പുകളില്ലാത്ത വീടുകളില്ല. ഗ്യാസ്‌ പണം കൊടുത്ത്‌ വാങ്ങുന്നതായതുകൊണ്ട്‌ ഇപ്പോഴും പലരും സാധാരണ അടുപ്പുതള്‍ തന്നെയാണ്‌ ഉപയോഗിക്കുന്നത്‌. കാട്ടില്‍ നിന്നോ പറമ്പില്‍ നിന്നോ ശേഖരിക്കുന്ന വിറക്‌ എത്ര ആളിക്കത്തിച്ചാലും വിഷമമില്ല. പലപ്പോഴും പണവുമായി ബന്ധപ്പെടുത്തിയാവും അടുപ്പ്‌ ഉപയോഗിക്കുന്നത്‌. സാധാരണ അടുപ്പുകള്‍ മറ്റടപ്പുകളേക്കാള്‍ പ്രകൃതിക്ക്‌ ചൂടുകൂട്ടുന്നുവെന്ന്‌ പലര്‍ക്കുമറിയില്ല.
വയനാട്ടിലെ വീട്ടില്‍ അടുക്കളയുടെ മൂലയ്‌്‌്‌ക്ക്‌ രണ്ടുവര്‍ഷത്തിലേറെക്കാലം പരിത്തിന്റെ ഒരു ചൂടാറാപ്പെട്ടിയിരുന്നു. ഒരുപയോഗവുമില്ലാതെ എന്നു പറഞ്ഞു കൂടാ...ശര്‍ക്കരയോ പഞ്ചസാരയോ ഉറുമ്പരിക്കാതിരിക്കാന്‍ പലപ്പോഴും അതിലെടുത്തു വെച്ചു. എന്നാല്‍ ഒരിക്കല്‍ പോലും അതിന്റെ യഥാര്‍ത്ഥ ഉപയോഗമെന്തെന്നറിയാന്‍ മിനക്കെട്ടില്ല. അക്കാലമത്രയും സാധാരണ അടുപ്പില്‍ മണിക്കൂറുകളോളം തീയാളിക്കത്തിച്ച്‌ തന്നെ അരി വെന്തുകൊണ്ടിരുന്നു.



തീരപ്രദേശങ്ങളില്‍ താമസിക്കുന്ന സുഹൃത്തുക്കള്‍ക്ക്‌ ഇടുക്കിയിലെ കുന്നും മലകളുമൊക്കെ കാണുമ്പോള്‍ പേടിയാണ്‌. എല്ലാം കൂടി ഒരു ദിവസം ഇടിഞ്ഞു വീണാലോ എന്ന ഭയം. നിര്‍ത്താതെ പെയ്യുന്ന മഴയും ഉരുള്‍പ്പൊട്ടലുമൊക്കെ ആ പേടിയെ വളര്‍ത്തുന്നുമുണ്ട്‌.

കാഴ്‌ചയ്‌ക്ക്‌ സുന്ദരം. ജീവിക്കാന്‍ കൊള്ളില്ല എന്നൊക്കെ തമാശയായിട്ടെങ്കിലും പറയാറുമുണ്ട്‌.
ഒരമ്പതുകൊല്ലം കഴിയട്ടെ...കൊച്ചിയും ആലപ്പുഴയും കുട്ടനാടും മിക്കവാറും തീരപ്രദേശങ്ങളും ഭൂപടത്തിലുണ്ടാവില്ലെന്ന്‌്‌്‌ അവരോട്‌്‌്‌ തിരിച്ചും പറയാം.

കേന്ദ്ര ഭൗമശാസ്‌ത്ര മന്ത്രാലയം ശേഖരിച്ച സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച്‌ ഇന്ത്യന്‍ തീരത്ത്‌ സമുദ്രനിരപ്പ്‌ ഉയരുന്നതിന്റെ തോത്‌ കൂടുകയാണ്‌. കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ വര്‍ഷം തോറും 3.1 മില്ലി മീറ്റര്‍ എന്ന തോതിലാണ്‌ സമുദ്രനിരപ്പ്‌ ഉയര്‍ന്നത്‌. രണ്ടായിരം വരെ 1.3 മില്ലീ മീറ്റര്‍ എന്ന തോതിലായിരുന്നു. 2050 തോടെ ഒരുമീറ്റര്‍ ഉയരുമെന്നാണ്‌ സൂചന.

ആഗോളതാപനത്തിന്‌ കാരണം കാര്‍ബണ്‍ഡയോക്‌സയിഡ്‌ അടക്കമുള്ള ഹരിതഗൃഹവാതകങ്ങള്‍ അമിതമായി അന്തരീക്ഷത്തില്‍ വ്യാപിക്കുന്നതാണ്‌. ഊര്‍ജോത്‌പാദനം, വാഹനഗതാഗതം, ഭക്ഷ്യോത്‌പാദനം തുടങ്ങിയവയാണ്‌ വാതക വ്യാപനത്തിന്‌ മുഖ്യ കാരണം. ഹരിതഗൃഹ വാതകങ്ങളില്‍ ഏറ്റവും അപകടകാരി 'ചിരിപ്പിക്കുന്ന വാതകം' എന്നറിയപ്പെടുന്ന നൈട്രസ്‌ ഓകൈ്‌സഡാണ്‌. രാസ വളങ്ങളുടെ പ്രയോഗത്തിലൂടെയാണ്‌ ഈ വാതകം അന്തരീക്ഷത്തില്‍ വ്യാപിക്കുന്നത്‌. ഹരിത വിപ്ലവം തുടങ്ങിയ അറുപതുകള്‍ മുതലിങ്ങോട്ട്‌്‌്‌ കൃഷിമേഖലയില്‍ നൈട്രോജെനസ്‌ വളങ്ങളുടെ ഉപയോഗം 600 ശതമാനം വര്‍ധിച്ചിട്ടുണ്ട്‌. പ്രധാനമായും യൂറിയ, അമോണിയം സള്‍ഫേറ്റ്‌ തുടങ്ങിയ നൈട്രോജെനസ്‌ വളങ്ങളുടെ ഉപയോഗം മൂലമാണ്‌ നൈട്രസ്‌ ഓകൈ്‌സഡ്‌്‌്‌ അന്തരീക്ഷത്തില്‍ വ്യാപിക്കുന്നത്‌. ഇതിന്‌ പരിഹാരമായി നിര്‍ദ്ദേശിക്കുന്നത്‌ ജൈവകൃഷിയാണ്‌. ആദ്യവര്‍ഷങ്ങളില്‍ വിളവു കുറഞ്ഞാലും പിന്നീട്‌ മാറ്റമുണ്ടാവുമെന്ന്‌ പഠനങ്ങള്‍ പറയുന്നു.

കേരളാവസ്ഥയില്‍ അരിയോ മറ്റു ധാന്യങ്ങളോ ആയിരിക്കിരിക്കില്ല അടുത്ത തലമുറയുടെ പ്രധാന ആഹാരം. ഭക്ഷ്യധാന്യങ്ങളുടെ സ്ഥാനത്ത്‌ കേരളത്തില്‍ കാലാവസ്ഥ വ്യതിയാനത്തെ അതിജീവിച്ച്‌ നില്‍ക്കാന്‍ ശേഷിയുണ്ടാവുന്ന മരം പ്ലാവായിരിക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌. ചക്ക മുഖ്യ ഭക്ഷണമായി തീരും.

കാര്യമായ വള പ്രയോഗമൊന്നുമില്ലാതെ തന്നെ നന്നായി വളരുന്ന മരമാണ്‌ പ്ലാവ്‌. രാസവള പ്രയോഗമില്ലാതെ ശുദ്ധമായ ഫലം തരുന്ന വൃക്ഷം. കടുപ്പമേറിയ തടിയും കിട്ടും. അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡൈയോക്‌സൈഡിനെ സ്വീകരിക്കാനും കഴിയുന്നു.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പ്ലാവിന്റെ ഗുണങ്ങള്‍ പ്രചരിപ്പിക്കുകയും നട്ടു പിടിപ്പിക്കുകയും ചെയ്യുന്ന ഒരാള്‍ കേരളത്തിലുണ്ട്‌. ഇരിങ്ങാലക്കുടയ്‌ക്കടുത്ത്‌ വേളൂര്‍ക്കരയിലെ പ്ലാവ്‌ ജയന്‍ എന്ന കെ ആര്‍ ജയന്‍.

കുട്ടിക്കാലത്തെ ദാരിദ്ര്യമായിരുന്നു ജയനെ പ്ലാവിലേക്ക്‌ അടുപ്പിച്ചത്‌. അന്നു വിശപ്പു മാറ്റാന്‍ ചക്കയും ചക്കക്കുരുവും മാത്രമേ ഉണ്ടായിരുന്നുള്ളു. വീട്ടില്‍ വളര്‍ത്തിയ ആടുകളുടെ ഭക്ഷണം പ്ലാവിലയായിരുന്നു. തന്റെ വീട്ടിനുള്ളിലെ ജീവനുള്ളവയെയെല്ലാം തീറ്റീപ്പോററുന്നത്‌ പ്ലാവാണല്ലോ എന്ന ബോധം ജയനുണ്ടായി. സ്‌കൂള്‍ വളപ്പിലും റോഡരുകുകളിലും തൈകള്‍ നട്ടു തുടങ്ങുകയായിരുന്നു ഏഴാംക്ലാസുകാരന്‍..അപ്പോള്‍ തന്നെ പേരും വീണു. 'പ്ലാവുജയന്‍'. പിന്നീട്‌ പത്താംക്ലാസു കഴിഞ്ഞ്‌ കേരളത്തിനു പുറത്ത്‌ പല ജോലിക്കും പോയിട്ടും ജയനെ പ്ലാവുകള്‍ വിളിച്ചു കൊണ്ടിരുന്നു. ഇടയ്‌ക്ക്‌ ഗള്‍ഫില്‍ പതിനൊന്നുകൊല്ലം. നല്ല ജോലിയും ശമ്പളവുമായിരുന്നിട്ടും കുട്ടിക്കാലത്ത്‌ തന്റെയും കുടുംബത്തിന്റെയും വിശപ്പുമാറ്റിയ വൃക്ഷത്തെ മറക്കാന്‍ ജയനായില്ല. ജോലി ഒഴിവാക്കി പോന്നു. ഇപ്പോള്‍ പ്ലാവിന്‍ തൈകള്‍ നട്ടും നനച്ചും പരിപാലിച്ചുമിരിക്കുന്നു. ഒരു ലക്ഷം പ്ലാവ്‌ നട്ടു വളര്‍ത്തണമെന്നാണ്‌ ജയന്റെ ആഗ്രഹം. ഇതുവരെ ആറായിരത്തി ഇരുന്നൂറ്‌ പ്ലാവു നട്ടു വളര്‍ത്തി കഴിഞ്ഞു. ഈ പ്ലാവുകളിലെ ചക്കയായിരിക്കും വരും തലമുറയുടെ മുഖ്യാഹാരം എന്ന്‌ ജയന്‍ ഉറപ്പിച്ചു പറയുന്നു.


മറയൂര്‍ വനവും നേര്യമംഗലം കാടുകളും പരിചയിച്ചവള്‍ക്ക്‌്‌ കോഴിക്കോടു നഗരത്തിലെ ജീവിതം ചില കാര്യങ്ങളില്‍ അമ്പരിപ്പിക്കുന്നതായിരുന്നു. ആദ്യം വാടകക്കു താമസിച്ച വീടിനു ചുറ്റും മരങ്ങളുണ്ടായിരുന്നു. മാവും പ്ലാവും തെങ്ങുമൊക്കെയായി.....നഗരമാണെന്ന തോന്നലില്ലായിരുന്നു. പക്ഷേ മനുഷ്യരാണ്‌ പ്രശ്‌നം. പ്ലാവിലൊരുപാട്‌ ചക്ക. ഇടിച്ചക്ക, കൊത്തച്ചക്ക, പച്ചച്ചക്ക ഒന്നും ആര്‍ക്കും ആവശ്യമില്ല. പുഴുക്കും തോരനും ചക്കക്കുരുവും ഒന്നും വേണ്ട.

സ്വന്തമായൊരു വീടന്വേഷിച്ചപ്പോള്‍ കിണറും മരവുമുള്ള വീടാവണമെന്നാശിച്ചു. മുറ്റത്തൊരു പ്ലാവ്‌, പേര, രണ്ടു തെങ്ങുകള്‍, കിണര്‍....സന്തോഷമായി. ഞങ്ങള്‍ താമസമാക്കും മുമ്പേ അയല്‍ക്കാരന്‍ ലോഹ്യത്തില്‍ പറഞ്ഞു.

`എന്തിനാ ഈ പ്ലാവ്‌...?`

`ഒരു പ്ലാവല്ലേ അവിടെ നിക്കട്ടെ` ഞാന്‍ പറഞ്ഞു.

`ചക്കക്കുരു നട്ടാല്‍ എവിടെയും പ്ലാവുണ്ടാവും` ആ പറഞ്ഞതിന്റെ അര്‍ത്ഥം പിന്നീടാണു മനസ്സിലായത്‌. അതിരിനോടു ചേര്‍ന്നാണ്‌ പ്ലാവ്‌. ഇപ്പോള്‍ തൈ മരമാണ്‌. വലുതാവുമ്പോള്‍ ഇലകള്‍ അവരുടെ മുറ്റത്തു വീഴും. മറ്റൊരയല്‍ വീട്ടുകാരുടെ മരങ്ങളില്‍നിന്ന്‌ ഇലകള്‍ വീഴുന്നു എന്നും ചക്ക പഴുത്ത്‌ ചീഞ്ഞ്‌ ഈച്ചയാര്‍ക്കുന്നെന്നും എത്ര പറഞ്ഞിട്ടും വെട്ടി മാറ്റുന്നില്ലെന്നും അവര്‍ പറഞ്ഞു.

ആ വര്‍ഷം ഞങ്ങളുടെ പ്ലാവ്‌ കന്നി കായ്‌ച്ചു. കണ്ടിട്ട്‌ വെട്ടാന്‍ തോന്നുന്നില്ല. സങ്കടം...പക്ഷേ അയല്‍ക്കാരന്റെ കറുത്ത മുഖത്തിനു മുന്നില്‍ അവരുടെ അതിരിലേക്ക്‌ നീണ്ടു നിന്ന കൊമ്പുവെട്ടിയൊതുക്കാന്‍ ഒരാളെ ഏല്‌പിച്ചു. പക്ഷേ, അയാള്‍ തലയടക്കം വെട്ടി. അക്കൊല്ലത്തെ വേനലില്‍ മരമുണങ്ങിപ്പോയി.....



വരണ്ടു നില്‍ക്കുന്ന നീണ്ട ഇടവേളകള്‍ക്കു ശേഷം കനത്ത്‌ പെയ്യുന്ന മഴ (ഇടവപ്പാതിയല്ല) നല്‍കുന്ന സൂചന ആഗോള താപനത്തിന്റെ നിഴല്‍ നമ്മുടെ മുറ്റത്തും എത്തിയെന്നു തന്നെയാണ്‌. പത്ത്‌ വര്‍ഷം മുമ്പ്‌ വരെ ആഗോള താപനം ഊഹാപോഹങ്ങളുടെ ഒരു കുഴമറിച്ചിലായിരുന്നിരിക്കാം. ഇന്ന്‌ അത്‌ അങ്ങിനെയാകില്ല. ഒരു നൂറ്റാണ്ടിന്റെ കാലാവസ്ഥാ വിവരങ്ങളുടെ വിശകലനം നല്‍കുന്ന സൂചന അതാണ്‌. കേരളത്തില്‍ ഭൂമിശാസ്‌ത്രപരമായും കാലാവസ്ഥാപരമായും വ്യത്യസ്‌ത പുലര്‍ത്തുന്ന 12 കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്‌ത പഠനസംഘം നല്‍കുന്ന സൂചന കാലാവസ്ഥയില്‍ വളരെ പ്രകടമായ മാറ്റമുണ്ടാകുന്നുവെന്നു തന്നെയാണ്‌. കൃഷി, ഭക്ഷ്യ സുരക്ഷ, പൊതുജനാരോഗ്യം എന്നീ മേഖലകളില്‍ പുതിയ നയങ്ങള്‍ രൂപീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കഴിഞ്ഞ ഏപ്രില്‍ രണ്ടിന്‌ കൊച്ചിയില്‍ നടക്കാനിരുന്ന ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ്‌ മത്സരത്തിന്‌ മുന്നോടിയായി, അന്നത്തെ ദിവസം കനത്ത പേമാരിയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥാ നിരീക്ഷകര്‍ ഔദ്യോഗികമായി തന്നെ വിവരം നല്‍കിയിരുന്നു. ജീവിതത്തെ അപ്പാടെ മാറ്റി മറിക്കുന്ന കാലാവസ്ഥാ വ്യതിയാനമാണ്‌ ആഗോള താപനം ഉണ്ടാക്കാന്‍ പോകുന്നതെന്ന്‌ വിദഗധര്‍ പറയുന്നു.
ആഗോള തലത്തില്‍ തന്നെ സംഭവിക്കുന്ന ഈ മാറ്റം പ്രാദേശിക തലത്തില്‍ വ്യത്യസ്‌തമായ കാലാവസ്ഥാ വ്യതിയാനവും പാരിസ്ഥിതിക പ്രതിഫലനങ്ങളുമാണ്‌ സൃഷ്ടിക്കുക.
സമുദ്ര നിരപ്പിന്റെ ഉയരം വര്‍ധിക്കുക, കൂടിയ ചൂട്‌, വരള്‍ച്ച എന്നിവയായിരിക്കും പ്രധാന പ്രത്യാഘാതങ്ങള്‍. ചൂടുമായി ബന്ധപ്പെട്ട്‌ രോഗങ്ങളും പകര്‍ച്ച വ്യാധികളുമുണ്ടാകും. പല മാരക രോഗങ്ങള്‍ക്കും കാരണമായ വൈറസുകള്‍ ആഗോള താപന ഫലമായി വളരെ വേഗം മറ്റു രാജ്യങ്ങളിലേക്ക്‌ പെരുകാന്‍ സഹായകമാണെന്നാണ്‌ കണ്ടെത്തല്‍. കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കാന്‍ കഴിവുള്ള ജീവികളിലൂടെയാണ്‌ ഈ വൈറസുകള്‍ പടരുന്നത്‌.

സമുദ്രജലത്തിന്‌ ചൂടുകൂടുമ്പോള്‍ ഏതെല്ലാം ജീവികള്‍ക്ക്‌്‌ നാശം നേരിടേണ്ടി വരുന്നുണ്ടെന്ന്‌ കണ്ടെത്തേണ്ടിയിരിക്കുന്നു.
നമ്മുടെ വീട്ടുമുറ്റത്തും പറമ്പിലും വേലിയിലും വയലിലും കാലം തെറ്റാതെ വന്നുകൊണ്ടിരുന്ന പലതരം പക്ഷികളും ഇപ്പോള്‍ വരാതായിട്ടുണ്ട്‌്‌്‌്‌.

കടലിലെ പോലെ തന്നെ നമുക്കു ചുറ്റുമുള്ള പക്ഷികളിലും പറവകളിലും സസ്യങ്ങളിലും എത്രയെണ്ണം ഇല്ലാതായെന്നും വംശനാശ ഭീഷണി നേരിടുന്നുവെന്നും അറിയാനിരിക്കുന്നതേയുള്ളു. ചൂടിനെ പ്രതിരോധിക്കാന്‍ ശേഷിയില്ലാത്ത ജീവജാലങ്ങള്‍ ഓരോ പ്രദേശത്തു നിന്നും മാറിപ്പോവുകയോ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയോ ചെയ്യുന്നുണ്ട്‌.
ലോകം നേരിടുന്ന എറ്റവും വലിയ പാരിസ്ഥിതിക പ്രശ്‌നത്തിന്‌ അമേരിക്ക എന്തു തീരുമാനമെടുക്കുന്നു, ഇന്ത്യ എന്തു ചെയ്യുന്നു എന്നു നോക്കിയിരിക്കാതെ നമുക്ക്‌ എന്തു ചെയ്യാനാകും എന്നു ചിന്തിക്കാം. പൂര്‍ണ്ണമായും പ്രകൃതിയിലേക്ക്‌ മടങ്ങാനായില്ലെങ്കിലും അല്‌പമെങ്കിലും...

ആഗോളതാപനത്തെ ചെറുത്തു നിര്‍ത്താന്‍ ശേഷിയില്ലാത്ത പല സസ്യജന്തുജാലങ്ങളും ഭൂമുഖത്തുനിന്നും ഇല്ലാതായേക്കാം. ചില പരിണാമങ്ങളോടെ പുതിയവ വന്നു കൂടായ്‌കയുമില്ല.
എങ്കിലും ഈ ചൂടിനെ പ്രതിരോധിക്കാന്‍ നമുക്കൊരു മരമെങ്കിലും നട്ടു വളര്‍ത്താനായെങ്കില്‍... (വളര്‍ത്താന്‍ എന്നു പറയുന്നത്‌ നടാനാര്‍ക്കുമാവും. വളര്‍ത്താനാണ്‌ പ്രയാസമെന്നോര്‍ത്തു തന്നെ)

നാട്ടിലെ മഞ്ഞും തണുപ്പുമൊക്കെ ഏതെങ്കിലും മലയ്‌ക്കപ്പുറം ഒളിച്ചിരിപ്പുണ്ടെന്നും എന്നെങ്കിലുമൊരുനാള്‍ മടങ്ങി വരുമെന്നും സ്വപ്‌നം കാണാം. വെറുതെയാണെങ്കിലും...
ഞങ്ങളുടെ ആ മഞ്ഞിനെ കൊണ്ടു പോയതാരാണ്‌?
ആഗോളതാപനമല്ലാതെ...


* * * * * * * * * *

Sunday, February 14, 2010

പ്രണയപൂര്‍വ്വം

ഒരുനാള്‍ സ്വപ്‌നത്തില്‍ ഒട്ടും പരിചയമില്ലാത്തൊരാള്‍ എന്നെ വഴിയില്‍ തടഞ്ഞു നിര്‍ത്തി നിന്നെ ഞാന്‍ പ്രണയിക്കുന്നു എന്നു പറഞ്ഞു.
എന്നെ അറിയുമോ? ഞാന്‍ ചോദിച്ചു.
അവനത്‌ കേട്ടതായിപ്പോലും ഭാവിച്ചില്ല. പകരം കൈയ്യില്‍ കടന്നു പിടിച്ചുകൊണ്ട്‌ കണ്ണുകളിലേക്ക്‌ നോക്കി നിന്നെ പ്രണയിക്കാന്‍ തോന്നുന്നു എന്ന്‌ എനിക്കു മാത്രം കേള്‍ക്കാവുന്ന ശബ്ദത്തില്‍ പറഞ്ഞു. അപ്പോള്‍,
വിടൂ..എന്നെ വിടൂ..എന്നുറക്കെ കരഞ്ഞു ഞാന്‍.

ഈ പ്രായത്തിലും പ്രണയിക്കാന്‍ ഒരാള്‍ വന്നല്ലോ എന്നോര്‍ത്ത്‌ എനിക്ക്‌ ആകാശത്തേക്കുയരാമായിരുന്നു. പക്ഷേ, എന്തോ കൂടുതലൊന്നും ചിന്തിക്കായില്ല.
അവന്റെ കൈകള്‍ തട്ടി രക്ഷപ്പെടാന്‍ ഒരു ശ്രമം നടത്തി. പക്ഷേ അതെന്നേ മുറുകെ പിടിച്ചിരിക്കുകയാണ്‌.
തുടര്‍ന്നെന്താണ്‌ സംഭവിക്കുന്നതെന്നറിയാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഭൂതങ്ങളെന്നെ ഉണര്‍ത്തിക്കളഞ്ഞു.
സ്വപ്‌നം മുറിഞ്ഞതില്‍ വല്ലാത്ത സങ്കടവും നിരാശയും തോന്നി.

കുറേനാള്‍ കഴിഞ്ഞാണ്‌, ഒരാളെ കാണാന്‍ എനിക്കു പോകേണ്ടി വന്നത്‌.
മടക്കത്തില്‍ ആ രണ്ടാംനിലയുടെ പടികളിറങ്ങുമ്പോഴാണ്‌ ഭൂതോദയം...ഇപ്പോള്‍ കണ്ട മനുഷ്യനെ എവിടെയോ വെച്ച്‌ കണ്ടിട്ടുണ്ടല്ലോ...
അന്നുകണ്ട സ്വപ്‌നത്തില്‍.... ഇതെന്തു മറിമായം? .....അപ്പോള്‍ വല്ലാത്തൊരു വിറയല്‍ അനുഭവപ്പെട്ടു. പരിഭ്രമം....

പ്രണയഭാവം ഏററവും ഉയരത്തില്‍ നില്‌ക്കുന്നത്‌ ഇരുവരും നിശബ്ദരായിരിക്കുമ്പോഴാണെന്ന്‌ തോന്നുന്നു. പരസ്‌പരം പ്രണയമുണ്ടെന്നറിയാം. പക്ഷേ പറയുന്നില്ല.

ഒരു നീറ്റല്‍ വിടാതെ പിന്തുടര്‍ന്നുകൊണ്ടിരിക്കും.
പറഞ്ഞുപോയാല്‍ പ്രണയത്തിന്റെ മാധുര്യം തീര്‍ന്നു പോകുന്നുവെന്നാണ്‌ തോന്നുന്നത്‌. പിന്നീട്‌ പ്രണയത്തിനു പകരം സ്വാര്‍ത്ഥതയായിരിക്കും മുന്നില്‍ നില്‍ക്കുക. എങ്ങനെയും സ്വന്തമാക്കുക എന്ന തോന്നല്‍. പ്രണയം സ്വന്തമാക്കലാണെന്ന്‌ വിശ്വസിക്കാത്തതുകൊണ്ടാവണം പറഞ്ഞു കഴിഞ്ഞുള്ള പ്രണയത്തോട്‌ പൊരുത്തപ്പെടാനാവാത്തത്‌.
സ്വന്തമാക്കുക എന്ന ലക്ഷ്യം മാത്രമുള്ളതുകൊണ്ടാണ്‌ പ്രണയനൈരാശ്യം, നഷ്ടമൊക്കെയുണ്ടാവുന്നത്‌. ആ ചിന്തയില്ലെങ്കില്‍ പ്രണയം എന്നും നിലനില്‌ക്കും.
ആണിനും പെണ്ണിനുമിടയില്‍ പ്രണയത്തേക്കാളേറെ സ്വാര്‍ത്ഥതയ്‌ക്ക്‌ മുന്‍തൂക്കമുള്ളിടത്തോളം കാലം മറ്റെന്തിനെയെങ്കിലും പ്രണയിക്കുകയാവും ബുദ്ധി.

എനിക്കീ ജന്മത്ത്‌ ഒരാളെ പ്രണയിക്കാനാവുമെന്ന്‌ തോന്നുന്നില്ല. ചിലപ്പോള്‍ കുറച്ചു നേരത്തേക്ക്‌, അല്ലെങ്കില്‍ ഒന്നോ രണ്ടോ ദിവസത്തേക്ക്‌ തോന്നിയേക്കാവുന്ന ആകര്‍ഷണത്തിനപ്പുറം എന്റെ സങ്കല്‌പത്തിലെ പ്രണയത്തിലേക്ക്‌ കടന്നുവരാന്‍ ആരുമുണ്ടാവില്ല. ഈ പ്രായത്തിലും അങ്ങനെയൊരാള്‍ വരുമെന്ന്‌ കരുതിയിരിപ്പാണോ എന്നൊരു ചോദ്യം പ്രതീക്ഷിക്കുന്നുണ്ട്‌. എന്നാലും....
പ്രണയിക്കുന്ന ഹൃദയം നഷ്ടപ്പെട്ടിട്ടില്ലെന്ന്‌ ഉറപ്പാണ്‌. അതെപ്പോള്‍ മുതലാണ്‌

എന്നിലേക്ക്‌ കടന്നുകൂടിയതെന്ന്‌ വ്യക്തമല്ല. എപ്പോള്‍ നഷ്ടമാവുമെന്നും...

Friday, February 12, 2010

ചില സംശയങ്ങള്‍

പച്ചയെല്ലാം പച്ചപ്പല്ല- ഭാഗം 2

അധിനിവേശ ജീവജാതികളുടെ പ്രദര്‍ശനത്തില്‍ കണ്ട രണ്ടു സസ്യങ്ങള്‍ എങ്ങനെ ഇക്കൂട്ടത്തില്‍ പെട്ടു എന്നു മനസ്സിലായില്ല. ആവണക്കും തൊട്ടാവാടിയുമായിരുന്നു അവ. കേരളത്തില്‍ തന്നെ പല നഗരപ്രാന്തങ്ങളിലും ആവണക്ക്‌ തഴച്ചു വളരുന്നുണ്ട്‌. പരിസ്ഥിതിക്കും ആവാസവ്യവസ്ഥക്കും ആരോഗ്യത്തിനും മറ്റു സസ്യജന്തുജാലങ്ങള്‍ക്കും ഭീഷണിയാവുമ്പോഴാണ്‌ ആ സസ്യമോ ജീവിയോ അധിനിവേശ ജീവജാതികളുടെ കൂട്ടത്തില്‍പ്പെടുന്നത്‌.

എന്നാല്‍ ആയൂര്‍വേദത്തിലെ പ്രധാനപ്പെട്ട പത്ത്‌ ഔഷധ സസ്യങ്ങളില്‍ ഒന്നായിരിക്കും ആവണക്ക്‌. വിഷസസ്യവുമാണ്‌. വിത്തിലെ റിസിന്‍ എന്ന ഘടകം ഏറ്റവും വിഷശക്തിയുള്ള ഗ്ലൈക്കോ പ്രോട്ടീന്‍ ആണ്‌. എല്ലാവാത രോഗങ്ങള്‍ക്കും ഉത്തമൗഷധമാണ്‌. വാതം, വേദന, നീര്‌്‌ എന്നിവയെ കുറയ്‌ക്കുകയും ഗര്‍ഭായ ശുദ്ധിയുണ്ടാക്കുകയും ചെയ്യുന്നു.
ഏരണ്ഡാദികഷായം, രാസ്‌നേരണ്ഡാദി കഷായം, സുകുമാരഘൃതം, ബലാരിഷ്ടം, വിദാര്യാദിഘൃതം എന്നിവയിലെ പ്രധാനചേരുവയാണ്‌ ആവണക്ക്‌.
എണ്ണയും വേരും ഇലയുമാണ്‌ ഔഷധയോഗ്യം. ഇന്ത്യയില്‍ എണ്ണക്കുരുവിന്‌ വേണ്ടി കൃഷി ചെയ്യുന്നുമുണ്ട്‌.
എന്നിട്ടുമെന്തു കൊണ്ടാണ്‌ ആവണക്ക്‌ അധിനിവേശ സസ്യങ്ങളില്‍ ഉള്‍പ്പെട്ടത്‌്‌?
ശാസ്‌ത്രാഭിപ്രായങ്ങള്‍ ഭിന്നമായിരിക്കുന്നതായിരിക്കാം കാരണം. സസ്യങ്ങള്‍ക്കൊന്നും കാര്യമായ ഔഷധഗുണമില്ലെന്നു വിശ്വസിക്കുന്നവര്‍ക്ക്‌ മിക്ക ചെടികളും കളയാണ്‌.


പ്രമേഹമുളളവര്‍ തൊട്ടാവാടി ഇടിച്ചു പിഴിഞ്ഞു നീരെടുത്ത്‌ കുടിക്കാറുണ്ട്‌. ആസ്‌തമക്കും അലര്‍ജിക്കും ഉപയോഗിക്കുന്നു ഈ സസ്യം.
നിലത്ത്‌ വല്ലാതെ വളര്‍ന്ന്‌ പന്തലിച്ച്‌ മറ്റു സസ്യങ്ങളുടെ വളര്‍ച്ചയെ ഇല്ലാതാക്കുന്നു എന്നാതാണ്‌ തൊട്ടാവാടിയെ അധിനിവേശ സസ്യമാക്കാന്‍ കാരണം.

ചെറുപ്പത്തില്‍ പ്രദേശത്തൊരിടത്തും കാണാതിരുന്ന പച്ചവള്ളി സസ്യം പത്തുപതിനഞ്ചുകൊല്ലം മുമ്പാണ്‌ കണ്ടു തുടങ്ങിയത്‌. പാറ വെട്ടുകളിലും ഈററത്തുറുകളിലും പുല്‍മേടുകളിലും അത്‌ അതിവേഗം പടര്‍ന്നു പിടിച്ചു. കമ്മ്യൂണിസ്റ്റ്‌ പച്ചയോട്‌ സാമ്യമുള്ള തിളക്കമാര്‍ന്ന കടുംപച്ച ഇലകള്‍..രുചിച്ചു നോക്കിയപ്പോള്‍ കയ്‌പ്പ്‌. പശുവിന്‌ പുല്ലരിയുമ്പോള്‍ കൂട്ടത്തില്‍ പെട്ടുപോകും. പക്ഷേ, കന്നുകാലി തിന്നും. അധികമായാല്‍ വയറിളകും. ഈ സസ്യത്തിന്റെ പേര്‌ ഒരിടത്തും പറഞ്ഞു കേള്‍ക്കാത്തതുകൊണ്ട്‌ നാട്ടുകാര്‍ കയ്‌പ്പന്‍പച്ച (Mikania macrantha) എന്നു വിളിച്ചു.


ദിവസം പത്തുസെന്റിമീറ്ററോളം വളരും.
രണ്ടാംലോകമഹായുദ്ധകാലത്ത്‌ വ്യോമതാവളങ്ങളെ ശത്രൂദൃഷ്ടിയില്‍ നിന്ന്‌ മറച്ചുവെയ്‌ക്കാന്‍ ഈ സസ്യത്തെ വളര്‍ത്തി. ഇന്ത്യയിലും അങ്ങനെയാണെത്തിയത്‌.
പൂക്കുമ്പോള്‍ അതിവേഗം വിത്തുവിതരണം നടക്കും. കാറ്റിലും വസ്‌ത്രങ്ങളില്‍ പറ്റിപ്പിടിച്ചുമൊക്കെ വിത്തു പടരും.


കേരളത്തില്‍ ചില സ്ഥലങ്ങളില്‍ ധൃതരാഷ്ടപ്പച്ച എന്ന പേരിലറിയപ്പെടുന്ന സസ്യം ഭ്രാന്തമായ രീതിയില്‍ വളര്‍ന്ന്‌ ജൈവ വൈവിധ്യത്തിനും കൃഷിക്കും ഭീഷണിയായി നില്‌ക്കുകയാണ്‌.




വീട്ടുമുറ്റത്തെ കുരുമുളകുകൊടിയില്‍ പടര്‍ന്നുപിടിച്ച ധൃതരാഷ്ട്രപ്പച്ച, നേരം കിട്ടുമ്പോഴൊക്കെ വേരോടെ പറിച്ചുകളയുകയാണെന്ന്‌ അമ്മച്ചി പറഞ്ഞു. ഒരുമാസം മുഴവനിരുന്ന്‌ പറിച്ചാലും തീരാത്തത്ര കയ്‌പന്‍പച്ചവള്ളി ഞങ്ങളുടെ പറമ്പിലിപ്പോഴുണ്ട്‌. തെങ്ങും പ്ലാവും കവുങ്ങുമൊഴിച്ച്‌ മറ്റെല്ലാ ചെടികളെയും അവ മൂടിക്കഴിഞ്ഞു. കാപ്പിയും കൊക്കോയുമൊന്നും തിരിച്ചറിയാതെയായി. പുല്ലുപടര്‍ന്ന റബ്ബറിനിടയില്‍ ഇപ്പോള്‍ പച്ചവിരിക്കുന്നത്‌ ധൃതരാഷ്ട്രപ്പച്ചയാണ്‌.

അധിനിവേശ സസ്യങ്ങളില്‍ കമ്മ്യൂണിസ്റ്റ്‌ പച്ചയോളം ഭാഗ്യം കിട്ടിയ ഒന്നുമുണ്ടാവില്ല. മലയാളിയെന്നും ഗൃഹാതുരതയോടെ ഓര്‍ക്കുന്ന അധിനിവേശ സസ്യമാവും കമ്മ്യൂണിസ്‌റ്റ്‌ പച്ച (Chromolaena odorata). 1840 ല്‍ കല്‍ക്കട്ടയിലെ ബോട്ടണിക്കല്‍ ഗാര്‍ഡനില്‍ അലങ്കാരസസ്യമായി എത്തിയതാണ്‌ ഈ സുന്ദര വില്ലന്‍. പിന്നീടങ്ങോട്ട്‌ തെക്കുകിഴക്കന്‍ ഏഷ്യ മുഴുവന്‍ ഈ സസ്യം വ്യാപിച്ചു.

തണ്ടും ഇലയും എല്ലാം പച്ച നിറമാര്‍ന്ന ഈ സസ്യത്തിനെങ്ങനെ ചുവപ്പന്‍ പേരു വന്നു എന്ന്‌്‌ കേട്ടു തുടങ്ങിയ കാലം മുതല്‍ ചിന്തിച്ചിട്ടുണ്ട്‌. ഇളം നീലയോ വെള്ളയോ പൂവും പൂങ്കുലയും. ചുവപ്പിന്റെ ഒരടയാളവും കമ്മ്യൂണിസ്റ്റ്‌ പച്ചക്കില്ലായിരുന്നു.

1940 കളിലാണ്‌ കേരളത്തില്‍ കമ്മ്യൂണിസ്റ്റ്‌ പച്ച കണ്ടുതുടങ്ങിയത്‌. അതേ കാലത്തു തന്നെയായിരുന്നു കമ്മ്യൂണിസ്റ്റ്‌്‌ പാര്‍ട്ടിയുടെ ഉദയവും.
കമ്മ്യൂണിസ്റ്റുകളുടെ വളര്‍ച്ചയെ എതിര്‍ത്തവര്‍ ഈ കുറ്റിച്ചെടി അതിവേഗം വളര്‍ന്ന്‌ കാര്‍ഷികവിളകള്‍ക്ക്‌്‌ നാശം വിതക്കാന്‍ തുടങ്ങിയപ്പോള്‍ അവരുമായി താരതമ്യപ്പെടുത്തി ഈ പേരു ന്‌ല്‌കുകയായിരുന്നു. കോഴിക്കോട്‌ ചിലയിടങ്ങളില്‍ ഈ സസ്യം അറിയപ്പെടുന്നത്‌ ഇ എം എസ്‌ പച്ച എന്നാണ്‌. ഇ എം എസിന്റെ ഭരണകാലത്താണത്രേ കമ്മ്യൂണിസ്റ്റ്‌്‌്‌്‌്‌ പച്ച കോഴിക്കോട്‌ എത്തിയത്‌.



അപ്പ എന്നും, കമ്മ്യൂണിസ്റ്റ്‌്‌ അപ്പ എന്നും ഐമുപ്പച്ച എന്നുമൊക്കെ പലപേരുകളില്‍ ഈ സസ്യം അറിയപ്പെടുന്നുണ്ട്‌. കമ്മ്യൂണിസ്റ്റ്‌ പച്ചയില്ലാത്ത പറമ്പുകളില്ല കേരളത്തില്‍.

റബ്ബറിനും തേയിലക്കും കാപ്പിക്കും ഏലത്തിനുമൊക്കെ വന്‍ ഭീഷണിയാണ്‌ കമ്മ്യൂണിസ്റ്റ്‌ പച്ച. കൃഷി കൂടാതെ തദ്ദേശീയ സസ്യയിനങ്ങളെ വളരാന്‍ അനുവദിക്കാതെ കൂട്ടത്തോടെ വളര്‍ന്ന്‌ വ്യാപിച്ച്‌ ഭീഷണിയാകുന്നു. സംരക്ഷിത വനങ്ങള്‍ക്കും ജൈവവൈവിധ്യത്തിനും ഈ അധിനിവേശ സസ്യം വരുത്തുന്ന കോട്ടം ചില്ലറയല്ല.

പക്ഷേ, ഈ ഭീഷണികളെക്കാളേറെ മലയാളികളുടെ ഹൃദയത്തോട്‌ അടുത്തു നില്‍ക്കുന്നു കമ്മ്യൂണിസ്‌റ്റ്‌ പച്ച.
അടുത്ത കാലത്തായി സാഹിത്യത്തിലും ഈ കുറ്റിച്ചെടി കടന്നു വന്നിട്ടുണ്ട്‌. സുസ്‌മേഷ്‌ ചന്ത്രോത്തും ഉണ്ണി ആറും എഴുതിയ കഥകളിലും തമിഴ്‌ എഴുത്തുകാരന്‍ ജയമോഹന്റെ അനുഭവക്കുറിപ്പുകളിലും കമ്മ്യൂണിസ്റ്റ്‌ പച്ചയുടെ സാന്നിധ്യമുള്ളത്‌ വായിച്ചതോര്‍ക്കുന്നു. കമ്മ്യൂണിസ്റ്റ്‌ പച്ച എന്ന പേരില്‍ തന്നെ ബിജോയ്‌ ചന്ദ്രന്‍ കവിത എഴുതിയിട്ടുണ്ട്‌.

അധ്യാപകര്‍ക്കും അമ്മമാര്‍ക്കും പെട്ടെന്നൊടിച്ചെടുക്കാവുന്ന വടിയാണിത്‌. അടികിട്ടുമ്പോള്‍ ഇന്നാട്ടിലെങ്ങും ഈ ചെടി ഇല്ലായിരുന്നെങ്കിലെന്ന്‌ ആശിച്ചിട്ടുണ്ട്‌്‌. വേദനകൊണ്ട്‌. എല്ലാ അധിനിവേശങ്ങളും തദ്ദേശീയര്‍ക്ക്‌ വേദനയാണല്ലോ...


കപ്പ പൂത്ത്‌ കായാവുന്ന സമയത്ത്‌ , ആ കപ്പക്കായകള്‍ പറിച്ചെടുത്ത്‌ ഈര്‍ക്കിലി കുത്തി കമ്മ്യൂണിസ്റ്റ്‌ പച്ചയുടെ തണ്ടിന്റെ അറ്റത്ത്‌ ഒരു തുളയുണ്ടാക്കി കടത്തി വണ്ടിയുണ്ടാക്കി കളിക്കുന്ന എത്ര പേരെയാണ്‌ കണ്ടത്‌. അന്ന്‌ ഓലപ്പന്തും പീപ്പിയും കമ്മ്യൂണിസ്റ്റ്‌ പച്ചയിലെ കപ്പക്കായ വണ്ടിയുമൊക്കെയായിരുന്നല്ലോ കളിക്കോപ്പുകള്‍.

ഈ അമേരിക്കന്‍ സ്വദേശി ഇന്ന്‌ ഏഷ്യയിലും ആഫ്രിക്കയിലും പസഫിക്‌ മേഖലയിലും എത്തിയിരിക്കുന്നു. എത്ര വെട്ടിക്കളഞ്ഞാലും അതേ വേഗത്തില്‍ തളിര്‍ത്തു പടരുന്നു.

ചിക്കുന്‍ ഗുനിയയും കമ്മ്യൂണിസ്റ്റ്‌ പച്ചയും തമ്മിലെന്താണ്‌?

നമ്മുടെ കമ്മ്യൂണിസ്റ്റ്‌ പച്ചയക്ക്‌ വല്ല ഔഷധഗുണവുമുണ്ടോ എന്ന്‌
ഒരു വര്‍ഷമുമ്പാണ്‌ ടി. സി. രാജേഷ്‌ എന്ന ഇടുക്കിക്കാരന്‍ സുഹൃത്ത്‌ ചോദിച്ചത്‌. അപ്രതീക്ഷിതമായി ചോദ്യമായിരുന്നതുകൊണ്ട്‌ ഒരെത്തും പിടിയും കിട്ടിയില്ല.
വല്ലിടത്തും വീണു കൈയ്യോ കാലോ മുറിഞ്ഞാല്‍ ഈ ചെടിയുടെ കൂമ്പ്‌ ഞെരടി വെയ്‌ക്കുന്നത്‌ കണ്ടോര്‍മയുണ്ട്‌. അക്കാര്യം പറഞ്ഞപ്പോള്‍്‌ രാജേഷിനും അതറിയാം. പക്ഷേ, തെക്കന്‍ജില്ലകളില്‍ ചിക്കുന്‍ഗുനിയക്ക്‌ പ്രതിവിധിയായി കമ്മ്യൂണിസ്റ്റ്‌ പച്ച ഉപയോഗിക്കുന്നത്രേ! എന്നാലതു വലിയ കാര്യമല്ലേ...ധാരാളംപേര്‍ ഉപയോഗിച്ചു ഫലം കണ്ട്‌ അനുഭവസാക്ഷ്യം തരാന്‍ നില്‍ക്കുന്നു പോലും. എന്തായാലും പിന്നീടിക്കാര്യം മറന്നു.



ഇക്കൊല്ലം മലബാറില്‍ ചിക്കുന്‍ ഗുനിയ പടര്‍ന്നു പിടിച്ചപ്പോഴാണ്‌ വീണ്ടും ഈ ചെടിയുടെ ഔഷധ ഗുണത്തെപ്പറ്റി്‌ കേള്‍ക്കുന്നത്‌. കമ്മ്യൂണിസ്റ്റ്‌കാരുടെ പേരു ചീത്തയാക്കാന്‍ ജനിച്ച ചെടി എന്നൊക്കെ പറഞ്ഞിടത്തുനിന്ന്‌ ഒറ്റയടിക്കാണ്‌ നിലവാരമുയര്‍ന്നത്‌.
ചിക്കുന്‍ഗുനിയയുടെ നീരിനും വേദനക്കും കമ്മ്യൂണിസ്റ്റ്‌ പച്ചയിട്ട്‌ തിളപ്പിച്ചവെള്ളത്തില്‍ കുളിച്ചാല്‍ മതിയെന്ന്‌. അധിനിവേശ വൈറസ്‌ ഉണ്ടാക്കിയ രോഗത്തിന്‌ അധിനിവേശ സസ്യം തുണ. കമ്മ്യൂണിസ്‌റ്റു പച്ച നാട്ടില്‍ പടര്‍ന്നതിനേക്കാള്‍ വേഗത്തില്‍ ഔഷധഗുണം പടര്‍ന്നു. കോഴിക്കോട്‌ കെട്ടൊന്നിന്‌ പത്തു രൂപയ്‌ക്കും 20 രുപയ്‌ക്കും വില്‍ക്കുന്നതു കണ്ടു. കണ്ണൂരില്‍ 80 രൂപയ്‌ക്കാണത്രേ വില്‌പന നടന്നത്‌. നാട്ടില്‍ ഈ ചെടി കിട്ടാനില്ലാത്ത അവസ്ഥ വന്നു. പല ആയൂര്‍വ്വേദ, ഹോമിയോ ഡോക്ടര്‍മാരും ഈ മരുന്നിനെ അനുകൂലിച്ചു. ചില അലോപ്പതിക്കാരും.

കിഴക്കന്‍ ആഫ്രിക്കന്‍ ദേശങ്ങളില്‍ 1952ലാണ്‌ കൊതുകളില്‍നിന്നും മനുഷ്യനില്‍ നിന്നും ചിക്കുന്‍ഗുനിയ വൈറസ്‌ കണ്ടെത്തിയതെങ്കിലും ലോകാരോഗ്യ സംഘടനയുടെ 2006ലെ റിപ്പോര്‍ട്ട്‌ പ്രകാരം 1779 മുതല്‍ ചിക്കുന്‍ഗുനിയ നിലവിലുണ്ട്‌. ഡെങ്കിപ്പനിയും എലിപ്പനിയുമായി ലക്ഷണങ്ങളില്‍ സാമ്യമുള്ളതുകൊണ്ട്‌ മുന്‍കാലങ്ങളില്‍ വേര്‍ തിരിച്ചറിഞ്ഞില്ലെന്നു മാത്രം.

കമ്മ്യൂണിസ്റ്റ്‌്‌ പച്ചയില്‍ നിന്ന്‌ ആരായിരിക്കാം ചിക്കുന്‍ഗുനിയക്ക്‌ മരുന്നു കണ്ടുപിടച്ചത്‌ എന്നായി ചിന്ത. ഏതെങ്കിലും നാടന്‍ വൈദ്യനാവാം. വേദന സഹിക്കാതായപ്പോള്‍ ആര്‍ക്കോ തോന്നിയ പൊട്ട ബുദ്ധി.... അങ്ങനെ എന്തുമാവാം.
പക്ഷേ, കമ്മ്യൂണിസ്റ്റ്‌ പച്ച ഒരു അധിനിവേശ സസ്യമാണ്‌, അതിനുള്ളില്‍ ഔഷധഗുണമൊന്നുമില്ലെന്ന്‌ കൂടുതല്‍ പേര്‍ വാദിച്ചു. ചില അലോപ്പതി ഡോക്ടര്‍മാര്‍ കമ്മ്യൂണിസ്‌റ്റ്‌ പച്ചയുടെ പേരുപോലും പറഞ്ഞുപോകരുതെന്ന്‌ താക്കീതു ചെയ്‌തു.
താക്കീതിനൊപ്പം പറഞ്ഞുകേട്ട കഥ അതിലും ഭീകരമായിരുന്നു. കമ്മ്യൂണിസ്റ്റ്‌ പച്ചയിട്ടു തിളപ്പിച്ച വെള്ളം മഞ്ഞപ്പിത്തമുണ്ടാക്കുമത്രേ! മെഡിക്കല്‍ കോളേജില്‍ ഇതെഴുതി വെച്ചിട്ടുണ്ടുപോലും. ചിക്കുന്‍ഗുനിയ പരത്തുന്ന രോഗാണുവും മഞ്ഞപ്പിത്തവും തമ്മിലെന്തുബന്ധം? അല്ലെങ്കില്‍ തിളപ്പിച്ച കമ്മ്യൂണിസിസ്റ്റ്‌ വെള്ളവും മഞ്ഞപ്പിത്തവും തമ്മിലെന്ത്‌്‌്‌?
പരിചയമുള്ള ഡോക്ടറെ വിളിച്ചന്വേഷിച്ചപ്പോള്‍ അത്‌ കെട്ടുകഥയാവാനാണ്‌ സാധ്യത എന്നു പറഞ്ഞു. അങ്ങനെയെങ്ങാന്‍ എഴുതിവെച്ചാല്‍ പത്രക്കാര്‍ വട്ടമിട്ടു പറക്കുന്നു, മെഡിക്കല്‍ കോളേജിനു ചുററുമെന്ന്‌ ഡോക്ടര്‍.

ഏതെങ്കിലും ഹോമിയോ ഡോക്ടറില്‍ നിന്നാവണം കമ്മ്യൂണിസ്‌റ്റ്‌ പച്ച പകര്‍ച്ചപ്പനിക്കു മരുന്നാണെന്നുള്ള അറിവ്‌ പടര്‍ന്നത്‌. ഈ സസ്യത്തില്‍ നിന്ന്‌ വേര്‍തിരിച്ചെടുക്കുന്ന Eupatorium perfoliatum എന്ന മരുന്നാണ്‌ നീരിനും വേദനയ്‌ക്കുമായി നല്‍കിക്കൊണ്ടിരിക്കുന്നത്‌. അത്‌ യൂറോപ്പിലെ സസ്യത്തില്‍ നിന്നാണ്‌. ഇവിടുത്തെ ചെടികള്‍ക്കു വേണ്ടത്ര ഗുണമില്ലെന്നും കേള്‍ക്കുന്നു.

ഏതായാലും ജൈവ അധിനിവേശം മൂലമുള്ള നാശനഷ്ടങ്ങള്‍ പെരുകിക്കൊണ്ടിരിക്കുകയാണ്‌. ജൈവ അധിനിവേശത്തില്‍ നമ്മുടെ നാടിനെ എങ്ങനെ സംരക്ഷിക്കാം എന്നാലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കടപ്പാട്‌:
Western Ghats Field Research Station, Zoological Survey of India, Kozhikode.
Global Invasive Species Database
U N, World Watch Institute.
മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌

ഫോട്ടോ-സുനില്‍ കെ ഫൈസല്‍

Monday, January 25, 2010

പച്ചയെല്ലാം 'പച്ചപ്പ'ല്ല

ഭാഗം ഒന്ന്‌


വാടകവീടിന്റെ അടുക്കളവാതില്‍ തുറന്നത്‌‌ ഒഴിഞ്ഞ ഒരു പറമ്പിലേക്കായിരുന്നു. വലിയ വലിയ കെട്ടിടങ്ങള്‍ക്കിടയില്‍ ഈ പറമ്പ്‌ ഒറ്റപ്പെട്ടു നിന്നു. അവിടെ കണ്ട വീടിന്റെ അവശിഷ്ടങ്ങള്‍ക്കും പൊട്ടക്കിണറിനുമിടയില്‍ വേനലായിരുന്നിട്ടും പച്ച കാണാമായിരുന്നു. തെങ്ങുകള്‍ക്കിടയില്‍ നിന്ന ചെടികള്‍ മിക്കതും ഉണങ്ങിത്തുടങ്ങിയിരുന്നു. എങ്കിലും നഗരത്തിനുള്ളില്‍ ഇത്രയും പച്ചപ്പുകാണാനായതില്‍ സന്തോഷിച്ചു.

ചൂടുകൂടിത്തുടങ്ങിയതോടെ കാടു പൂര്‍ണ്ണമായും കരിഞ്ഞു. പൊട്ടക്കിണറിന്റെ വക്കത്ത്‌ കീരിയെ കണ്ടു. ഉണങ്ങിയ കാട്ടില്‍ ചേരയിഴഞ്ഞു. ഒരു ദിവസം വെട്ടുകത്തിയുമായി ഒരാള്‍ വന്നു. മൂന്നുനാലുദിവസംകൊണ്ടയാള്‍ കാടുവെട്ടിക്കൂട്ടി തീയിട്ടു. ആകാശത്തേക്ക്‌ തീയുയര്‍ന്നപ്പോള്‍ ഇനിയൊരു പച്ചയെ കാണാനാവില്ലല്ലോ എന്നോര്‍ത്തു സങ്കടപ്പെട്ടു.
പക്ഷേ, ആദ്യത്തെ മഴക്കുതന്നെ വിത്തുകളെല്ലാം മുളപൊട്ടി. ഒരു പച്ചപ്പരവതാനി വിടര്‍ന്നു. സൂക്ഷിച്ചുനോക്കി. വലിയൊരു പറമ്പില്‍ ചെടികളുടെ വൈവിധ്യങ്ങളൊന്നുമില്ല. വേനല്‍ അതിജിവിച്ചു നിന്ന വട്ടയെ, പ്ലാവിന്‍തൈയ്യെ ഞെരിച്ചമര്‍ത്തിക്കൊണ്ട്‌ പുതിയ പച്ച വളര്‍ന്നു വരുന്നു.
കാഴ്‌ചയക്ക്‌ കൂമുള്ളുനോടും ഇഞ്ചയോടും സാമ്യമുണ്ട്‌. ഇളം വയലറ്റ്‌ പൂക്കള്‍. ചെറുപ്പത്തില്‍ കണ്ടുശീലിച്ച സസ്യമായിരുന്നില്ല അത്‌. അടുത്തിടെമാത്രം കണ്ടുതുടങ്ങിയത്‌്‌. ഇഞ്ചയോട്‌ സാദൃശ്യമുള്ളതും എന്നാല്‍ ചെറുതുമായിരുന്നതുകൊണ്ട്‌ ഞങ്ങളതിനെ ഉണ്ണീഞ്ച എന്നു വിളിച്ചു.
ഇവിടെയത്‌ ആനത്തൊട്ടാവാടിയും പാണ്ടിത്തൊട്ടാവാടിയുമായിരുന്നു. (mimosa diploricha) .
ഏതു ചെറുപറമ്പിലും അറിയുന്ന സസ്യങ്ങളെ തിരയുന്നവളെ ഉണ്ണീഞ്ചയുടേതുമാത്രമായ ആ ലോകം വിഷമിപ്പിച്ചു.

2009 മെയ്‌ 22. കോഴിക്കോട്‌ സുവോളജിക്കല്‍ സര്‍വ്വേ മ്യൂസിയത്തില്‍ ജൈവവൈവിധ്യദിനത്തോടനുബന്ധിച്ച്‌ അധിനിവേശ ജീവജാതികളുടെ പ്രദര്‍ശനം കണ്ടു. ഉണ്ണീഞ്ചയോടൊപ്പം അവിടെ കണ്ട പലതും ജീവിതത്തോട്‌ എത്ര അടുത്തു നിന്നിരുന്നു എന്നോര്‍ത്തു.

കുട്ടിക്കാലത്ത്‌ ആറ്റില്‍ നീന്തിക്കളിക്കുമ്പോള്‍ അല്‌പം മാംസളമായ കമ്മല്‍പൂവ്‌ ഒഴുകിവന്നിരുന്നതെടുത്ത്‌ കാതില്‍വെച്ചു നോക്കും. ആറ്റിറമ്പിലൂടെയുള്ള ഓരോ യാത്രയിലും കമ്മല്‍പൂവിന്റെ മരത്തെ അന്വേഷിച്ചിട്ടുണ്ട്‌. അതേതാണെന്ന്‌ ഇന്നുവരെ കണ്ടുപിടിക്കാനായിട്ടില്ലെങ്കിലും...


കമ്മല്‍പൂവുപോലെ ആകര്‍ഷകമായ മറ്റൊരുചെടിയും ഒഴുകിവരാന്‍ തുടങ്ങിയത്‌ കുറച്ചുകൂടി മുതിര്‍ന്നശേഷമാണ്‌. ഞങ്ങള്‍ അവയെ ഉള്ളംകൈയ്യിലെടുത്തു. ആറ്റിറമ്പില്‍ കൊച്ചുകുളമുണ്ടാക്കി ആ സസ്യത്തെ വളര്‍ത്താന്‍ ശ്രമിച്ചു. അത്‌ ആഫ്രിക്കന്‍ പായലായിരുന്നു.
കുറച്ചുമുകളില്‍ ആറിനോട്‌ ചേര്‍ന്ന വയലുകളില്‍ നിന്ന്‌ ഒഴുകിവന്നതായിരുന്നു ഈ ജലസസ്യം. വെളളത്തിലെ പോഷകാംശം ചോര്‍ത്തുകയും ജലോപരിതലത്തില്‍ തിങ്ങിവളര്‍ന്ന്‌ സൂര്യപ്രകാശം തടയുകയും ചെയ്‌ത്‌ വെള്ളത്തിനടിയിലെ സസ്യങ്ങള്‍ക്കും മത്സ്യങ്ങള്‍ക്കും സൂക്ഷ്‌മജീവികള്‍ക്കും ഭീഷണിയാണിതെന്ന്‌ തിരിച്ചറിയുന്നത്‌ കുറേ കഴിഞ്ഞാണ്‌.
അടുത്തിടെ ഒരു ബന്ധുവീട്ടില്‍ പോയപ്പോള്‍ അവിടുത്തെ കുട്ടികള്‍ കൊച്ചുകുളമുണ്ടാക്കി മീനുകള്‍ക്കൊപ്പം ആഫ്രിക്കന്‍പായലും വളര്‍ത്തുന്നതു കണ്ടു. അലങ്കാരസസ്യമായി തന്നെയാവണം ഈ വിദേശി ഇവിടെയെത്തിയത്‌. ആലപ്പുഴയില്‍ ആഫ്രിക്കന്‍ പായലുകളെ വകഞ്ഞുമാറ്റി വള്ളങ്ങള്‍ പോകുന്നത്‌ പതിവുകാഴ്‌ചയാണ്‌.



'കിണറ്റില്‍ കലക്കലുണ്ടോ?' - ഒരു കുളവാഴയും നീട്ടിപ്പിടിച്ച്‌ സഹപ്രവര്‍ത്തകന്‍.
കുളവാഴ വളര്‍ത്തിയാല്‍ വെള്ളം തെളിയുമെന്ന്‌ പറഞ്ഞു.

പന്ത്രണ്ടുദിവസം കൊണ്ട്‌ ഇരട്ടിപ്രദേശത്ത്‌ പടരാന്‍ കഴിയുന്ന ഈ സസ്യം 50 രാജ്യങ്ങളിലെ ജലാശയങ്ങളിലെ കടുത്ത ഭീഷണിയാണ്‌. എന്തുഭംഗിയാണ്‌ കുളവാഴപ്പൂക്കള്‍ കാണാന്‍. ഈ ഭംഗിയാവണം അലങ്കാരസസ്യമായി വളര്‍ത്താന്‍ മനുഷ്യനെ പ്രേരിപ്പിച്ചതും. ജലാശയങ്ങളിലെ നീരൊഴുക്കു തടഞ്ഞ്‌ ബോട്ടുസര്‍വ്വീസുകളെ തടസ്സപ്പെടുത്തുന്നു . നീന്തലും മത്സ്യബന്ധനവും തടസ്സപ്പെടുത്തുന്നതുകൂടാതെ വെള്ളത്തിലേക്ക്‌ പ്രകാശം കടത്തിവിടാത്തതുകൊണ്ട്‌ ജലജീവജാലങ്ങള്‍ക്ക്‌ ഭീഷണിയുമാകുന്നു. ഇവയൊന്നും കൂടാതെ കൊതുകു വളര്‍ത്തല്‍ കേന്ദ്രം കൂടിയാണ്‌ ഈ സസ്യം.

കോഴിക്കോട്‌ കനോലി കനാലില്‍ കുളവാഴയല്ലാതെ മറ്റൊന്നും കാണാനുണ്ടാവില്ല. എല്ലാവര്‍ഷവും വൃത്തിയാക്കാന്നുണ്ട്‌. പക്ഷേ, ഒരിടത്തു നിന്ന്‌ നീക്കാന്‍ തുടങ്ങുമ്പോള്‍ അതിനേക്കാള്‍ വേഗത്തില്‍ പടരുന്നുമുണ്ട്‌. നമ്മുടെ കായലുകളെല്ലാം കുളവാഴയുടെ ഭീഷണിയിലാണ്‌.

പല മാരകരോഗങ്ങള്‍ക്കും കാരണമായ ഈഡിസ്‌ കൊതുക്‌ മനുഷ്യര്‍ക്ക്‌ കടുത്ത വെല്ലുവിളിയുയര്‍ത്തുന്ന അധിനിവേശ ജീവിയാണ്‌. ആഗോളതാപനം മൂലം കൂടുതല്‍ രാജ്യങ്ങളിലേക്ക്‌ ഈഡിസ്‌ കൊതുകള്‍ക്ക്‌ വളരെവേഗം പെരുകാന്‍ സഹായകമായെന്നാണ്‌ കണ്ടെത്തല്‍. ചിക്കന്‍ഗുനിയ, മഞ്ഞപ്പനി, ഡങ്കിപ്പനി തുടങ്ങിയ രോഗങ്ങളുടെ വൈറസ്‌ വാഹകരാണ്‌ ഈ കൊതുകുകള്‍.
കഴിഞ്ഞ മാര്‍ച്ചില്‍ മെക്‌സിക്കോയില്‍ പൊട്ടിപ്പുറപ്പെട്ട പന്നിപ്പനി ഇപ്പോള്‍ കേരളത്തിലും വലിയ പ്രശ്‌നമായി മാറിയിരുക്കുന്നു. അധിനിവേശത്തിന്റെ വേഗത എത്ര പെട്ടെന്നാണുണ്ടാകുന്നത്‌.
ജനസംഖ്യവര്‍ദ്ധനവും, രാജ്യന്തരയാത്രകളും, ആഗോളവ്യാപാരവും വിനോദസഞ്ചാരവും അധിനിവേശ ജീവജാതികളെ കൂടുതല്‍ ദൂരത്തേക്ക്‌ വളരെ പെട്ടെന്ന്‌ വ്യാപിപ്പിക്കാന്‍ സഹായകമാവുന്നു എന്ന്‌ വേള്‍ഡ്‌ വാച്ച്‌ ഇന്‍സ്റ്റിസ്റ്റ്യൂട്ട്‌ പറയുന്നു.


അന്യജീവജാലങ്ങള്‍ ഒരു പ്രദേശത്ത്‌ കടന്നുകൂടി പെറ്റുപെരുകി പ്രാദേശീക സസ്യജന്തുജാലങ്ങള്‍ക്കും പരിസ്ഥിതിക്കും ആവാസ വ്യവസ്ഥയക്കും ഭീഷണിയായി തീരുന്നതിനെയാണ്‌ ജൈവ അധിനിവേശം ( Bio Invasion ) എന്നു പറയുന്നത്‌. ലോകം നേരിടുന്ന പ്രധാന പരിസ്ഥിതി പ്രശ്‌നങ്ങളിലൊന്നായി ജൈവ അധിനിവേശത്തെ കാണുന്നു.

നമുക്കു ചുറ്റുമുള്ള ജൈവ വൈവിധ്യത്തില്‍ പകുതിയും വിദേശീയരാണ്‌. എന്നാല്‍ അവയൊന്നും വര്‍ദ്ധിച്ച തോതില്‍ പെരുകി നമ്മുടെ ജൈവ സമ്പത്തിന്‌ തടസ്സം സൃഷ്ടിക്കാതെയാണ്‌ വളരുന്നത്‌്‌. ഇല്ലായ്‌മ ചെയ്യുകയല്ല. എന്നാല്‍ അധിനിവേശ ജീവജാതികള്‍ നമ്മുടെ തനതായ ജൈവവ്യവസ്ഥയെ തകിടം മറിക്കുകയാണ്‌ ചെയ്യുന്നത്‌.

ആഗോളതലത്തില്‍ ഈ ജീവജാതികള്‍ വരുത്തുന്ന വിളനാശം, കാടിനും പരിസ്ഥിതിക്കും വരുത്തുന്ന നാശം, ഇവയെ നിയന്ത്രിക്കാന്‍ വരുന്ന ചെലവ്‌, അധിനിവേശ രോഗാണുക്കള്‍ മൂലം മനുഷ്യരിലും മൃഗങ്ങള്‍ക്കുമുണ്ടാകുന്ന നാശവുമെല്ലാം കൂട്ടിയാല്‍ ഓരോ വര്‍ഷവും കോടിക്കണക്കിന്‌ ഡോളറിന്റെ നഷ്ടമുണ്ടാകുന്നു എന്നാണ്‌ കണക്ക്‌. ഈ പശ്ചാത്തലം മുന്‍ നിര്‍ത്തിയാണ്‌ ഇക്കഴിഞ്ഞ ജൈവവൈവിധ്യ ദിനത്തിന്റെ സന്ദേശം 'ജൈവവൈവിധ്യവും അധിനിവേശം നടത്തുന്ന അന്യജീവജാതികളും' എന്ന്‌ യു എന്‍ നിശ്ചയിച്ചത്‌. 'വികസത്തിന്‌ ജൈവവൈവിധ്യം' എന്ന വിഷയമാണ്‌ 2010 ലെ ജൈവ അധിനിവേശ സന്ദേശം.
പല അധിനിവേശ ജീവജാതികളും നമുക്കുചുറ്റും പടരാന്‍ കാരണമായി തീര്‍ന്നത്‌ നമ്മള്‍ ത്‌ന്നെയാണ്‌. ഒരു ചെടി വളര്‍ത്തുമ്പോള്‍ അതു പടര്‍ന്നു പിടിച്ചാല്‍ എന്തെല്ലാം പ്രത്യാഘാതങ്ങളുണ്ടാവുമെന്ന്‌ നമ്മളറിഞ്ഞില്ല.

അധിനിവേശ സസ്യങ്ങളില്‍ എനിക്കേറ്റവും അടുപ്പമുണ്ടായിരുന്നത്‌ കൊങ്ങിണിയോടാവണം. മറയൂരിലെ ചന്ദന മരങ്ങള്‍ക്കിടയിലെ അടിക്കാടു മുഴുവനും കൊങ്ങിണിയായിരുന്നു. ചുവപ്പും റോസും പൂക്കള്‍ വിരിയുന്ന അരിപ്പൂവെന്നും പൂച്ചെടിയെന്നുമൊക്കെ അറിയപ്പെടുന്ന കൊങ്ങിണി (Lantana camara). സ്‌കൂള്‍ അവധി ദിവസങ്ങളില്‍ കാട്ടില്‍ കൊങ്ങിണിച്ചുള്ളി പെറുക്കാന്‍ പോയി. കൊച്ചുമുള്ളുകള്‍കൊണ്ട്‌ കൈയ്യും കാലും പോറി. ഇരുണ്ട കൊങ്ങിണിപ്പൊന്തകള്‍ക്കുള്ളില്‍ ചില കിളിക്കൂടുകളൊഴിച്ചാല്‍ മറ്റൊന്നും അതിജീവിച്ച്‌ നിന്നില്ല. കിളികളുടെ ഇഷ്ടഭക്ഷണമായിരുന്നു കൊങ്ങിണിപ്പഴങ്ങള്‍. ഞങ്ങളും ചിലപ്പോള്‍ കൊങ്ങിണി പഴങ്ങള്‍ തിന്ന്‌ ചുണ്ടും വായും കറുപ്പിച്ചു.
ചുവപ്പും റോസും പൂക്കള്‍ കൊണ്ടുവന്ന്‌ ഏതുകാലത്തും പൂക്കളമൊരുക്കി. പറമ്പിന്റെ വേലികള്‍ കൊങ്ങിണിയുടേതായിരുന്നു.
മലമ്പ്രദേശങ്ങളിലും തണുപ്പുകൂടുതലുള്ളിടത്തും ഈ സസ്യം വളരെ വേഗം വ്യാപിക്കുന്നു. ഇടുക്കിയിലും വയനാട്ടിലുമുള്ളത്ര കൊങ്ങിണിക്കാടുകള്‍ കേരളത്തില്‍ മറ്റൊരിടത്തുമില്ല.

ഒരിക്കല്‍ കൊങ്ങിണിക്കായകളുടെ കഥ കേട്ടത്‌ കുരുമുളകുമായി ബന്ധപ്പെട്ടാണ്‌ . നാട്ടിലെ കുരുമുളക്‌ വ്യാപാരിയുടെ ചരക്കുകള്‍ തിരിച്ചു വന്നത്രേ! കുരുമുളകിനോട്‌ സാമ്യമുളള കൊങ്ങിണിക്കായകള്‍ ചേര്‍ത്തുണക്കി നിലവാരം കുറച്ചുപോലും. ഒരു വ്യപാരിയുടെ ചരക്കുകളെ ബാധിക്കത്തക്കവണ്ണം മുള്ളുകൊണ്ട്‌ കൊങ്ങിണിക്കായ പറിക്കാന്‍ മിനക്കെട്ടതാരെന്ന ചോദ്യമാണ്‌ കുഴക്കിക്കളഞ്ഞത്‌.
ഇന്ന്‌ ഏതു വീട്ടുമുറ്റത്തും പലനിറങ്ങളില്‍ പൂക്കളുമായി കൊങ്ങിണി കാണാം. 650 വ്യത്യസ്‌ത ഇനങ്ങളില്‍ അറുപതോളം രാജ്യങ്ങളിലായി പടര്‍ന്നിട്ടുണ്ട്‌ ഈ തെക്കേയമേരിക്കന്‍ സ്വദേശി. 1807 ല്‍ കല്‍ക്കട്ടയിലെ ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ ബ്രിട്ടീഷുകാര്‍ എത്തിച്ച ഈ അലങ്കാരച്ചെടി ഇന്ന്‌ ലോകത്തിന്‌ ഭീഷണിയായ പത്തു കളകളില്‍ ഒന്നായാണ്‌ കണക്കാക്കുന്നത്‌.







ചിലയിടങ്ങളില്‍ കോണ്‍ഗ്രസ്‌ പച്ച എന്ന പേരിലറിയപ്പെടുന്ന പാര്‍ത്തിനീയം ചെടി ( Parthenium hysterphorus )ഏറ്റവും അപകടകാരിയായ വിഷസസ്യമാണ്‌. അമേരിക്കയില്‍നിന്നുള്ള ഗോതമ്പുചാക്കിനൊപ്പം കടല്‍ കടന്നെത്തിയതാണ്‌. റെയിലോരത്തും റേഷന്‍ കടകളുടെ പരിസരത്തും ആദ്യവിത്തുകള്‍ വീണു....ശ്വാസകോശരോഗവും അലര്‍ജിയും തൊലിപ്പുറത്ത്‌ അസുഖവും ഒട്ടനവധി ഗുരുതര പ്രശ്‌നങ്ങളുമുണ്ടാക്കുന്നു പാര്‍ത്തിനീയം. മനുഷ്യനും മൃഗങ്ങള്‍ക്കും ഇത്രയേറെ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന സസ്യമില്ലെന്നു തന്നെ പറയാം.

അധിനിവേശ ജീവജാലങ്ങളുടെ പ്രദര്‍ശനം കണ്ടുകൊണ്ടു നില്‌ക്കുമ്പോള്‍ ജേണലിസം ഇന്‍സ്റ്റിറ്റിയൂട്ടില്‍ അധ്യാപകനായിരുന്ന ജോസഫ്‌ ആന്റണി സാറെ വിളിച്ചു. തിരുവനന്തപുരത്തെ അമ്പൂരിക്കാരന്‍. നെയ്യാര്‍ റിസര്‍വ്വോയറിന്‌ ചേര്‍ന്നു കിടക്കുന്ന പ്രദേശം.

എത്രതരം മീനുകളുണാടിയിരുന്നെന്നോ ഞങ്ങളുടെ നാട്ടില്‍...ഇപ്പോള്‍ പലതുമില്ലാതായി. അദ്ദേഹം പറഞ്ഞു.
മുമ്പ്‌ വലയും ചൂണ്ടയുമിട്ടാല്‍ ധാരാളം മത്സ്യങ്ങള്‍ കിട്ടുമായിരുന്നു. കറ്റി, മ്ലാഞ്ഞില്‍, ചോട്ടാവാള, കുറുവ, കൂരല്‍...ഇപ്പോള്‍ ഇവയൊന്നുമില്ല. തിലോപ്പിയയും കട്‌ലയും കിട്ടും. രണ്ടും വരുത്തന്മാര്‍...
ഇടക്കാലത്ത്‌ നമ്മുടെ ശുദ്ധജലാശയങ്ങളിലെത്തിപ്പെട്ട തിലോപ്പിയ എന്ന ഭീകരനാണ്‌ നാടന്‍ മത്സ്യയിനങ്ങളെ ഇല്ലാതാക്കിയത്‌. കാണുന്ന എന്തിനേയും ഇവന്‍ ശാപ്പിട്ടുകളയും.

തുറിച്ചു നോക്കും ചോര കുടിക്കും എന്നൊക്കെ പറഞ്ഞ്‌ ഓന്തിനെ എവിടെ കണ്ടാലും ഞങ്ങള്‍ തുപ്പുമായിരുന്നു. വെള്ളത്തില്‍ തിലോപ്പിയയെ കണ്ടാലും തുപ്പും. ചൂണ്ടയില്‍ തിലോപ്പിയ കുരുങ്ങിയാല്‍ തിരിച്ച്‌ ആറ്റിലേക്കുതന്നെയിടും. ശവംതീനിയെന്നാണ്‌ അന്ന്‌ കാരണം പറഞ്ഞത്‌.
മത്സ്യകൃഷിയുടെ ഭാഗമായി ലോകത്താകമാനം എത്തിയ തെക്കേആഫ്രിക്കന്‍ സ്വദേശിയായ തിലോപ്പിയയെ യു എന്നിനു കീഴിലുളള ഭക്ഷ്യ കാര്‍ഷിക സംഘടന 'ജൈവമലിനകാരി'യായി പ്രഖ്യാപിച്ചിട്ടുണ്ട്‌.

ശുദ്ധജല മത്സ്യങ്ങള്‍ക്ക്‌ ഭീഷണിയായി മാറിയ മറ്റൊരു അധിനിവേശയിനമാണ്‌ ആഫ്രിക്കന്‍ മുഷു.
കൊതുകു നശീകരണത്തിന്റെ പേരിലാണ്‌ ഗാംബൂസിയ എന്ന മത്സ്യം നമ്മുടെ നാട്ടിലെത്തുന്നത്‌. കൊതുകു മുട്ടക്കൊപ്പം ഇവര്‍ നാടന്‍ മത്സ്യമുട്ടകള്‍കൂടി തിന്നു നശിപ്പിച്ചു.
അധിനിവേശ ജാതികളുടെ പ്രത്യേകതളിലൊന്ന്‌ ഒരിക്കല്‍ ഒരിടത്ത്‌ എത്തിപ്പെട്ടാല്‍ ഒഴിവാക്കുക അസാധ്യമാണെന്നതാണ്‌.

അധിനിവേശ ജീവജാതികളുടെ അനിയന്ത്രിതമായ കടന്നുകയറ്റം തദ്ദേശീയ ജൈവ വൈവിധ്യത്തെയും കൃഷിയേയും മത്സ്യ ബന്ധനത്തെയുമൊക്കെ പ്രതികൂലമാക്കുന്നു. ഇത്‌ രാജ്യത്തിന്റെ ത്വരിത വികസനത്തെ സാരമായി ബാധിക്കുന്നു.
ഒരു വിദേശ ജീവജാതി അപകടകാരിയാവുന്നത്‌ മറ്റൊരു രാജ്യത്ത്‌ കയറിപ്പറ്റി അനിയന്ത്രിതമായി പെറ്റുപെരുകുമ്പോഴാണ്‌.
വര്‍ദ്ധിച്ച പ്രത്യുല്‌പാദനശേഷി, പെട്ടെന്നുള്ള വളര്‍ച്ച, വിവിധ സ്ഥലങ്ങളിലേക്ക്‌ പെട്ടെന്ന്‌ വ്യാപിക്കാനുള്ള ശേഷി, പുതിയ സാഹചര്യങ്ങളുമായി ഇണങ്ങിച്ചേരുവാനുള്ള കഴിവ്‌, വൈവിധ്യമാര്‍ന്ന ആഹാരരീതി, പ്രതികൂലാവസ്‌ഥയിലും നിലനില്‍ക്കാനുള്ള കഴിവ്‌ എന്നീ കാരണങ്ങള്‍കൊണ്ടാണ്‌ വിദേശീയര്‍ക്ക്‌ തദ്ദേശീയരുമായി മത്സരിച്ച്‌ നിലനില്‍ക്കാന്‍ സാധിക്കുന്നത്‌.


ഇന്ത്യയില്‍ 69 ഇനം അധിനിവേശ ജീവജാതികളുണ്ടെന്നാണ്‌ കണക്ക്‌.
തെങ്ങിനെ ബാധിക്കുന്ന മണ്ഡരിയും പലതരം വൈറസുകളും ചിത്രശലഭങ്ങളും യൂക്കാലിപ്‌റ്റ്‌സ്‌ ഈച്ചകളും ആഫ്രിക്കന്‍ ഭീമന്‍ ഒച്ചുവരെ ഈ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.

മണ്ഡരി ബാധിച്ച്‌ കൊപ്രയില്‍ മുപ്പത്‌ ശതമാനത്തിന്റെ കുറവുണ്ടാകുന്നുവെന്നാണ്‌ കണക്ക്‌. മെക്‌സിക്കന്‍ സ്വദേശിയായ ഈ സൂക്ഷ്‌മജീവി ഉഷ്‌ണമേഖലാ പ്രദേശങ്ങളിലെ പേടി സ്വപ്‌നമായി മാറിയിരിക്കുന്നു.

ആഫ്രിക്കന്‍ ഭീമന്‍ ഒച്ചിന്‌ ഔഷധ ഗുണമുള്ളതായി കണ്ടെത്തിയിട്ടുണ്ട്‌. പ്രോട്ടീന്‍ ഉറവിടം കൂടിയായ ഈ ജീവിയെ ഗവേഷണ ലക്ഷ്യങ്ങള്‍ക്കായി ലോകത്ത്‌ പലയിടത്തും എത്തിക്കുകയായിരുന്നു. ഈ ഒച്ച്‌ കാര്‍ഷിക വിളകള്‍ക്കു മാത്രമല്ല ദ്വീപ്‌ു പ്രദേശങ്ങളിലും മറ്റുമുള്ള നാടന്‍ ഒച്ചുകള്‍ക്കും ഭീഷണിയായി. കൃഷിയിടങ്ങളിലും വനങ്ങളിലും നഗരപ്രാന്തങ്ങളിലും ചതുപ്പുകളിലും ഉഷ്‌ണമേഖലാ പ്രദേശങ്ങളില്‍ പ്രത്യേകിച്ചും ഈ ജീവികള്‍ പെറ്റു പെരുകുന്നു.

പതിനഞ്ചുകൊല്ലം മുമ്പ്‌ കേരളത്തിലെ തേനീച്ച കൃഷിക്കാര്‍ക്ക്‌ വന്‍ ദുരന്തം നേരിടേണ്ടി വന്നു. തേനിച്ച മുഴുവന്‍ ചത്തതായിരുന്നു കാരണം. നാട്ടിലെ തേനിച്ചകള്‍ക്കു മാത്രമല്ല കാട്ടിലെ തേനീച്ചകളും ചത്തൊടുങ്ങി. തേന്‍ ശേഖരിച്ചും കൃഷിചെയ്‌തും ജീവിച്ചു പോന്നവര്‍ പ്രതിസന്ധിയിലായി. അത്യുല്‌പാദനശേഷി അവകാശപ്പെട്ടുകൊണ്ട്‌ ഇറ്റലിയില്‍ നിന്ന്‌ ഇറക്കുമതി ചെയ്‌ത തേനീച്ചയക്കൊപ്പം പോന്ന മാരകവൈറസായിരുന്നു കാരണം.
ഭ്രാന്തിപ്പശു രോഗവും, കുളമ്പുരോഗവും വന്ന്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ആടുമാടുകളെ കൂട്ടത്തോടെ നശിപ്പിക്കേണ്ടി വന്നിട്ടുണ്ട്‌.


വീടിനു പുറകിലെ മലയ്‌ക്കപ്പുറം ഒരുകാലത്ത്‌ വനമായിരുന്നു. ഞങ്ങള്‍ മുതിര്‍ന്നപ്പോള്‍ തന്നെ അവിടെ മരങ്ങളില്ലാതായിരുന്നു. കാട്ടുപുല്ലും ചില കുറ്റിച്ചെടികളുമായിരുന്നുണ്ടായിരുന്നത്‌. ഓരോ വശത്തുനിന്ന്‌ കൈയ്യേറ്റവും തുടങ്ങിയിരുന്നു. എന്തായാലും വനം വകുപ്പ്‌ ഇടപെട്ട്‌ വനഭൂമിയെ ജണ്ട കെട്ടിത്തിരിച്ച്‌ പുതിയ വൃക്ഷത്തൈകള്‍ നട്ടു. ചെടികള്‍ വെച്ചുപിടിപ്പിക്കുന്നതു കാണാന്‍ പോയ ഞങ്ങള്‍ക്കും കിട്ടി ഒരു തൈ.
പറമ്പില്‍ നടാനൊരുങ്ങുമ്പോള്‍ അമ്മച്ചി തടഞ്ഞു.
അത്‌ അക്കേഷ്യയായിരുന്നു.

അക്കേഷ്യയും യൂക്കാലിപ്‌റ്റ്‌സും ഗ്രാന്റീസുമൊക്കെ ചതുപ്പുകള്‍ വറ്റിക്കാനും കൃതൃമ വനവത്‌ക്കരണത്തിനും വിറകിനുമൊക്കെയായാണ്‌ നമ്മുടെ നാട്ടിലെത്തിയത്‌. വൈവിധ്യമാര്‍ന്ന കാലാവസ്ഥകളില്‍ വളരാന്‍ ശേഷിയുള്ള അക്കേഷ്യയിനങ്ങള്‍ വന്‍തോതില്‍ ജലാംശം വലിച്ചെടുക്കുന്നു. അക്കേഷ്യ പൂമ്പൊടി അലര്‍ജിയുണ്ടാക്കുകയും ശ്വാസകോശരോഗത്തിന്‌ കാരണമാകുന്നുമുണ്ട്‌.

കൂപ്പില്‍ പണിക്കു പോകുന്നവര്‍ക്കറിയാം ഗ്രാന്റീസ്‌ എത്രമാത്രം വെള്ളം വലിച്ചെടുക്കുന്നുണ്ടെന്ന്‌. ദാഹം തോന്നിയാല്‍ കൊമ്പൊരെണ്ണം വെട്ടിയെടുക്കുകയേ വേണ്ടൂ. ഗ്രാന്റീസ്‌ കൊമ്പ്‌ കുത്തനെ പിടിച്ചാല്‍ പൈപ്പില്‍ നിന്നെന്നപോലെ വെള്ളം വീണുകൊണ്ടിരിക്കും. അപ്പോള്‍ തന്നെ കുടിച്ചാല്‍ രുചി വ്യത്യാസമൊന്നുമില്ലെന്ന്‌ വയനാട്‌ കുടുക്കി സ്വദേശി ഉബൈദുള്ള പറഞ്ഞു.


സാമൂഹ്യ വനവത്‌ക്കരണത്തിന്റെ ഭാഗമായി സുബാബുള്‍ നമ്മുടെ നാട്ടില്‍ കടന്നു കൂടിയത്‌.
മണ്ണൊലിപ്പ്‌ തടയുന്നതിന്റെ ഭാഗമായി കൃഷിവകുപ്പ്‌ വിതരണം ചെയ്‌ത തൈകള്‍ പറമ്പില്‍ നട്ടത്‌ ഇരുപത്തിയഞ്ചുകൊല്ലം മുമ്പാണ്‌. പറമ്പില്‍ കാന കീറി മണ്ണ്‌ മേലോട്ട്‌ കോരി വേണമായിരുന്നു മരങ്ങള്‍ നടാന്‍. കാന കീറുന്നതിന്‌ ധന സഹായവും നല്‍കിയിരുന്നു. സുബാബുളും യൂക്കാലിപ്‌റ്റ്‌സുമാണ്‌ അന്നു കിട്ടിയ തൈകള്‍. ഏതായാലും വേനലായിരുന്നതുകൊണ്ട്‌ യൂക്കാലിപ്‌റ്റ്‌സില്‍ ഒന്നൊഴികെ എല്ലാം കരിഞ്ഞുപോയി. സുബാബുള്‍ നല്ലൊരു കാലീത്തീറ്റ കൂടി ആയതുകൊണ്ട്‌ ആടും പശുവും വന്ന കൂമ്പ്‌ കടിച്ചെടുത്തു.
ഇന്ന്‌ റോഡരുകുകളിലും സ്‌കൂള്‍ പറമ്പുകളിലും സുബാബുള്‍ മാത്രം കാണുമ്പോള്‍ ആടും പശുവും തിന്നില്ലായിരുന്നെങ്കില്‍ ഞങ്ങളുടെ പറമ്പും സുബാബുള്‍ തോട്ടമായേനെ എന്നു തോന്നാറുണ്ട്‌.

(തുടരും)

ഫോട്ടോ സുനില്‍ കെ ഫൈസല്‍

Saturday, January 16, 2010

മുസ്‌തഫ തിരുവല്ലയില്‍




തിരുവല്ലയില്‍ മുസ്‌തഫയ്‌ക്ക്‌ എന്താണ്‌ കാര്യമെന്നല്ലേ.. മുസ്‌തഫയുടെ വീടിനുവേണ്ടി ഫോമ നല്‍കുന്ന അവസാന ഗഡു നേരിട്ട്‌ വാങ്ങാനാണ്‌ തിരുവല്ലയില്‍ എത്തുന്നത്‌. ആ പണം ലഭിക്കുന്നതോടെ മലയാളം ബ്ലോഗേഴ്‌സിനു അഭിമാനിക്കാവുന്ന ദിവസമായി മാറുകയാണിന്ന്‌.

തുടക്കത്തില്‍, ഒരു വീട്‌ എന്ന സ്വപ്‌നം നമുക്കോ മുസ്‌തഫയ്‌ക്കോ ഇല്ലായിരുന്നു. അരയ്‌ക്ക്‌ താഴെ തളര്‍ന്ന കിടക്കുന്ന മുസ്‌തഫയ്‌ക്ക്‌ രോഗശയ്യയില്‍ പുസ്‌തകങ്ങള്‍ മാത്രമായിരുന്നു ആശ്വാസം. കുറേ പുസ്‌തകങ്ങള്‍ എത്തിച്ചുകൊടുക്കാനായി ഇറങ്ങിത്തിരിച്ച നമ്മള്‍ പുസ്‌തകങ്ങളേക്കാള്‍ മുസ്‌തഫയ്‌ക്കാവശ്യം വീടാണെന്ന്‌ തിരിച്ചറിയുകയായിരുന്നു.

സ്‌ഥലം വാങ്ങാന്‍ പണം തികയാഞ്ഞ സാഹചര്യത്തില്‍ ആദ്യത്തെ പ്രാവശ്യം പണം തന്ന പലരും വീണ്ടും സഹായിക്കാന്‍ തയ്യാറായി.ബ്ലോഗര്‍മാര്‍ കൂടാതെ . ഗള്‍ഫിലും മറ്റും കൂലിപ്പണി ചെയ്‌ത്‌ ജീവിക്കുന്ന തുച്ഛ ശമ്പളക്കാരായ എത്രയെത്ര നല്ല മനസ്സുകളാണു്‌ മുസ്‌തഫയ്‌ക്ക്‌ വേണ്ടി പണം പിരിച്ചെടുത്ത്‌ അയച്ചിരിക്കുന്നത്‌ എന്നത്‌ പ്രത്യേകം എടുത്തു പറയേണ്ടതാണ്‌.

സ്ഥലം വാങ്ങാനാവും എന്നുറപ്പായ സമയത്താണ്‌ അമേരിക്കയിലുള്ള ബ്ലോഗര്‍ റീനി മമ്പലം അമേരിക്കന്‍ മലയാളി സംഘടനായ ഫോമയെ നമുക്ക്‌ പരിചയപ്പെടുത്തുന്നത്‌. അശരണരായ 25ല്‍പ്പരം സഹോദരങ്ങള്‌ക്ക്‌ 1 ലക്ഷം രൂപ വീതം ചിലവ്‌ വരുന്ന വീടുകള്‍ പണിത്‌ ജനുവരി 2010 മദ്ധ്യത്തോടെ അത്‌ വിതരണം ചെയ്യാന്‍ ഫോമ നടത്തുന്ന പ്രവര്‌ത്തനങ്ങളെക്കുറിച്ച്‌ പിന്നീട്‌ വിശദമായിത്തന്നെ ചോദിച്ചറിഞ്ഞ്‌ മനസ്സിലാക്കുകയുണ്ടായി. 25 വീടില്‍ ഒരു വീട്‌ മുസ്‌തഫയ്‌ക്ക്‌ നല്‍കണമെന്നുള്ള നമ്മുടെ അപേക്ഷ ഫോമ സ്വീകരിക്കുകയായിരുന്നു.
പക്ഷെ നമുക്ക്‌ മുന്നില്‍ വീണ്ടും ചില കടമ്പകളുണ്ടായിരുന്നു. വീട്‌ വെക്കാനാവശ്യമായ സ്ഥലത്തിന്റെ രേഖകളും മറ്റും മുസ്‌തഫയുടെ പേരില്‍ ആക്കി, വീടിന്റെ പ്ലാന്‍ ഉണ്ടാക്കി പ്ലാനിനനുസരിച്ച്‌ അതില്‍ ഒരു തറകെട്ടി ഫോമയ്‌ക്ക്‌ അതിന്റെ ചിത്രങ്ങളെല്ലാം കൈമാറേണ്ട്‌ത്‌ അത്യാവശ്യമായിരുന്നു.

പലയിടങ്ങളിലായി ജീവിക്കുന്ന നമ്മുടെ പ്രവര്‍ത്തനങ്ങള്‌ക്ക്‌ ചില പരിധികളൊക്കെ ഉണ്ടായിരുന്നു. അതൊക്കെ മനസ്സിലാക്കി ഫോമ നമ്മോറ്റ്‌ കാണിച്ച അത്മാര്‍ത്ഥമായ സഹകരണം ഈ അവസരത്തില്‍ എടുത്ത്‌ പരയാതെ വയ്യ. സ്ഥലം കൈവശം വരാന്‍ വൈകുന്നതുകൊണ്ട്‌ ഒരവസരത്തില്‍ ഫോമയുടെ സഹായം നഷ്ടപ്പെട്ടുപോകുമോ എന്ന അവസ്ഥ വരെയുണ്ടായി. ഈ സമയത്തെല്ലാം മുസ്‌തഫയ്‌ക്ക്‌ കൊടുക്കേണ്ട വീടിന്റെ
കാര്യത്തില്‍ യാതൊരു മാറ്റവും ഇല്ലാത്ത സമീപനമായിരുന്നു ഫോമയ്‌ക്ക്‌. ഫോമയുടെ പ്രവര്‍ത്തകാരയ ജോണ്‍ ടൈറ്റസ്‌ , അനിയന്‍ ജോര്‍ജ്ജ്‌, ജോണി, മിസ്സിസ്സ്‌ ജോണി, എന്നിവര്‍ക്ക്‌ പുറമെ റീനിയോടും എത്ര നന്ദി പറഞ്ഞാലാണു്‌ ഈ സഹകരണത്തിനു്‌ പകരമാകുക എന്നറിയില്ല.

വീട്‌ പണി നോക്കി നടത്തുക എന്ന വലിയൊരു ഉത്തരവാദിത്ത്വം ഏറ്റെടുത്ത പുളിക്കല്‍ പെയിന്‍ & പാലിയേറ്റീവ്‌ ക്ലിനിക്കിന്റെ ഓരോ പ്രവര്‍ത്തകരോടും , പ്രത്യേകിച്ച്‌ അഫ്‌സലിനോടുമുള്ള കടപ്പാട്‌ വാക്കുകളില്‍ ഒതുങ്ങില്ല.

ഇന്ന്‌ 3 മണിക്ക്‌ തിരുവല്ലയില്‍ വെച്ച്‌ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രിമാരും സംസ്ഥാന മന്ത്രിമാരും മറ്റ്‌ സാമൂഹിക സാംസ്‌ക്കാരികപ്രവര്‍ത്തകരും പങ്കെടുക്കുന്ന ചടങ്ങില്‍ വെച്ച്‌ മുസ്‌തഫയുടെ വീടിന്റെ പണിക്കാവശ്യമായ അവസാന ഗഡു മുസ്‌തഫ ഫോമയില്‍ നിന്ന്‌ നേരിട്ട്‌ കൈപ്പറ്റും.

ഇപ്പോള്‍ വീടുപണി പകുതിയിലേറെ കഴിഞ്ഞിട്ടുണ്ട്‌്‌്‌.
അവസാന ഗഡു പണം ഫോമയില്‍ നിന്ന്‌ കൈപ്പറ്റിയാല്‍ , പിന്നീടുള്ള ഒരു മാസത്തിനകം വീടിന്റെ പണി പൂര്‍ണ്ണാമായി തീര്‍ക്കാനും മാര്‍ച്ച്‌ /ഏപ്രില്‍ മാസത്തോടെ ഗൃഹപ്രവേശം നടത്താനും മുസ്‌തഫയ്‌ക്ക്‌ ആകുമെന്നാണു്‌ കരുതുന്നത്‌.



ഉള്ളില്‍ സഹജീവികളോടുള്ള കരുണയും സഹായമനസ്ഥിതിയുമൊക്കെ കൊണ്ടുനടക്കുന്ന വലിയൊരുകൂട്ടം

സ്‌നേഹസമ്പന്നരുടെ വിളനിലംകൂടെയാണു്‌ ബൂലോകമെന്ന്‌ നമുക്ക്‌ ഉച്ചത്തില്‍ വിളിച്ചു പറയാം.

Saturday, January 9, 2010

മുല്ലപ്പൂവും മൂക്കുത്തിയും

മൂക്കുത്തിയണിയുന്നതിനോട്‌ എനിക്കെന്തോ ഒരു കൂടുതലിഷ്ടമാണ്‌.
മൂക്കുത്തിയണിഞ്ഞ ഒരു കാമുകി ഉണ്ടായിരുന്നുവെങ്കില്‍ ഞാനവളുടെ മൂക്കുത്തിയിലാണ്‌ ആദ്യം ചുംബിക്കുക.-




പതിനാലു വര്‍ഷം മുമ്പ്‌‌ എന്റെ കൂട്ടുകാരനയച്ച കത്തുകളെടുത്തു വീണ്ടും വായിക്കുമ്പോള്‍ അതിലൊക്കെ സൗഹൃദത്തിനപ്പുറം അവനെന്നോട്‌ പ്രണയമായിരുന്നെന്ന്‌ തിരിച്ചറിയുന്നു. പക്ഷേ, സത്യമായിട്ടും അന്ന്‌ ഞാനതു തിരിച്ചറിഞ്ഞില്ലല്ലോ... 'കൂട്ടുകാരി നമുക്കു പ്രണയിക്കാം' എന്ന്‌ പലവട്ടം ആ വരികളിലൂടെ അവന്‍ വിളിച്ചു പറഞ്ഞിട്ടും ..... ഇപ്പോള്‍ നഷ്ടപ്പെട്ട പ്രണയദിനങ്ങളെയോര്‍ത്ത്‌ സങ്കടപ്പെട്ടുപോകുന്നു.

തിരുവനന്തപുരത്തെ ഒരു സര്‍ക്കാര്‍ ഓഫീസിന്റെ മൂന്നാംനിലയുടെ ഇടനാഴിയില്‍ ഞാനവനെ കാത്തിരുന്നു. കറുത്ത്‌ മെലിഞ്ഞ്‌ ഒരു പയ്യന്‍. കത്തുകളിലൂടെ മനസ്സില്‍ മെനഞ്ഞ അവന്റെ രൂപം അങ്ങനെയായിരുന്നു. രണ്ടരവര്‍ഷംമുമ്പ്‌ കാഞ്ഞങ്ങാട്‌ നെഹറു കോളേജില്‍ വെച്ചു നടന്ന ബഷീര്‍ അനുസ്‌മരണ കഥാക്യാമ്പില്‍ പങ്കെടുത്തവരാണ്‌ ഞങ്ങള്‍. പക്ഷേ, ആദ്യത്തെ കത്തുവന്നപ്പോഴും അവന്റെ രൂപം ഓര്‍ത്തെടുക്കാനായില്ല.
എന്റെ നാട്ടുകാരനൊരാള്‍ അവന്റെ അടുത്ത ഓഫീസിലുണ്ട്‌. നാട്ടുകാരനില്‍ നിന്നും അടുത്ത വീട്ടിലെ ഫോണ്‍ നമ്പര്‍ വാങ്ങി എന്നെയൊരിക്കല്‍ വിളിച്ചിരുന്നു.

ആരാണ്‌ ഫോണ്‍ നമ്പര്‍ തന്നതെന്ന്‌ ചോദിച്ചപ്പോള്‍ പറഞ്ഞു.

"കള്ളമല്ല.
ഫോണ്‍ നമ്പര്‍ ആരും പറഞ്ഞതല്ല. എനിക്കുതോന്നി. അങ്ങനെയൊരു നമ്പറില്‍ മൈനയുടെ ശബ്ദം കേള്‍ക്കാന്‍ കഴിയുമെന്ന്‌-ഒരു പുഴ കടന്നെത്തണമെങ്കിലും."

അന്നവന്‍ ചോദിച്ചു.
" Love Affair വല്ലതുമുണ്ടോ?"
ഉണ്ട്‌ എന്ന പറയാനാണ്‌ അപ്പോള്‍ തോന്നിയത്‌.

ആ ചോദ്യം ചോദിച്ചതിന്റെ പിറ്റേന്നും അവന്‍ എഴുതി.
-ഇന്നലെ വിളിച്ചത്‌ വെറുതെയല്ലെന്നാലും വെറുതെ.....-

പിന്നീടവന്‍ പ്രണയത്തെ വാക്കുകളില്‍ ഒളിപ്പിച്ചുവെച്ച്‌ സൗഹൃദത്തിന്റെ രൂപത്തില്‍ കത്തുകളെഴുതി.

തിരുവനന്തപുരത്തിന ്‌ പെട്ടെന്നുള്ള യാത്രയായതുകൊണ്ട്‌ വരുമെന്ന്‌ മൂന്‍പെ അറിയിക്കാന്‍ പറ്റിയില്ല. എത്തിയശേഷമാണ്‌ വിളിച്ചത്‌.

ഞാന്‍ ആ ഇടനാഴിയില്‍ കാത്തിരുന്നു. എന്റെ സങ്കല്‍പത്തിലെ കറുത്തുമെലിഞ്ഞ പയ്യനായിരിക്കുമോ? രണ്ടോ മൂന്നോ ചെറുപ്പക്കാര്‍ കടന്നു പോയി. അവരൊക്കെ എന്നെ സൂക്ഷിച്ചുനോക്കി. ഓഫീസിനു പുറത്ത്‌ ഒരു പെണ്ണു വന്നിരിക്കുന്നത്‌്‌ സഹിക്കാനാവുന്നില്ലേ അവര്‍ക്ക്‌. പക്ഷേ, അവരോരുത്തരും അടുത്തെത്തുമ്പോള്‍ അവനാണെന്നു ഞാന്‍ വിചാരിച്ചിരുന്നു. ഈ കാത്തിരിപ്പ്‌ വല്ലാത്ത മടുപ്പുതന്നെ. പിന്നെയൊരാള്‍ വന്നു. ആദ്യം വന്ന ഓരോരുത്തരെയും പരിചയഭാവത്തില്‍ ഞാനും നോക്കിപ്പോയതുകൊണ്ട്‌ ഇനിയും ഒരു നോട്ടംകൂടി നേരിടാന്‍ വയ്യെന്നു കരുതി ദൂരെ ജനലിലനപ്പുറത്തേക്ക്‌ നോക്കിയിരുന്നു.
പക്ഷേ, ഇത്തവണ അവനായിരുന്നു.
"വരൂ" എന്നു ക്ഷണിച്ചുകൊണ്ട്‌ അവന്‍ മുന്നില്‍ നടന്നപ്പോള്‍ എന്റെ സങ്കല്‌പം മുഴുവന്‍ തെറ്റിയതില്‍ വിസ്‌മയിച്ച്‌ പുറകെ നടന്നു. അവന്റെ കാലുകളെ പിന്തുടര്‍ന്നതുകൊണ്ട്‌ പാദങ്ങളാണ്‌ ശ്രദ്ധയില്‍ പതിഞ്ഞത്‌. അത്ര വെളുത്തിട്ടല്ല. മീശ കിളര്‍ക്കാത്ത കൊച്ചുപയ്യനൊന്നുമല്ല. ഒരു ചെറുപ്പക്കാരന്‍.
ഞാനവനു മുന്നിലിരുന്നു. ഒന്നുമെനിക്ക്‌ ചോദിക്കാനുമില്ല. പറയാനുമില്ല. അമ്പരപ്പ്‌ മാത്രം. അവനെന്തൊക്കെയോ ചോദിച്ചുകൊണ്ടിരുന്നു. അതിനൊക്കെ ഒറ്റയൊറ്റ വാക്കുകളില്‍ മറുപടി പറഞ്ഞു.
അരുള്‍ജ്യോതില്‍ ചായ കുടിക്കാനിരുന്നപ്പോള്‍ അവന്‍ ചോദിച്ചു.
"കത്തിലെ വാചാലതയൊന്നുമില്ലല്ലോ?"

"അന്നൊരിക്കല്‍ ഞാനൊരുചോദ്യം ചോദിച്ചപ്പോള്‍ 'ഉണ്ട്‌ ' എന്നുത്തരം പറഞ്ഞില്ലേ...അയാളെന്തെടുക്കുന്നു?
ഈ ചോദ്യം ഒന്നുരണ്ടു കത്തുകളിലും ചോദിച്ചിരുന്നു. അന്നും മൗനം പാലിച്ചു. ഇന്നും...

അവനും പ്രതീക്ഷിച്ചയാളില്‍ നിന്നും വ്യത്യസ്‌തയായിരിക്കുമോ ഞാന്‍?
അമ്മച്ചി വാങ്ങിത്തന്ന വെള്ള ചുരിദാറായിരുന്നു എന്റെ വേഷം. അത്രനാളും വെള്ളനിറം എനിക്കന്യമായിരുന്നു. വീട്ടില്‍ കറണ്ടുകിട്ടിയത്‌ അക്കൊല്ലമാണ്‌. അതിനുമുമ്പുവരെ മണ്ണെണ്ണ വിളക്കായിരുന്നു.
ഓരോ വട്ടവും തുണിക്കടയില്‍ കയറി വരുമ്പോള്‍ അമ്മച്ചി വെളുത്തതിനേക്കുറിച്ചു പറയും. അതു മേടിക്കണമെന്നുണ്ടായിരുന്നു എന്ന്‌്‌. മണ്ണെണ്ണ വിളക്കിന്റെ കരിപടര്‍ന്ന്‌ അതു കറുത്തുപോകും എന്നു പറഞ്ഞാണ്‌ വെളള വസ്‌ത്രങ്ങള്‍ എനിക്കില്ലാതെ പോയത്‌. കറണ്ടു കിട്ടിയതില്‍ പിന്നെ എനിക്കു വാങ്ങിത്തന്നതാണ്‌ ഈ വെളുത്ത ചുരിദാര്‍. ഇട്ടു നോക്കിയപ്പോള്‍ 'ഇതു നിനക്കൊട്ടും ചേരുന്നില്ലെന്നു' പറഞ്ഞു.
എനിക്ക്‌ സൗന്ദര്യബോധം തീരെയില്ലെന്നാണ്‌ വീട്ടുകാരുടെ വിലയിരുത്തല്‍.
അതുകൊണ്ടാവണം ചേരുന്നില്ലെന്നു പറഞ്ഞിട്ടും ഈ ചുരിദാറുമിട്ട്‌ ഇറങ്ങിയത്‌.
പിരിയുമ്പോള്‍ 'കത്തെഴുതണേ' എന്നവന്‍ ഓര്‍മിപ്പിച്ചു.

എന്റെ ലോകം ചുറ്റും മലകളായിരുന്ന ഒരു ഗ്രാമത്തിലെ ആറിനോട്‌ ചേര്‍ന്നുകിടന്നു.
വൈകുന്നേരമായാല്‍ ഞാന്‍ ആറ്റിലേക്കിറങ്ങും. പണിക്കുപോകുന്ന സകലപെണ്ണുങ്ങളും അന്നേരമാണ്‌ കുളിക്കാനെത്തുന്നത്‌.

പൊടിക്കമ്പനിയിലെ പണി കഴിഞ്ഞു വരുന്ന ചെറുപ്പക്കാരികള്‍ അവരുടെ മുളകും മഞ്ഞളും മണക്കുന്ന പാവാടകള്‍ കുത്തിപ്പിഴിഞ്ഞു തുടങ്ങുന്നതും, അടക്കാപൊളിക്കാനും ഇഞ്ചി ചുരണ്ടാനും പോയവര്‍ പുകച്ചിലൊന്നു മാറാന്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതും അപ്പോഴാണ്‌. അന്നേരം ആറിന്‌്‌ മസാലമണമാണ്‌. അവര്‍ ഓരോരോ കഥകള്‍ പറയും. ഗ്രാമത്തിലെ സംഭവങ്ങളെക്കുറിച്ചായിരുന്നു കുളക്കടവിലെ വാര്‍ത്തകളത്രയും.

നാടിന്റെ നാനാദിക്കുകളിലുള്ള വാര്‍ത്തകളും ചര്‍ച്ചകളും ചൂടുപിടിക്കാന്‍ തുടങ്ങുമ്പോള്‍ അവരുടെ ശരീരം തണുക്കാന്‍ തുടങ്ങും.

ഈ നേരത്താണ്‌ ഞാനും വെള്ളത്തിലൂളിയിടുക.
വേനലായാല്‍ വെളളം കുറവാണ്‌. പെണ്ണുങ്ങള്‍ കുളിക്കുന്ന കടവിനു മുകളില്‍ കുറച്ചു വെള്ളം കൂടുതലുണ്ട്‌.
നീന്തുന്നതിനിടയ്‌ക്ക്‌ ആഴത്തില്‍ കാലു തട്ടിയാല്‍ ചേറു പൊങ്ങും. വെളളം കലങ്ങി മറിയും. പെണ്ണുങ്ങളുടെ മേലുചൊറിയും. അക്കാലത്ത്‌ ചേറിലെത്ര നീന്തിയാലും ചൊറിച്ചിലെന്താണെന്ന്‌ ഞാനറിഞ്ഞതുമില്ല.

` വെള്ളം കലക്കാതെ കേറീപ്പോ കൊച്ചേ `പെണ്ണുങ്ങള്‍ ഒച്ചവെക്കും.
എനിക്കാണെങ്കില്‍ നീന്തലും കുളിയേക്കാളും പ്രധാനം ഈ വാര്‍ത്ത കേള്‍ക്കലാണ്‌.

പലരുടേയും പ്രണയകഥകള്‍ ഞാനങ്ങനെയാണ്‌ അറിയുന്നത്‌. ഈറ്റക്കാട്ടില്‍ കണ്ട കാമുകീകാമുകന്മാരെക്കുറിച്ചും, പാറകയറിപ്പോയവരെക്കുറിച്ചും കേട്ടു.
ആരെ കണ്ടാലും ഇളിച്ചുകാട്ടുന്ന പെണ്ണൊരുത്തി തന്റെ മകന്റെ തലയില്‍ കേറിക്കൂടിയതില്‍ ചിലര്‍ ഉറക്കെ പ്രാകി.

മകനെയും പെണ്ണിനേയും അകറ്റാന്‍ കൂടോത്രം ചെയ്യാന്‍ പറ്റിയ ആളെവിടുണ്ടെന്ന്‌ അന്വേഷിച്ചു.

പല പ്രണയങ്ങളും ചില കൂടോത്രങ്ങളില്‍ കൊഴിഞ്ഞുപോയി.

പണ്ട്‌ നാടുവിട്ടുപോയൊരു സുന്ദരി കറുത്തുമെലിഞ്ഞ്‌ കാണാന്‍ ശേലില്ലാത്തൊരുത്തിയുമായി മടങ്ങി വന്നിരിക്കുന്നു. അവര്‍ കാടതിര്‍ത്തിയില്‍ വീടുവെച്ച്‌ ഒരുമിച്ചു താമസിക്കുന്നു. ശേലില്ലാത്തവള്‍ക്ക്‌ ആകെമൊത്തം ഒരു ആണിന്റെ കോലം. അവള്‍ വേഷം കെട്ടിയ പുരുഷനാണത്രേ!
തക്കം കിട്ടുമ്പോള്‍ പെണ്‍വേഷക്കാരന്റെ തുണി അഴിക്കണമെന്ന്‌ പെണ്ണുങ്ങള്‍ ആര്‍ത്തു.

നഗരത്തില്‍ ജീവിക്കുന്ന സുഹൃത്തിന്‌ എന്റെ ലോകമറിയുമോ?
അവന്റെ ലോകം കഥയും കവിതയും സിനിമയും ഫെസ്റ്റിവലുകളുമൊക്കെയായിരുന്നു.

അന്നത്തെ കൂടിക്കാഴ്‌ചക്കുശേഷം അവന്റെ കത്തുകളിലെ സ്വരം വല്ലാതെ മാറിത്തുടങ്ങി. പിന്നെ വന്ന കത്തു തുടങ്ങുന്നത്‌ ഇങ്ങനെയായിരുന്നു.

-പ്രിയപ്പെട്ട
പ്രിയപ്പെട്ട
പ്രിയപ്പെട്ട മൈനയ്‌ക്ക്‌,

ഒരു പഴയചോദ്യം(മറുപടി തരണം)
പണ്ട്‌ ദരിദ്രനെ വേള്‍ക്കുന്ന രാജകുമാരിമാരുണ്ടായിരുന്നു. എന്നിട്ട്‌ സന്തോഷത്തോടെ അവന്റെ കഷ്ടതയില്‍ ദാരിദ്ര്യത്തില്‍ പങ്കുചേര്‍ന്ന്‌ ജീവിച്ചിരുന്നു. നിസ്വാര്‍ത്ഥ പുണ്യജീവിതം.
നിസ്വാര്‍ത്ഥ പുണ്യജീവിതം പോട്ടെ. അതു പണ്ട്‌. പക്ഷേ, ഇന്ന്‌ ഒരു രാജകുമാരി ദരിദ്രനെ വേള്‍ക്കാന്‍ തയ്യാറാകുമോ?

ഉത്തരം കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഒരെളുപ്പവഴിയുണ്ട്‌. അടുത്ത കത്തിലെഴുതാം. -

അടുത്ത കത്തിലും ഉത്തരം കണ്ടെത്താനുള്ള വഴിയല്ല. ചോദ്യം തന്നെയായിരുന്നു.
- മനസ്സുതൊട്ടറിഞ്ഞ്‌ ഒരു പെണ്‍കുട്ടി അടുത്തുണ്ടെങ്കില്‍ അവളുമൊത്ത്‌ ഒരു രാവുമുറങ്ങാതെ എഴുതിയും വായിച്ചും ജീവിതം അര്‍ത്ഥപൂര്‍ണ്ണമാക്കണമെന്നുണ്ട്‌. എനിക്കു നല്‍കാനൊരു സ്വര്‍ഗ്ഗമൊന്നും കയ്യിലില്ല. എന്റെ അസ്വസ്ഥതകള്‍ക്ക്‌ , ദിവാസ്വപ്‌നങ്ങള്‍ക്ക്‌ കൂട്ടായിട്ട്‌, എന്റെ അലസതയെ മാറ്റി ശാസിച്ച്‌ നയിക്കാന്‍ മനസ്സുളള ഒരാള്‍, എന്റെ നേര്‍പകുതിയായി വരാന്‍ എതെങ്കിലും പെണ്ണ്‌ തയ്യാറാകുമോ?
ചോദ്യം എന്റേത്‌. ഉത്തരം മൈന പറയേണ്ടത്‌. -

-കഴിഞ്ഞ കത്തിലെ ചോദ്യങ്ങള്‍ക്ക്‌ ശരിയായ മറുപടി അയക്കണം. ഒരു ഭ്രാന്തന്റെ കുത്തിക്കുറിക്കലായി തള്ളിക്കളയാതിരിക്കുക. ഹൃദയത്തില്‍ തൊട്ട്‌‌ എഴുതിയതാണത്‌ -എന്നായിരുന്നു അടുത്തതില്‍.

പക്ഷേ, ഒരു ചോദ്യത്തിനും കൃത്യമായി മറുപടി അയയ്‌ക്കാന്‍ എനിക്കായില്ല. ഹൃദയത്തില്‍ തൊട്ട്‌ ചോദിച്ചതാണെന്ന്‌ എഴുതിയപ്പോഴും ഹൃദയത്തില്‍ തൊടാതെ മറുപടി അയച്ചിട്ടുണ്ടെന്ന്‌ പറഞ്ഞൊഴിഞ്ഞു.

എന്റെ ലോകം ഒരു കുഞ്ഞുലോകമാണ്‌. ഈ മലകള്‍ക്കപ്പുറത്ത്‌ ഒരു ലോകമുണ്ടെന്ന്‌ തന്നെ ഈ കത്തുകളിലൂടെയാണ്‌ കുറച്ചെങ്കിലും അറിയുന്നത്‌. പെട്ടെന്നൊരു ദിവസം ഇവിടെ നിന്നു വിട്ടുപോകുന്നതിനെക്കുറിച്ച്‌ ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല.
നഗരജീവിയായി മാറിയ ആ വയനാട്ടുകാരന്‍ പറയുന്നതൊന്നും എനിക്ക്‌ പൂര്‍ണ്ണമായി വിശ്വസിക്കാന്‍ വയ്യ. എന്നാല്‍ ചില നേരത്ത്‌ എന്റെ ഹൃദയം പ്രണയാര്‍ദ്രമാകും. നിന്റെകൂടെ ഏതു ലോകത്തേക്കും വരാം എന്നൊക്കെ പറയാന്‍ തോന്നും.

അന്ന്‌ എന്റെ യാത്രകളൊക്കെ ഒറ്റക്കായിരുന്നു. ഞങ്ങളുടെ പ്രകൃതിയെക്കുറിച്ചും നാടിനെക്കുറിച്ചും യാത്രകളെക്കുറിച്ചുമൊക്കെ ഞാനവന്‌ എഴുതും.

-ആ യാത്രകളിലൊക്കെ എന്നെയും കൂടി കൂട്ടാമോ? ഇഷ്ടമാവില്ലേ? -
എന്നൊക്കെ ചോദിച്ചു.
-തത്‌ക്കാലം ഒറ്റയക്കു നടന്നോളാം -എന്നായിരുന്നു തിരിച്ചു പറഞ്ഞത്‌.

ഉള്ളില്‍ എനിക്കവനോട്‌ പ്രണയമുണ്ടായിരുന്നു. എന്നിട്ടും ഭയമായിരുന്നോ?

എന്റെ അത്തയും അമ്മച്ചിയും പ്രണയവിവാഹിതരായിരുന്നു. രണ്ടു വ്യത്യസ്‌ത മതങ്ങളില്‍ പെട്ടവര്‍. അവര്‍ രണ്ടുപേരും മതങ്ങളെക്കുറിച്ച്‌ ഞങ്ങളോട്‌ പറഞ്ഞില്ല. ഞങ്ങള്‍ പള്ളിയില്‍പോയി. അമ്പലത്തില്‍ പോയി. മറയൂര്‍ സ്‌ക്‌ൂളിലെ കൊച്ചുപള്ളിക്കുള്ളിലെ ക്രൂശിതരൂപത്തിനു മുന്നില്‍ മുട്ടുകുത്തി. അവിടം എപ്പോഴും നിശബ്ദമായിരുന്നു. ഉച്ചനേരത്തെ ഇടവേളയില്‍ പളളിയുടെ വാതില്‍ തുറന്ന്‌ അകത്ത്‌ കടക്കുകയും മൊസൈക്ക്‌ തറയില്‍ വെറുതെ ഇരിക്കുകയും ചെയ്യുമായിരുന്നു.

ഞാന്‍ പൂര്‍ണ്ണമായി ഒരു സ്‌ത്രീയിലേക്ക്‌ ജൈവികമായി വളര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ പ്രണയവും ഒപ്പം വന്നിരിക്കണം. ഒരു ക്രിസ്‌ത്യാനി പയ്യനെ പ്രണയിക്കാനായിരുന്നു എനിക്കിഷ്ടം. പക്ഷേ, അങ്ങനെ ഒരാളെ കണ്ടെത്താനായില്ല.
അടുപ്പമുള്ളവര്‍ പലപ്പോഴും സങ്കരയിനം, ടി*ഡി എന്നൊക്കെ പറഞ്ഞ്‌ കളിയാക്കുന്നതു കേള്‍ക്കുമ്പോള്‍ മതേതര കാഴ്‌ച്ചപ്പാടുളളവനായിരിക്കണം കൂട്ടുകാരനായി വരേണ്ടത്‌ എന്ന്‌ ഞാന്‍ ആഗ്രഹിച്ചു.


മലബാറുകാരെക്കുറിച്ച്‌ ഞങ്ങളുടെ നാട്ടുകാരിലൊരു സങ്കല്‌പമുണ്ട്‌.. ബഹുഭാര്യത്വവും വിവാഹമോചനവും സ്ഥിരമായി നടക്കുന്ന സംസ്‌ക്കാരശൂന്യരായവരുടെ നാടെന്ന, മുസ്ലീം സമൂഹത്തില്‍ സ്‌്‌ത്രീകള്‍ക്ക്‌ ഒരു മാന്യതയുമില്ലെന്ന സങ്കല്‌പം.
ഞങ്ങളുടെ നാട്ടിലെ സ്‌്‌ത്രീകള്‍ കഠിനാധ്വാനികളാണ്‌. അധികവും കൂലിപ്പണിക്കാരാണെങ്കിലും. വീട്ടിനുള്ളില്‍ മാത്രമിരുന്ന്‌ ശരീരത്തെ പരിപാലിച്ചുപോരുന്നവരല്ല അവരാരും. അവരിലൊരാളാവാനായിരുന്നു എനിക്കുമിഷ്ടം. തുടര്‍ന്നും പഠിക്കണം. സ്വയം പര്യപ്‌തത നേടണം. അതായിരുന്നു എന്റെ സ്വപ്‌നം.

ഡിഗ്രി കഴിഞ്ഞിരിക്കുന്ന ഒരു പെണ്ണിനോട്‌ അവന്റെ ചോദ്യം

-ഇതുവരെ എത്രപേരുടെ മുന്നില്‍ അണിഞ്ഞൊരുങ്ങി ചായയുമായി നിന്നു?-

ഒരാളുടെ മുമ്പിലും അങ്ങനെ നില്‌ക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്ന്‌ ഇവനോട്‌ പറഞ്ഞാല്‍ വിശ്വസിക്കുമോ?
കുറഞ്ഞത്‌ ഒരഞ്ചുവര്‍ഷമെങ്കിലും കഴിഞ്ഞിട്ടേ കല്ല്യാണത്തെക്കുറിച്ചൊക്കെ ആലോചിക്കൂ. 'പഠിച്ചോട്ടെ, പറ്റുന്നത്ര പഠിപ്പിക്കും' എന്നേ വീട്ടുകാര്‍ പറഞ്ഞിരുന്നുള്ളു. സ്വസ്ഥമായി ഒരുത്തന്റെ തലയില്‍ കയറാം എന്നൊരു തോന്നലില്ലായിരുന്നു.

എനിക്ക്‌ എന്റേതായ ലക്ഷ്യങ്ങളുണ്ട്‌ അതിന്‌ തടസ്സം നിന്നുകൊണ്ടുള്ള ഒരു ബന്ധം സാധ്യമല്ലായിരുന്നു. അങ്ങനെ വന്നാല്‍ ഞാന്‍ ഞാനല്ലാതാവും. ഇങ്ങനെയെല്ലാം എഴുതി അയച്ചു.

-അഞ്ചുവര്‍ഷമാവാതെ ഉണ്ടാവില്ല എന്ന്‌ വീമ്പെഴുതിയതൊക്കെ ശരി. പക്ഷേ, അങ്ങനെയൊരു തീരുമാനമുണ്ടെങ്കില്‍ (സന്യസിക്കാനില്ലെങ്കില്‍) വൈകിക്കാത്തതാണ്‌ നല്ലത്‌. നല്ലൊരു കൂട്ട്‌ അത്‌ എത്രയും നേരത്തെയാകുന്നതാണ്‌ നല്ലത്‌ എന്ന്‌്‌്‌്‌ പലരും പറയുന്നു.

ഞാന്‍ വരട്ടെ കുറച്ചുനേരത്തെ...നിന്റെ വ്യക്തിസ്വാതന്ത്ര്യത്തില്‍ കൈകടത്തില്ല. ലക്ഷ്യങ്ങളില്‍ തടസ്സം നില്‌ക്കില്ല.- മറുപടി

കത്തുകളിലെ പലവരികളും കണ്ടില്ലെന്നു നടിച്ചു. അങ്ങനെ നടിക്കേണ്ടി വരുമ്പോഴും ഉള്ളിലിരുന്ന്‌ പറയുന്നുണ്ടായിരുന്നു. 'കൂട്ടുകാരാ നീയെന്നേ വിട്ടു പോകരുതേ' എന്ന്‌. 'നീയില്ലാതൊരു ജീവിതം സാധ്യമാണോ? ' എന്ന്‌.
എന്നിട്ടും തുറന്നു സമ്മതിക്കാന്‍ മടി.

പറമ്പില്‍ കയ്യാലകെട്ടാന്‍ വന്ന പണിക്കാരന്‍ കല്ലുപൊട്ടിക്കാന്‍ കൂടമെടുക്കാന്‍ എന്നെ വിട്ടു. ചെറിയൊരു കുന്നിന്റെ നെറുകയിലാണ്‌ അയാളുടെ വീട്‌. കുന്നു പകുതി കയറിയപ്പോള്‍ ഒരു പെണ്ണിന്റെ കൈനോക്കി ലക്ഷണം പറയുകയാണ്‌ ഒരു പരിചയക്കാരന്‍. കുറച്ചുനേരം ഞാനും അതു കേട്ടു നിന്നു.

'മനസ്സിലൊരാളുണ്ടല്ലോ?' അയാള്‍ എന്നെ നോക്കിപ്പറഞ്ഞു.
ഭാവിയറിയാന്‍ അതിരു കടന്ന മോഹം.
'മറക്കുന്നതാ നല്ലത്‌.....ആഗ്രഹിച്ചിട്ടു കാര്യമില്ല.'
പിന്നെ കുന്നു കയറിയത്‌ വളരെ പ്രയാസപ്പെട്ടാണ്‌. കൂടവുമെടുത്ത്‌ തിരിച്ചിറങ്ങുമ്പോള്‍ കയ്യാല പണിക്കാരനോട്‌ ദേഷ്യം തോന്നി.
പണിക്കുപോരുമ്പോള്‍ ഇതൊക്കെ എടുക്കണോന്ന്‌ അറിയാമ്മേലേ...എന്നെ എന്തിനാ കഷ്ടപ്പെടുത്തുന്നത്‌.
നിരന്ന വഴിയിലെത്തിയപ്പോള്‍ ഇരട്ടിഭാരവുമായി ഇറങ്ങിയതില്‍ വിഷമം.
പത്തിരുപത്‌ വയസ്സായൊരു പെണ്ണിനോട്‌ ആര്‍ക്കും പറയാവുന്നൊരു കാര്യമല്ലേ അയാള്‍ പറഞ്ഞത്‌. അല്ലെങ്കിലേ ഇതൊക്കെ എന്തിനു കേട്ടു നില്‌ക്കണം. പറഞ്ഞ പണി ചെയ്‌താമതിയായിരുന്നല്ലോ...കണ്ടിടത്തൊക്കെ വായിനോക്കാന്‍ പോയിട്ടല്ലേ...സമാധാനിച്ചു.

ഉച്ച കഴിഞ്ഞ്‌ പോസ്‌റ്റുമാന്റെ സൈക്കിള്‍ മണിയൊച്ച. എന്നും ആ നേരത്ത്‌ റോഡിലായിരുന്നല്ലോ കാതു രണ്ടും.

-മൈനക്കുട്ടീ എന്നു വിളിച്ചാല്‍ അതിന്‌ പ്രണയിനിയെ സംബോധന ചെയ്യുന്ന ചുവ വരുമോ? അങ്ങനെ സംബോധന ചെയ്‌തെഴുതാനാണ്‌ തോന്നിയത്‌........
ഇപ്പോള്‍ എന്റെ സ്വപ്‌നങ്ങളില്‍ നീയാണ്‌. സ്വത്തിനും സൗന്ദര്യത്തിനും ജാതിമതത്തിനുമപ്പുറം എന്റെ സ്വഭാവത്തിനൊത്ത്‌ പോകാവുന്നൊരു കൂട്ട്‌...ശക്തിയും ദൗര്‍ബല്യവും അറിഞ്ഞും അംഗീകരിച്ചും പരസ്‌പരം തിരുത്തിയും ഒരു ജീവിതം...എന്റെ കണ്ടെത്തല്‍ തെറ്റായി പോയില്ല എന്നു വിശ്വസിക്കുന്നു.
...ഇപ്പോഴെനിക്ക്‌ നിന്നെ നഷ്ടപ്പെടുന്നത്‌ ചിന്തിക്കാന്‍ വയ്യാതായിരിക്കുന്നു....-


മറുപടി എന്തെഴുതുമെന്ന്‌ വിചാരിച്ചിരിക്കുമ്പോഴാണ്‌ പിറ്റേന്ന്‌ വഴിയില്‍ നിന്ന്‌ ഒരു കാക്കാലത്തി കയറി വരുന്നത്‌.

അവര്‍ക്കെന്നോട്‌ കുറേ പ്രേമവിഷയം പറയാനുണ്ടെന്ന്‌്‌്‌.
ഇതെന്താ നെറ്റിയില്‍ ഞാനെന്തെങ്കിലും എഴുതി ഒട്ടിച്ചുവെച്ചിട്ടുണ്ടോ ആരെയെങ്കിലും പ്രേമിക്കുന്നുണ്ടെന്ന്‌?
പ്രധാനപ്പെട്ട ചിലത്‌ പറയാനുണ്ട്‌, പത്തുരൂപകൊടുത്താല്‍ എല്ലാം പറയാമെന്ന്‌.
എനിക്കൊന്നും കേള്‍ക്കേണ്ടെന്നു പറഞ്ഞപ്പോള്‍ പുറകെ കൂടി.
രൊമ്പ കഷ്ടകാലം...പ്രേമക്കാര്യം നടക്കാനേ പോകുന്നില്ലെന്നു പറഞ്ഞു.

അങ്ങനെ രണ്ടുപേരെന്റെ ഭാവി പ്രവചിച്ചു!


-
രാത്രിയോ പകലോ ഇഷ്ടം?
നിലാവുള്ള രാത്രി പ്രത്യേകിച്ച്‌ എന്തെങ്കിലും തോന്നിയിട്ടുണ്ടോ?
ഇഷ്ടപ്പെട്ട പൂവ്‌?
ഇഷ്ടപ്പെട്ട കവി? ഇഷ്ടപ്പെട്ട കഥാകാരന്‍? ഇഷ്ടപ്പെട്ട നോവലിസ്‌്‌റ്റ്‌?
.......
......

സ്വന്തം ആണില്‍ നിന്നും മോഹിക്കുന്നത്‌ എന്തൊക്കെയാണെന്ന്‌ തുറന്നെഴുതാമോ?-

വീണ്ടും പഴയ ചോദ്യം.

-ഇതുവരെ എത്രപേരുടെ മുന്നില്‍ അണിഞ്ഞൊരുങ്ങി ചായയുമായി നിന്നു?-

നീയുള്ളപ്പോള്‍ മറ്റൊരാളുടെ മുന്നില്‍ എന്തിനാ നില്‍ക്കുന്നതെന്ന്‌ എഴുതാന്‍ കൊതിച്ചു. പക്ഷേ, എഴുതിയത്‌ മറ്റൊന്നായിരുന്നു.

-നാട്ടുകാരനായ ഒരു ഗള്‍ഫുകാരന്റെ മുന്നില്‍ നിന്നു കൊടുത്താലോന്ന്‌ ആലോചിക്കുവാ...-
ഒരു പരീക്ഷണത്തിനായിരുന്നു അങ്ങനെ എഴുതിയത്‌.
കത്തുവഴിമാത്രമാണ്‌ എനിക്കവനെ പരിചയം. എന്തു ധൈര്യത്തില്‍ ഞാനവന്റെ പ്രണയിനിയാവും?. രണ്ടോ മൂന്നോ വര്‍ഷമായിട്ട്‌ എനിക്കറിയാം എന്നതു നേര്‌്‌? അവനെത്ര കാമുകിമാരുണ്ടെന്ന്‌ ആരറിഞ്ഞു?
മുമ്പൊരു പ്രണയമുണ്ടായിരുന്നത്‌ എഴുതിയിട്ടുണ്ട്‌്‌. അത്‌ മനസ്സറിഞ്ഞുള്ള ബന്ധമായിരുന്നില്ലെന്നും പ്രായത്തിന്റെ വെറും ആകര്‍ഷണം മാത്രമായിരുന്നെന്നും...

ഗള്‍ഫുകാരനെ കുറിച്ചെഴുതിയപ്പോള്‍ മറുപടിക്ക്‌ വേഗമേറി.


-ഗള്‍ഫുകാരനെ തിരഞ്ഞെടുക്കാന്‍ ഉറപ്പിക്കുകയാണെങ്കില്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഗള്‍ഫില്‍ പോയി ഒരു വര്‍ഷം കൊണ്ട്‌ പണമുണ്ടാക്കി നല്ല ജീവിതാടിത്തറ ഉണ്ടാക്കിയവരുണ്ട്‌്‌.
എന്നാല്‍ 15 വര്‍ഷം ഗള്‍ഫില്‍ അദ്ധ്വാനിച്ചിട്ടും ഒരു സമ്പാദ്യവും നേടാന്‍ കഴിയാത്തവരുമുണ്ട്‌.
ഗള്‍ഫുകാരില്‍ ഡിമാന്റുള്ളവര്‍ ഇപ്പോള്‍ വളരെ കുറവാണ്‌. പെണ്ണിന്റെ സവിശേഷമായ മിടുക്കും കുശാഗ്രബുദ്ധിയും പ്രയോഗിച്ചു ഡിമാന്റ്‌ ഉള്ളവരെ കണ്ടെത്തുക. വേറെ ഏതു കേസ്‌ വന്നാലും ഇത്‌്‌്‌്‌ ഓര്‍മ്മ വേണം.

വിദ്യാഭ്യാസം ഇല്ലായ്‌ക ഒരു പ്രശ്‌നമാക്കണ്ട . ജീവിക്കാന്‍ അടിസ്ഥാനപരമായി പണംതന്നെ പ്രധാനം.
എന്നാലും തന്റെ മനസ്സറിഞ്ഞുപോയതുകൊണ്ട്‌്‌്‌ ചോദിക്കുകയാണ്‌-
'ഗള്‍ഫ്‌ പെര്‍ഫ്യൂമിനേക്കാള്‍ നമ്മുടെ മുല്ലപ്പൂ മണമല്ലേ ഏറെ നല്ലത്‌.'....

ഇനി ഉറപ്പിച്ചുപോയാല്‍ ഒരു കല്ല്യാണക്കുറി അയക്കാന്‍ മറക്കില്ലെന്ന്‌ കരുതുന്നു. എന്നാലും ഒരുറപ്പിന്‌ എഴുതുന്നു. മറന്നേക്കരുതേ....-

ആ കത്തുതുടര്‍ന്നു.... എനിക്ക്‌ സങ്കടം വന്നു. വെറുതെയെങ്കിലും അങ്ങനെ എഴുതണ്ടായിരുന്ന്‌ തോന്നിപ്പോയി...

-കേരളത്തിന്റെ രണ്ടുഭാഗത്ത്‌ കിടക്കുന്ന നമുക്ക്‌ കാഞ്ഞങ്ങാട്‌ വെച്ച്‌ കൂടിക്കാണുവാനും പിന്നീട്‌ ഒരു ഇടവേളക്കുശേഷം വീണ്ടും കൂടിച്ചേരാനും സൗഹൃദം ദൃഢപ്പെടുത്താനും കഴിഞ്ഞത്‌ എല്ലാം നല്ലതിനുവേണ്ടി എന്നു കരുതുന്നു.
ഈ സൗഹൃദമെങ്കിലും എന്നും നിലനില്‌ക്കില്ലേ?-

എന്റെ സ്വപ്‌നങ്ങളില്‍ അവനായി കഴിഞ്ഞിരുന്നു. എന്റെ ഉറക്കത്തില്‍, യാത്രകളില്‍, നടപ്പില്‍, എവിടെയും അവനുളളതായി തോന്നി....


കുഞ്ഞുന്നാളില്‍ എനിക്ക്‌ മൂക്കുത്തിയോട്‌ ഒരുപാടിഷ്ടമായിരുന്നു. മറയൂര്‍ സ്‌കൂളിലെ സഹപാഠികളധികവും തമിഴത്തികളായിരുന്നു. അവര്‍ ദാവണിയുടുത്ത്‌, മുടിയില്‍ പിച്ചിപ്പൂചൂടി മൂക്കുത്തിയണിഞ്ഞ്‌ വന്നു. അതുകണ്ട്‌ എനിക്കും കൊതിയായി.
കുറച്ചുകൂടി വലുതാവുമ്പോള്‍ എനിക്ക്‌ ദാവണി മേടിച്ചു തരാമെന്നും മൂക്കുത്തിയണിയിക്കാമെന്നും അത്താമ്മ പറഞ്ഞു. അത്താമ്മക്ക്‌ വെള്ളക്കല്ലിന്റെ മൂക്കുത്തിയുണ്ടായിരുന്നു. അതിന്റെ ശങ്കിരി വീണുപോയപ്പോള്‍ അഴിച്ചുവെച്ചു. റാവുത്തര്‍ പെണ്ണുങ്ങളൊക്കെ മൂക്കുത്തിയണിഞ്ഞവരായിരുന്നെന്ന്‌ അവര്‍ പറഞ്ഞു. മക്കളാരും മൂക്കു കുത്തിയില്ല. മകന്റെ മകളായ എന്നെയാണ്‌ ആഗ്രഹസാഫല്യത്തിന്‌ കണ്ടുവെച്ചത്‌.
പക്ഷേ, എന്റെ വൃത്തികെട്ട മൂക്കില്‍ ഒരു മൂക്കുത്തിയുടെ കുറവേയുള്ളുവെന്ന്‌ പറഞ്ഞ്‌ എല്ലാവരും തടഞ്ഞു.

-ഒന്നു കാണാഞ്ഞിട്ട്‌ കണ്ണു കഴയ്‌ക്കുകയാണ്‌.
അരികിലായിരുന്നെങ്കില്‍......
ഇനിയും കാത്തിരിക്കാന്‍ വയ്യ.
ഞാന്‍ വരുന്നു.
എന്റെ പ്രണയിനിയുടെ കൂടെ രണ്ടുദിവസം ചിലവഴിക്കണം.
നമ്മള്‍ ശരിക്കും പ്രേമിച്ചില്ല. മധുരമായി ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. ഈ കടിച്ചാല്‍ പൊട്ടുന്ന പ്രായത്തില്‌ പ്രായമേറിയവരെപ്പോലെ ഇത്രയും പക്വത കാണിക്കണോ പെണ്ണേ-

അവന്‍ വന്നു.. ഞങ്ങള്‍ ഒരു ദിവസം മുഴുവന്‍ സംസാരിച്ചിരുന്നു. എന്റെ ലോകത്തിലേക്ക്‌ അവനെക്കൂടി ചേര്‍ത്തു. അവന്റെ ലോകത്ത്‌ ഞാനും.

പിറ്റേന്ന്‌ ചെറിയൊരു യാത്ര പോകാമെന്ന്‌ തീരുമാനിച്ചു. പിറ്റേന്ന്‌ രാവിലെ അവനോടൊപ്പം അടിമാലിയിലേക്ക്‌ ബസ്സുകയറുമ്പോള്‍ ഉള്ളിലൊരു പേടി. അവന്‍ തലേന്ന്‌്‌്‌ അവന്‍ ഒരു ടൂറിസ്റ്റ്‌്‌്‌ ഹോമിലായിരുന്നു താമസിച്ചത്‌. അങ്ങോട്ടെങ്ങാന്‍ വിളിക്കുമോ? വെറുതെയെങ്കിലും...
അപ്പോള്‍ ഞാനെന്തു പറയും? ഒരുമിച്ച്‌ ജീവിക്കാന്‍ തീരുമാനിച്ചിട്ട്‌ എന്തിനാണിത്ര മടിയെന്ന്‌ പ്രലോഭിപ്പിക്കുമോ?
തല പെരുത്തു.
എന്തു പറഞ്ഞാലും പോകില്ല. ഇഷ്ടമായില്ലെങ്കില്‍ വേണ്ട. വരുന്നതു വരട്ടെ എന്നു വിചാരിച്ച്‌ ബസ്സിറങ്ങി.
'ഇനി എങ്ങോട്ടുപോകും? 'കാമുകന്‍ ചോദിച്ചു.
കാമുകീ ഹൃദയം പേടിച്ചു.
ബസ്സ്‌റ്റാന്റില്‍ ചാറ്റല്‍ മഴയത്ത്‌ നില്‍ക്കുകയാണ്‌ ഞങ്ങള്‍.
'എനിക്കിവിടമൊന്നും പരിചയമില്ല. എങ്ങോട്ടുപോകണമെന്ന്‌ തീരുമാനിക്ക്‌....ഞാന്‍ റൂമിലൊന്ന്‌ പോയി വരാം.'
ആശ്വാസമായി.
എവിടെപോകാനാണ്‌?
വെറുതെ റോഡീലൂടെ നടക്കാം എന്നു തീരുമാനിച്ചു.
മൂന്നാര്‍ റോഡിന്‌ നടന്നു. ഒരു ബുക്ക്‌സ്‌റ്റാളില്‍ കയറി. 'ഖസാക്കിന്റെ ഇതിഹാസം' ഇരുപത്തിമൂന്നാം പതിപ്പിരിക്കുന്നു.
"ഇതു വായിച്ചതാണോ?"
"ഇല്ല."
"ഇതുവരെ വായിച്ചിട്ടില്ലെങ്കില്‍ തൂങ്ങിച്ചാകുന്നതാ ഭേദം" ( പ്രണയിക്കാന്‍ ഇറങ്ങിത്തിരിച്ചവന്‍ എത്ര സുന്ദരമായി പ്രേമിക്കുന്നു? ...)
അതു വാങ്ങി. പിന്നെയും നടന്നു.
'ഇതെവിടെയെത്തും?'

'മൂന്നാറിലെത്തും ?'
കൂമ്പന്‍ പാറയെത്തും വരെ നടന്നതറിഞ്ഞില്ല. ഒറ്റക്കു നടക്കുന്നതിനേക്കാള്‍ എത്ര സുന്ദരമാണ്‌ ഈ നടപ്പ്‌. ചാറ്റല്‍ മഴയത്ത്‌ ഒരു കുടക്കീഴില്‍....
തിരിച്ചു പോരുമ്പോള്‍ മാങ്കടവുവഴി കല്ലാറുകുട്ടിയിലെത്തി. അണക്കെട്ടും മുതിരപ്പുഴയാറും ആകാശം മുട്ടിനില്‌ക്കുന്ന പര്‍വ്വതങ്ങളും കാണിച്ചുകൊടുത്തു.
അടിമാലിയില്‍ തിരിച്ചെത്തി ഒരു ജുവലറിയിലേക്കാണ്‌ കയറിയത്‌.

അപ്പോള്‍ മുമ്പയച്ച കത്തിലെ വരികള്‍ ഓര്‍മിച്ചു
-എന്റെ ഒരിഷ്ടം.
മൈന മൂക്കുത്തിയണിയണം.
മൈനക്കിഷ്ടമാവണം. ആയില്ലെങ്കിലും എനിക്കു വേണ്ടി.
മൂക്കുത്തിയണിയുന്നതിനോട്‌ എനിക്കെന്തോ ഒരു കൂടുതലിഷ്ടമാണ്‌.
മൂക്കുത്തിയണിഞ്ഞ ഒരു കാമുകി ഉണ്ടായിരുന്നുവെങ്കില്‍ ഞാനവളുടെ മൂക്കുത്തിയിലാണ്‌ ആദ്യം ചുംബിക്കുക.-
പച്ചമാംസം തുളഞ്ഞപ്പോള്‍ കണ്ണിലൂടെ വെള്ളമൊഴുകി.

പിന്നീടുള്ള യാത്ര എന്റെ ചെറിയ ലോകത്തേക്കായിരുന്നു. വീടിനു പുറകിലെ പാറയും മലയും...അതിനപ്പുറത്തെ സമതലം.
മഴയത്ത്‌ പായല്‍ പിടിച്ച്‌ തെന്നിക്കിടന്ന പാറകയറുമ്പോള്‍ ഇവനിതൊക്കെ പരിചയമുണ്ടോ എന്ന പേടിയുണ്ടായിരുന്നു. പക്ഷേ, എവറസ്റ്റായിരുന്നെങ്കിലും കൂടെ കയറിയേനെ എന്നു തോന്നി. കുറുക്കനും പാക്കാനുമിരിക്കുന്ന ഇഞ്ചക്കാടു കാണിച്ചുകൊടുത്തു. മുമ്പ്‌ സര്‍പ്പശിലതേടിപ്പോയ പാറയും വള്ളിപ്പടര്‍പ്പുകളും കാണിച്ചു. മലയുടെ തുഞ്ചത്തിരുന്ന്‌ താഴെ ദേവിയാറൊഴുകുന്നതും പാലവും കവലുയും സ്‌കൂളും മൈതാനവും തുരുത്തിലെ ക്ഷേത്രവും......

അക്കരെ മലയും അവടുത്തെ യൂക്കാലിപ്‌റ്റ്‌സ്‌ തോട്ടങ്ങളും പുല്‍മേടും അവിടെ മഞ്ഞിറങ്ങുന്നതും കാണിച്ചു.
ഒരു ദൂരദര്‍ശിനി വേണമെന്ന്‌ ആഗ്രഹിച്ചിരുന്നു എന്നു പറഞ്ഞു.
അവന്‍ വിസ്‌മയിച്ചിരുന്നു. പാറയില്‍ നിന്ന്‌ സമതലത്തിലേക്ക്‌, പുല്‍മേട്ടിലൂടെ നടക്കുമ്പോള്‍ അവന്‍ പറഞ്ഞു.

"എന്റെ നാട്ടില്‍ ഇതൊന്നുമില്ല. ഇപ്പോള്‍ ശരിക്കും വിഷമം തോന്നുന്നു....നീ എങ്ങനെ എന്റെ നാട്ടില്‍....?".
"ഒരു കാര്യം ചെയ്യൂ..ഈ മലയുടെ മുകളില്‍ ഒരു ആശ്രമംകെട്ടി ചികിത്സയുമൊക്കെയായി സന്യാസിനിയായി ജീവിക്കൂ...ഞാനിടയ്‌ക്കിടക്ക്‌ വരാം."
ഒരു പച്ചച്ച പുല്‍പ്പരപ്പായിരുന്നു അവിടം. രണ്ടുമൂന്നുകൊല്ലം മുമ്പുവരെ പുല്ലുകിളിര്‍ത്ത്‌ പച്ചച്ചുനില്‍ക്കുമ്പോള്‍ ഞങ്ങളിവിടെ വന്ന്‌ കുത്തിമറിയുമായിരുന്നു. പാറവെട്ടുകളിലെ ഇത്തിരി മണ്ണില്‍ വിടരുന്ന കൊച്ചുപൂക്കളെ നോക്കിയിരിക്കുമായിരുന്നു.
ചെന്നെത്തിയത്‌ ശിലായുഗസംസ്‌ക്കാരത്തിന്റെ അവശേഷിപ്പുകളിലൊന്നായ മുനിയറക്കു മുന്നിലാണ്‌.

"ഇവിടെ ദൈവമുണ്ടോ?"അവന്‍ ചോദിച്ചു.
"അറിയില്ല."
"പണ്ടുള്ളവരെ മറവു ചെയ്‌തിടമാണെന്നാണ്‌ , പക്ഷേ, ചിലര്‍ പറയുന്നു മുനി തപസ്സു ചെയ്‌തതാണെന്ന്‌."

പണ്ട്‌ കാടുപിടിച്ചു കിടന്നതായിരുന്നു. ഇപ്പോള്‍ വെട്ടിത്തെളിച്ച്‌ ഒരു അമ്പലം പോലെയാക്കിയിട്ടുണ്ട്‌. മുന്നില്‍ കല്‍വിളക്കു പണിയിച്ചിട്ടുണ്ട്‌.

കുറേനാള്‍ മുമ്പ്‌ നാട്ടുകാരിലൊരാള്‍ മരംവെട്ടാന്‍ കാട്ടില്‍ പോയി. ചെരിവില്‍ നിന്ന മരം വെട്ടിയാല്‍ താഴോട്ടുവീഴും. അതാണു ഗുരുത്വാകര്‍ഷണ നിയമം. പക്ഷേ, താഴെ അഗാധമായ കൊക്കയാണ്‌. അവിടേക്ക്‌ മരം മുറിഞ്ഞുവീണാല്‍ ശ്രമം പാഴാവും. അയാള്‍ മുനിയറയിലെ മുനിയെ ധ്യാനിച്ചു മരം മുറിച്ചു.
അവിടെ വിളക്കുവെക്കാമെന്നു നേര്‍ന്നു.
എല്ലാനിയമങ്ങളെയും തെറ്റിച്ച്‌ മരം മേലോട്ട്‌ വീണു.

അന്നുമുതല്‍ തുടങ്ങിയതാണ്‌ ഇവിടുത്തെ വിശ്വാസം.
"കേട്ട കഥ സത്യമാണോ എന്നു ചോദിക്കരുത്‌." -ഞാന്‍ പറഞ്ഞു.

"എന്തുമാകട്ടെ, നമുക്കൊന്നാവാനായാല്‍ ഈ കല്‍വിളക്കില്‍ തിരി തെളിയിക്കണം." അവനെന്നെ ചേര്‍ത്തു പിടിച്ചുകൊണ്ട്‌ പറഞ്ഞു.

* * *

'നമ്മളിതുവരെ മുനിക്കു കൊടുത്ത വാക്കുപാലിച്ചില്ലല്ലോ' എന്ന്‌ കൂട്ടുകാരന്‍ ഇപ്പോഴും പറയുന്നു.

ഇന്നത്തേക്ക്‌ പത്തുവര്‍ഷം ആയിട്ടും. .....

------------------------------

ഇന്നും കെട്ടുപോകാത്ത പ്രണയത്തോടെ ഈ പോസ്‌റ്റ്‌ കൂട്ടുകാരന്‌ വേണ്ടി സമര്‍പ്പിക്കുന്നു


കടപ്പാട്‌ മാതൃഭൂമി ഓണപ്പതിപ്പ്‌