Sunday, November 2, 2008

ഉമ്മമാരുടെ സങ്കടവും രോഷവും

ഇരുപത്തഞ്ചുവര്‍ഷമായി മുസ്ലീം സ്‌തരീകളുടെ സമത്വത്തിനുവേണ്ടി എം. എന്‍. കാരശ്ശേരി എഴുത്തുലൂടെ നടത്തിയ ഇടപെടുലുകളാണ്‌ ഈ പുസ്‌തകം. ആമുഖത്തില്‍ പറയുന്നു: ' മതമല്ല, മനുഷ്യനാണ്‌ എന്റെ വിഷയം


ചേക്കുട്ടിപ്പാപ്പ ഒരു ജിന്നാണ്‌. സങ്കടപ്പെടുന്ന സ്‌ത്രീകളുടെ വിളികേട്ട്‌, അവരെ സങ്കടപ്പെടുത്തിയവരെ വകവരുത്തുന്ന ശക്തിയാണ്‌ ചേക്കുട്ടിപ്പാപ്പ. ഈ ജിന്ന്‌ പെണ്‍വാദിയാണ്‌ എന്നതാണ്‌ പ്രധാനവിശേഷം. പെണ്ണുങ്ങളോട്‌ ആരെങ്കിലും വല്ല അന്യായവും ചെയ്‌താല്‍ ചേക്കുട്ടിപ്പാപ്പ അയാളുടെ മേത്ത്‌കൂടും. ശാരീരികവും മാനസീകവുമായ ഏതെങ്കിലും അസുഖമായിട്ട്‌ അത്‌ വെളിപ്പെടും; അല്ലെങ്കില്‍ കച്ചവടത്തില്‍ നഷ്ടം വരും; ചിലപ്പോള്‍ കന്നുകള്‍ക്കോ വിളകള്‍ക്കോ ആപത്തുവരും. കാരണം പെണ്ണുങ്ങള്‍ കരഞ്ഞുപറഞ്ഞാല്‍ ഉടനടി ദയതോന്നി അവരെ ഉപദ്രവിച്ചവരെ പിടികൂടാന്‍ കാത്തിരിക്കുകയാണ്‌ ചേക്കുട്ടിപ്പാപ്പ. ചേക്കുട്ടിപ്പാപ്പയെ ഒഴിപ്പിക്കണമെങ്കില്‍ കര്‍മ്മം ചെയ്യണം. അതുമാത്രം പോരാ- ആ പെണ്ണിന്റെ സങ്കടത്തിന്‌ നിവൃത്തിയുണ്ടാക്കണം?.

ഈ ഉദ്ധരണി എം. എന്‍. കാരശ്ശേരിയുടെ ഉമ്മമാര്‍ക്കുവേണ്ടി ഒരു സങ്കടഹര്‍ജി എന്ന പുസ്‌തകത്തില്‍ നിന്നുള്ളതാണ്‌. ഇരുപത്തഞ്ചുവര്‍ഷമായി മുസ്ലീം സ്‌തരീകളുടെ സമത്വത്തിനുവേണ്ടി അദ്ദേഹം എഴുത്തുലൂടെ നടത്തിയ ഇടപെടുലുകളാണ്‌ ഈ പുസ്‌തകം. ആമുഖത്തില്‍ പറയുന്നു: ' മതമല്ല, മനുഷ്യനാണ്‌ എന്റെ വിഷയം. മതകാര്യങ്ങളെപ്പറ്റിയല്ല, സാമൂഹ്യപ്രശ്‌നങ്ങളെപ്പറ്റിയാണ്‌ ഞാന്‍ സംസാരിക്കുന്നത്‌. പൗരോഹിത്യത്തെ ഏറ്റെതിര്‍ക്കുക എന്നതാണ്‌ ഈ പുസ്‌തകത്തിന്റെ ജന്മദൗത്യം'.

വ്യപസ്ഥാപിത മതപൗരോഹിത്യവും വിവിധ മതസംഘടനകളും മുസ്ലീം സ്‌ത്രീയുടെ കാര്യത്തില്‍ അങ്ങേയറ്റം നിരുത്തരവാദപരമായി പെരുമാറുന്നതാണ്‌ നമുക് കാണാനാവുന്നത്‌.
നീതിയും തുല്യതയുമാണ്‌ ഇസ്ലാമിന്റെ ആണിക്കല്ല്‌. പക്ഷേ, എവിടെയാണ്‌ നീതി? തുല്യത?
മുസ്ലീം സ്‌ത്രീക്ക്‌ ഒരു പ്രശ്‌നവുമില്ലെന്നു മാത്രമല്ല മറ്റു സമുദായങ്ങളെ അപേക്ഷിച്ച്‌ സ്‌ത്രീകള്‍ക്ക്‌ കൂടുതല്‍ സ്വാതന്ത്ര്യവുമുണ്ടെന്നുമാണ്‌ ഇവരുടെ വാദം. പുനര്‍വിവാഹം, വിവാഹമോചനം, സ്വത്തിലുള്ള അവകാശം ഇവയൊക്കെയാണ്‌ ഈ സ്വാതന്ത്ര്യപരിധിയില്‍ വരുന്നത്‌. ഇതൊന്നും ഇസ്ലാമിലില്ലെന്നല്ല . പ്രവാചകന്‍ വിഭാവനം ചെയ്‌ത സ്‌ത്രീ സ്വാതന്ത്ര്യം ഇവിടെയുണ്ടോ? പുരുഷകേന്ദ്രീകൃതമായ, അവരുടെ താത്‌പര്യങ്ങള്‍ക്കനുസരിച്ചുള്ള നടപ്പുകളാണ്‌ ഇവിടെ നടക്കുന്നത്‌.
സ്‌്‌ത്രീകള്‍ക്കു നേരെയുള്ള വിവേചനത്തിന്‌ ശരീഅത്തിനെ കൂട്ടുപിടിക്കുകയും ചെയ്യും. എന്നാല്‍ പുരുഷന്‍ ചെയ്യുന്നതൊക്കെ ശരീഅത്ത്‌ അനുസരിച്ചാണോ? അല്ലെന്നുതന്നെ പറയേണ്ടിവരും. സ്‌ത്രീധനം എന്ന ഒറ്റ ഉദാഹരണം മതി അതിന്‌.
സ്‌ത്രീധനം വേണമെന്ന്‌ ആണുങ്ങളെപ്പെലെ പെണ്ണുങ്ങളും പറയുന്നത്‌ എന്തുകൊണ്ടാണ്‌? സ്‌ത്രീധനവുമായി ബന്ധപ്പെട്ട പീഡനങ്ങളിലും കൊലകളിലും അമ്മായിയമ്മമാരും നാത്തൂന്മാരും ഉള്‍പ്പെടുന്നത്‌ എന്തുകൊണ്ടെന്ന്‌ വിശദീകരിക്കുകയാണ്‌ അദ്ദേഹം.




സ്‌ത്രീധനം എന്നത്‌ പുരുഷാധിപത്യഘടന സൃഷ്ടിച്ച ഒരു സാമ്പത്തീകക്രമം ആണ്‌. ആക്രമം സ്വയം ഉള്‍ക്കൊല്‌ളിക്കുന്നതിലൂടെ, ആ ഘടനയുടെ മൂല്യങ്ങള്‍ പഠിച്ചു പ്രാവര്‍ത്തികമാക്കുന്നതിലൂടെ, സാംസ്‌ക്കാരികമായി 'പുരുഷന്മാര്‍' ആയി മാറിയ സ്‌ത്രീകളാണ്‌ സ്‌ത്രീധനത്തിനുവേണ്ടി നിലകൊല്‌ളുന്ന മാതാക്കളും നാത്തൂന്മാരും അമ്മായിയമ്മമാരും. അവരെ വീണ്ടും സ്‌ത്രീകളാക്കി മാറ്റുന്ന സാംസ്‌ക്കാരിക പ്രവര്‍ത്തനമാണ്‌ സ്‌ത്രീധന വിരോധസമരം.

സ്‌ത്രീധനത്തിനെതിരെ പൊരുതാനും അത്‌ ഇല്ലാതാക്കാനും സ്‌ത്രീകള്‍ക്ക്‌ മാത്രമേ സാധിക്കൂ-ശാരീരികമായും സാംസ്‌ക്കാരികമായും 'സ്‌ത്രീകളായ' സ്‌ത്രീകള്‍ക്ക്‌ മാത്രം!


വിവാഹം, വിവാഹമോചനം. ബഹുഭാര്യത്വം, തൊഴില്‍, ആരാധന തുടങ്ങി എല്ലാകാര്യത്തിലും മനുഷ്യനെന്ന പരിഗണന സ്‌്‌ത്രീക്ക്‌ ലഭിക്കുന്നില്ലെന്നതാണ്‌ സത്യം. പ്രത്യേകിച്ച്‌ ദരിദ്രര്‍ക്ക്‌.
ബഹുഭാര്യത്വം സ്‌്‌ത്രീയെ രക്ഷിക്കലല്ല ശിക്ഷിക്കലാണ്‌. 'ദാരിദ്ര്യംകൊണ്ടാണ്‌ ഒരു പെണ്‍കുട്ടി ഒരുത്തന്റെ രണ്ടാംഭാര്യയായി നില്‌ക്കുന്നത്‌; ദാരിദ്ര്യം കൊണ്ടുതന്നെയാണ്‌ രണ്ടാംഭാര്യ കയറിവരുമ്പോള്‍ ഒന്നാംഭാര്യ ഇറങ്ങിപ്പോകുന്നതും. കാശുള്ള വീട്ടിലെ പെണ്ണിനെ ഇതിനൊന്നും കിട്ടില്ല. ദാരിദ്ര്യത്തെ ലൈംഗീക ചൂഷണത്തിന്‌ ഉപാധിയാക്കുന്ന ഏര്‍പ്പാടാണിത്‌' .

ഇവിടുത്തെ ഒരു പെണ്ണും ഭര്‍ത്താവിന്‌ മറ്റൊരു ഭാര്യയുണ്ടാവുന്നത്‌ അംഗീകരിക്കാന്‍ മാത്രം വിശാലമനസ്‌ക്കയല്ല. മതവിശ്വാസത്തിന്റെ ഭാഗമാണെന്ന്‌ പറഞ്ഞ്‌ ഭീഷണിപ്പെടുത്തിയോ, വിവാഹമോചനം എന്നു പറഞ്ഞോ, അല്ലെങ്കില്‍ പണത്തിന്റെ ആധിപത്യത്തിലോ പറയിപ്പിച്ചേക്കാം എന്നല്ലാതെ ഒരാളും ബഹുഭാര്യത്വത്തെ ഇഷ്ടപ്പെടുന്നില്ല.
ഈ പുരുഷന്‍ തന്നെ തന്റെ സഹോദരിയോ മകളോ ഒരുത്തന്റെ രണ്ടാംഭാര്യയായിരിക്കുന്നതില്‍ സന്തോഷിക്കുന്നുണ്ടാവില്ല.

കാരശ്ശേരി ഇക്കാര്യത്തെ അവതരിപ്പിക്കുന്നത്‌ നബിയുടെ മകള്‍ ഫാത്തിമയെ മുന്നില്‍ നിര്‍ത്തിയാണ്‌. ഫാത്തിമയുടെ ഭര്‍ത്താവ്‌ രണ്ടാമതൊന്ന്‌ കെട്ടണം എന്ന്‌ ആഗ്രഹം പ്രകടിപ്പിച്ച്‌ നബിയോട്‌ അനുവാദം വാങ്ങാന്‍ ശ്രമിച്ചു. നബി അനുവദിച്ചില്ലെന്നുമാത്രമല്ല അതിനദ്ദേഹം പറഞ്ഞ ന്യായം: ' അത്‌ ഫാത്തിമയുടെ ഹൃദയത്തെ വേദനിപ്പിക്കും' എന്നാണ്‌്‌.

ഇക്കാര്യത്തെക്കുറിച്ച്‌ 'പെണ്ണിന്റെ വേദന' എന്ന അദ്ധ്യായത്തില്‍, ഇസ്ലാമിന്റെ ശത്രുവിന്റെ മകളെ വിവാഹം കഴിക്കാന്‍ അലി ആഗ്രഹിച്ചതുകൊണ്ടാണ്‌ നബി നീരസം പ്രകടിപ്പിച്ചതെന്ന ചിലരുടെ വാദത്തെ പ്രതിരോധിക്കുകയാണ്‌.
അഭികാമ്യമായ ജീവിതരീതി എകപത്‌നീത്വമാണെന്ന്‌ ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന്‌ കാര്യം ഖുര്‍ആന്‍ വാക്യങ്ങളിലൂടെ തന്നെ തെളിയിക്കുകയാണ്‌. നീതിപാലിക്കുവാന്‍ ആവില്ലെന്ന്‌ ഭയപ്പെടുന്നപക്ഷം ഒരു സ്‌ത്രീയെമാത്രം വിവാഹം ചെയ്യുക(4:3) എത്ര ആഗ്രഹിച്ചാലും സ്‌ത്രീകള്‍ക്കിടയില്‍ തുല്യത പലര്‍ത്താന്‍ നിങ്ങള്‍ക്കാവുകയില്ല(4: 129) എന്നു പുരുഷന്മാരെ താക്കീതു ചെയ്യുന്നു ഖുര്‍ആന്‍.

ഒറ്റയടിക്ക്‌ മൂന്നുംചൊല്ലുന്ന തലാക്കിനെ വിമര്‍ശന വിധേയമാക്കുന്നു ഈ പുസ്‌തകത്തില്‍. മുസ്ലീം സ്‌ത്രീകള്‍ക്ക്‌ അവശതകളുണ്ട്‌്‌ എന്നു പറയുന്നത്‌ സമുദായത്തെ നിന്ദിക്കലായി വ്യാഖ്യാനിക്കപ്പെടുന്ന ഒരവസ്ഥ ഇന്നും നിലനില്‌ക്കുന്നു എന്ന്‌ ചൂണ്ടികാട്ടുന്നു.

വേഷം എന്ന ഭാഗത്തെ അശ്ലീലത്തിന്റെ കളി എന്ന കുറിപ്പില്‍ ടെന്നീസുകളിക്കാരി സാനിയ മിര്‍സയുടെ വേഷം അനിസ്ലാമികമാണെന്ന പുരോഹിതന്മാരുടെ മതവിധിക്കെതിരെയുള്ളതാണ്‌.
സാനിയ കായികരംഗത്ത്‌ നല്‌കിയ നേട്ടത്തിന്‌ പിന്തുണ നല്‌കാന്‍ അധ്വാനമോ, പണമോ, വാക്കോപോലും ഉപയോഗിക്കാത്തവരാണ്‌ ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത്‌. അവരോട്‌ അദ്ദേഹം ചോദിക്കുന്നു. " ദാരിദ്ര്യംകൊണ്ട്‌ നഗ്നത മറക്കാന്‍ പാങ്ങില്ലാതെ, ഉടുതുണിക്ക്‌ മറുതുണിയില്ലാതെ ഇന്ത്യയില്‍ എത്രയോ ആയിരം മുസ്ലീം സ്‌ത്രീകള്‍ ജിവിക്കുന്നുണ്ട്‌. അവരുടെ നഗ്നത മറക്കുവാന്‍ നിങ്ങള്‍ എന്തു ചെയ്‌തിട്ടുണ്ട്‌? അതിനെപ്പറ്റി നിങ്ങള്‍ വല്ലതുമോന്ന്‌ ആലോചിച്ചുണ്ടോ? അക്കാര്യത്തില്‍ വല്ലതും ആലോചിക്കുവാനോ പ്രവര്‍ത്തിക്കുവാനോ ഭാവമുണ്ടോ?"

മതവിധിയുമായി കളിക്കളത്തിലിറങ്ങിയ കൂട്ടര്‍ ശ്രദ്ധിക്കുന്നത്‌ സാനിയ മിര്‍സയുടെ കളിയല്ല, ആ മെയ്യഴകാണ്‌. ലോകത്തെങ്ങുമുള്ള കാണികളുടെ ശ്രദ്ധ പ്രകടനത്തില്‍ നിന്ന്‌ ആ ശരീരവടിവിലേക്ക്‌ തിരിച്ചുവിടുന്നതില്‍ ദൃശ്യമാധ്യമങ്ങളേക്കാള്‍ പങ്കുവഹിക്കുന്നത്‌ ഈ മതവിധിയാകുന്നു. ഈ വിഷയത്തിലെ പ്രധാന പ്പെട്ട അശ്ലീലം ഫത്വയാണ്‌ എന്ന അദ്ദേഹം ഈ ലേഖനത്തില്‍ പറഞ്ഞു നിര്‍ത്തുന്നു.

ബീമാപ്പള്ളി വിവാദം, പര്‍ദയുടെ അന്തരാര്‍ത്ഥങ്ങള്‍, സ്‌ത്രീ സംവരണം, പള്ളിപ്രവേശനം, തലാഖ്‌, ഷാബാനുകേസിന്റെ വിധി, സ്‌ത്രീധനം, വ്യക്തിനിയമം തുടങ്ങി മുസ്ലീം സ്‌ത്രീകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച്‌ വളരെ തന്മയത്വത്തോടെ എഴുതിയിരിക്കുന്നു. പഠനം എന്ന വിഭാഗത്തിലാണ്‌ പെടുത്തിയിരിക്കുന്നതെങ്കിലും ലളിതമായ ആഖ്യാനശൈലി വായന എളുപ്പമാക്കുന്നുണ്ട്‌.

മുസ്ലീം സ്‌ത്രീ എല്ലാതരത്തിലും അവഗണന അനുഭവിക്കുന്നവളാണ്‌. അവള്‍ക്കുവേണ്ടി ശബ്ദ്‌ിക്കാന്‍ ആരുമില്ല. ദുരിതം അനുഭവിച്ചിരുന്ന കേരളത്തിലെ മറ്റൊരു സ്‌ത്രീ സമൂഹമായിരുന്ന അന്തര്‍ജനങ്ങളെ ഉദ്ധരിക്കാന്‍ വി.ടി. ഭട്ടതിരിപ്പാടിനെപ്പോലൊലു സാമൂഹ്യ പരിഷ്‌ക്കര്‍ത്താവുണ്ടായി . മാപ്പിളപ്പെണ്ണുങ്ങളെ ബോധവതികളാക്കാനും അവര്‍ക്കുവേണ്ടി വാദിക്കാനും ഇവിടുത്തെ മുസ്ലീം സമൂഹത്തില്‍ കാര്യമായ ഒരു ശ്രമവും നടന്നില്ല എന്ന ഉമ്മമാര്‍ക്കുവേണ്ടി ഒരു സങ്കടഹര്‍ജിയില്‍ പറയുന്നു.
ശരിയാണ്‌. കാരശ്ശേരിയെപ്പോലെയുള്ള പുരുഷന്മാര്‍ സ്‌ത്രീ പക്ഷത്തുനിന്ന്‌ എഴുതാനെങ്കിലുമുള്ളത്‌ വലിയ ആശ്വാസമാണ്‌. ഇത്തരമൊരു പുസ്‌തകത്തില്‍നിന്ന്‌ സാമൂഹികശാസ്‌ത്രത്തിന്റെ രീതിശാസ്‌ത്രം പ്രയോഗത്തില്‍ വരുത്തിയ പഠനങ്ങളല്ല പ്രതീക്ഷിക്കേണ്ടത്‌ എന്ന്‌ അവതാരികയില്‍ ജെ. ദേവിക പറയുന്നു. കാരണം ഒരു വ്യക്തിയുടെ -സമുദായത്തില്‍ ഉറച്ച വേരുകളുള്ള ഒരു വ്യക്തിയുടെ -സമരത്തിന്റെ രേഖയാണിത്‌്‌.

ആരാണീ ചേക്കുട്ടിപ്പാപ്പ?
ഉമ്മമാരുടെ സങ്കടഹരജികള്‍ക്ക്‌ കാതോര്‍ത്തിരിക്കുകയും അവയ്‌ക്ക്‌ ന്യായമായ പരിഹാരം ഉണ്ടാവും വരെ ' പ്രതികളെ' സൈ്വരം കെടുത്തുകയും ചെയ്യുന്ന ഈ ' രക്ഷകന്റെ' പുരാവൃത്തം ആകൃതിപ്പെട്ടത്‌ സമൂഹമനസ്സിന്റെ പ്രാചീനമായി നീതിബോധത്തില്‍ നിന്നാവണം.
മതവിശ്വാസത്തിന്റെയും നാട്ടുനടപ്പിന്റെയും പല്‍ച്ചക്രങ്ങളില്‍ ഞെരിഞ്ഞമര്‍ന്നുപോകുന്ന സ്‌ത്രീകളുടെ നിശബ്ധമായ വ്യസനത്തിന്റെ പ്രതിക്രിയയാണ്‌ ചേക്കുട്ടിപ്പാപ്പ. ചേക്കുട്ടിപ്പാപ്പയെ അയയ്‌ക്കും എന്നത്‌ നാടന്‍ പ്രതിരോധത്തിന്റെ സൂചകം ആണ്‌. മറ്റു വഴിക്ക്‌ പരിഹാരം നേടാന്‍ പ്രയാസമായ അത്യാചാരങ്ങള്‍ക്കെതിരായാണഅ, സമൂഹമനസ്സിലെ അദൃശ്യമായ നീതിന്യാക്കോടതി ചേക്കുട്ടിപ്പാപ്പ എന്ന പെണ്‍വാദിയായ ജിന്നിനെ ആവാഹിക്കുന്നത്‌.

വായിച്ചു തീരുമ്പോള്‍ ഒറ്റച്ചോദ്യം മാത്രം അവശേഷിക്കുന്നു.

ആരാണീ ചേക്കുട്ടിപ്പാപ്പ?
ഉത്തരം: അതൊരു ജിന്നാണ്‌. ഈ മിത്തൊരു താത്‌്‌ക്കാലിക കൗതുകമുണര്‍ത്തിയേക്കാം. പക്ഷേ, മുസ്ലീം സ്‌ത്രീയുടെ രക്ഷകയായി, അവള്‍ക്കു വേണ്ടി വാദിക്കാന്‍, തുല്യനീതി ഉറപ്പിക്കാന്‍ എന്നാണ്‌ ചേക്കുട്ടിപ്പാപ്പ സ്‌ത്രീരൂപത്തില്‍ അവതരിക്കുന്നത്‌?


കടപ്പാട്‌ കറന്റ്‌ ബുക്ക്‌സ്‌ ബുള്ളറ്റിന്‍ ഒക്ടോബര്‍ 2008

ഡി.സി. ബുക്‌സ്‌
100 രൂപ

14 comments:

Myna said...

" ദാരിദ്ര്യംകൊണ്ട്‌ നഗ്നത മറക്കാന്‍ പാങ്ങില്ലാതെ, ഉടുതുണിക്ക്‌ മറുതുണിയില്ലാതെ ഇന്ത്യയില്‍ എത്രയോ ആയിരം മുസ്ലീം സ്‌ത്രീകള്‍ ജിവിക്കുന്നുണ്ട്‌. അവരുടെ നഗ്നത മറക്കുവാന്‍ നിങ്ങള്‍ എന്തു ചെയ്‌തിട്ടുണ്ട്‌? അതിനെപ്പറ്റി നിങ്ങള്‍ വല്ലതുമോന്ന്‌ ആലോചിച്ചുണ്ടോ? അക്കാര്യത്തില്‍ വല്ലതും ആലോചിക്കുവാനോ പ്രവര്‍ത്തിക്കുവാനോ ഭാവമുണ്ടോ?"

അനില്‍@ബ്ലോഗ് // anil said...

ഗുഡ്, ഗൂഡ്.

സമയോചിതമായ പോസ്റ്റ്.

മൈന, രക്ഷകര്‍ ഉദയം ചെയ്യില്ലല്ലോ.

ദൈവിക ഗ്രന്ധത്തില്‍ പറഞ്ഞിട്ടുണ്ട് എന്നു പറയുന്നത് കേട്ടാല്‍ പിന്നെ ചോദ്യം ചെയ്യാന്‍ പാടില്ലെന്നാണ് എല്ലാവരും പറയുന്നത്. സ്വന്തം ഇഷ്ടപ്രകാരം വ്യാഖ്യാനിക്കാനാവില്ല്, അതൊക്കെ പണ്ഡിതന്മാര്‍ മാത്രം ചെയ്യേണ്ട കാര്യങ്ങളാണെന്നും കുറച്ചു ദിവസങ്ങളായി എനിക്കു ഉപദേശം ലഭിച്ചു കൊണ്ടിരിക്കുകയാണ്.
ആരാണാവോ ഈ പണ്ഡിതന്മാര്‍?
കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ എന്നൊരു പണ്ഡിതന്റെ വാദങ്ങള്‍ നാം എല്ലാ ദിവസം കേള്‍ക്കുന്നതാണല്ലോ.
അദ്ദേഹം പണ്ടൊരു ദിവസം നടത്തിയ ഒരു ചില പരാമര്‍ശങ്ങളുടെ വീഡിയോ ലിങ്ക് ഇവിടെ ഇടുന്നു.
കൂടെ നല്ലോരു തേങ്ങയും.

അനില്‍@ബ്ലോഗ് // anil said...

ഒരു ട്രാക്ക്

ഉഗ്രന്‍ said...

@ മൈന,
ബൂക്ക് വായിക്കണം എന്നാഗ്രഹമുണ്ട്. വായിക്കാന്‍ പറ്റിയാല്‍ അഭിപ്രായം എഴുതാം. ബുക്കിനെ കുറിച്ച് അറിയിച്ചതിന്‌ നന്ദി.
:)


@അനില്‍@ബ്ലോഗ്,
അനിലേ... ആ തേങ്ങ എന്‍‌റ്റെ തലക്കിട്ട് അടിച്ച പോലുണ്ടല്ലോ. ദേഷ്യം ഒന്നും ഇല്ലല്ലോ അല്ലേ..
:)

അനില്‍@ബ്ലോഗ് // anil said...

ഉഗ്രാ,
തേങ്ങ പോസ്റ്റിനടിച്ചതാ.
വല്ല ചീളും ചിലപ്പോള്‍ തെറിച്ചതായിരിക്കും :)

വികടശിരോമണി said...

മൈന,
തികച്ചും പ്രസക്തമായ പ്രശ്നങ്ങൾ.അഭിനന്ദനങ്ങൾ.
ഒരു ചേക്കുട്ടിപ്പാപ്പയും അവതരിക്കുകയില്ല,മനുഷ്യത്വമുള്ള സ്ത്രീയും പുരുഷനും ഉണരാതെ.രക്ഷകനെ കാത്തിരിക്കുകയല്ല,ക്രിയാത്മകമായി രക്ഷതേടുകയേ മാർഗ്ഗമുള്ളൂ.
സ്വന്തം പെങ്ങളെ കെട്ടിയവന് മൂന്നു ബീവിമാർ വേറെയുണ്ടെന്ന് അളിയനെക്കുറിച്ച് വീമ്പു പറയുന്ന ആങ്ങളമാരും നാട്ടിലുണ്ട്.
ചരിത്രം അടിമകൾക്കു നൽകുന്ന മനശ്ശാസ്ത്രം നമ്മുടെ സ്ത്രീകളിൽ തലമുറകളായി കൈമാറ്റം ചെയ്യപ്പെടുകയാണ്.സാനിയയുടെ വസ്ത്രത്തെ പ്രതിഷേധിച്ചും,ബഹുഭാര്യാത്വത്തിന് പുതിയ വ്യാഖ്യാനങ്ങൾ നൽകിയും കാന്തപുരത്തെപ്പോലുള്ള ആണുങ്ങൾ(?)നിർമ്മിക്കുന്ന ജീവിതവീക്ഷണത്തെ ഇരുകൈയ്യും നീട്ടി സ്വീകരിക്കാൻ ഉമ്മമാർ തയ്യാറാകുന്നത് ഇതിനാൽക്കൂടിയാണ്.ആണുങ്ങൾക്ക് കീഴ്പ്പെട്ടുനിന്ന സ്ത്രീകളുടെ ഈ ചരിത്രദാസ്യമാണ് തകർക്കപ്പെടേണ്ടത്.
അധികാരവ്യവസ്ഥ അഗ്നിമീളേ പുരോഹിതമായി മുന്നിൽ നിന്നിരുന്ന വി.ടിയുടെ കാലത്തേക്കാൾ സങ്കീർണ്ണമാണ് ഇന്നത്തെ ഇസ്ലാം അധികാരവ്യൂഹത്തിന്റെ ഫത്‌വകൾ,അവ വേവിച്ചെടുക്കുന്നത് വോട്ടുബാങ്കുമുതൽ വർഗ്ഗീയസംഘട്ടനം വരെ കാത്തിരിക്കുന്നവർക്കു വിളമ്പുന്ന വിഭവങ്ങൾ കൂടിയാണ്.
എന്റെ പ്രിയഗുരുനാഥനായ കാരശ്ശേരിമാഷിന്റെ പുസ്തകം പരിചയപ്പെടുത്തിയതിന് നന്ദി.
ആശംസകൾ...

മാണിക്യം said...

തന്റേടമുള്ള എഴുത്ത്!
എന്റെ പ്രണാമം!

paarppidam said...

പ്രസിദ്ധീകരിച്ചതിനു അഭിനന്ദനങ്ങൾ.പലതും ചോദിക്കണം ന്നും എഴുതണം എന്നും ഉണ്ട് പക്ഷെ ഒരു മുസ്ലീം വിഷയത്തിൽ അഭിപ്രയം പറഞ്ജാൽ അത് ദ്രുർവ്യാഖ്യാന്ം ചെയ്യപ്പെടും എന്ന് കരുതി ഞാൻ ഒന്നും എഴുതുന്നില്ല.

ila said...

സുഹൃത്തേ,

മുഖ്യധാരാ മാധ്യമങ്ങളുടെ കുത്തൊഴുക്കുകളില്‍ നിന്നൊഴിഞ്ഞ് സാധാരണക്കാരന്റെ എഴുത്തിനും സാമൂഹ്യബോധത്തിനും പുതിയൊരു സമാന്തരവേദിയൊരുക്കുക എന്ന ആശയമാണ് " ഇല"​ എന്ന പബ്ലിക്ക് മീഡിയാ പോര്‍ട്ടലിന് രൂപം കൊടുത്തിരിക്കുന്നത് . സ്പേസും(സൊസൈറ്റി ഫോര്‍ പ്രമോഷന്‍ ഓഫ് ആള്‍ട്ടര്‍നേറ്റീവ് കമ്പ്യൂട്ടിംഗ് ആന്റ് എംപ്ലോയ്​മെന്റ്) മീഡിയാക്റ്റും സ്ക്കൂള്‍ ഓഫ് മീഡിയ സ്റ്റഡീസുമാണ് ഇലയ്ക്ക് പിന്നില്‍ കൈകോര്‍ക്കുന്നത്.തെരഞ്ഞെടുക്കപ്പെട്ട ബ്ലോഗുകളില്‍ നിന്നുള്ള ലേഖനങ്ങളാവും ഇതിന്റെ മുഖ്യ ഘടകം. വ്യക്തികള്‍ക്ക് നേരിട്ട് ലേഖനങ്ങള്‍ പോസ്റ്റ് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. താങ്കളുടെ ബ്ലോഗില്‍ നിന്നുള്ള ലേഖനങ്ങളും ഇലയില്‍ ഉള്‍​ക്കൊള്ളിക്കാന്‍ താത്പര്യപ്പെടുന്നു. അതു കൂടാതെ പോര്‍ട്ടലിന്റെ എഡിറ്റോറിയല്‍ ജോലികളിലും താങ്കള്‍ക്ക് സഹകരിക്കാവുന്നതാണ്.

തീര്‍ച്ചയായും മറുപടി അയക്കുമല്ലോ.

ila4all@gmail.com

Anil said...

ഓഫ് ടോപ്പിക്ക് ആണ് എങ്കിലും ഇവിടെ പറയാം എന്ന് കരുതുന്നു

ഇന്നലെ ഏഷ്യാനെറ്റ് ന്യൂസില്‍ കവര്‍ സ്റ്റോറി എന്ന പരിപാടിയില്‍
പര്‍ദയിട്ട കുറെ സ്ത്രീകള്‍ അവരെ പള്ളിയില്‍ പ്രവേശിപ്പിക്കുന്നതിനു വേണ്ടി സമരം നടത്തുന്നത് കണ്ടു

കാന്തപുരം എ.പി. അബൂബക്കര് പറഞ്ഞുവിടുന്ന മണ്ടത്തരങ്ങളെ മുസ്ലിം സ്ത്രീകള്‍ ശക്തമായ ഭാഷയില്‍ എതിര്‍ക്കുന്നതും കണ്ടു

ആശ്ചര്യം തോന്നി ഈ 21-)o നൂറ്റാണ്ടിലും ഇതുപോലുള്ള നേതാക്കന്‍ മാര്‍ ഉണ്ടല്ലോ എന്നോര്‍ത്ത്!!!

പിന്നെ വൈകി ആണെങ്കിലും, ഇപ്പോഴും പര്‍ദക്കുള്ളില്‍ ആണെന്കിലും മുസ്ലിം സഹോദരിമാരും പ്രതികരിക്കാന്‍ തുടങ്ങിയല്ലോ എന്നോര്‍ത്ത് !!!

refference

Kanthapuram telling lies on stage
http://in.youtube.com/watch?v=p0NOjtHGk0o


ബഹുഭാര്യാത്വം: കമ്മിഷനെതിരെ കാന്തപുരം
http://malayalam.webdunia.com/newsworld/news/keralanews/0810/31/1081031056_1.htm

Mahi said...

ഈ പരിചയപ്പെടുത്തലിന്‌ നന്ദി.ചേക്കുട്ടി പാപ്പമാര്‍ ഓരോരുത്തരുടെയും മനസില്‍ അവതരിക്കാനെങ്കിലും ഇതു കൊണ്ട്‌ കഴിഞ്ഞെങ്കില്‍.

ഇസ് ലാം വിചാരം said...

വായനക്കുപകരിക്കുന്ന ഒരു പോര്‍ട്ടല്‍ ഒരുക്കിയതിനഭിനന്ദനമര്‍ഹിക്കുന്നു.
എങ്കിലും പറയാതെ വയ്യ ചിലത്...
ആത്യന്തിക മതേതരത്വത്തിന്റെ നാട്യവും മതനിരാസത്തിന്റെ മനസുമാണു നാട്ടുപച്ചയുടെ മനോഹരമായ പുറം മോടിക്ക് പിന്നിലെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത് എന്നു തോന്നിപ്പോകുന്നു..
മതേതരത്വം മതനിരാസമാണെന്ന് ധരിച്ചു വശായ കുറച്ചു പേരാണു ടീമംഗങ്ങളെന്നും തോന്നിപ്പിക്കുന്നു അവിടെക്കണ്ട വിവിധ കുറിപ്പുകള്‍..
ഒളിഞ്ഞിരുന്നിട്ടും അത് നാട്ടുപച്ചയിലുടനീളം നിഴലിച്ചു കാണുന്നത് പോലെ..

ഇസ് ലാം വിചാരം said...

വായനക്കുപകരിക്കുന്ന ഒരു പോര്‍ട്ടല്‍ ഒരുക്കിയതിനഭിനന്ദനമര്‍ഹിക്കുന്നു.
എങ്കിലും പറയാതെ വയ്യ ചിലത്...
ആത്യന്തിക മതേതരത്വത്തിന്റെ നാട്യവും മതനിരാസത്തിന്റെ മനസുമാണു നാട്ടുപച്ചയുടെ മനോഹരമായ പുറം മോടിക്ക് പിന്നിലെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത് എന്നു തോന്നിപ്പോകുന്നു..
മതേതരത്വം മതനിരാസമാണെന്ന് ധരിച്ചു വശായ കുറച്ചു പേരാണു ടീമംഗങ്ങളെന്നും തോന്നിപ്പിക്കുന്നു അവിടെക്കണ്ട വിവിധ കുറിപ്പുകള്‍..
ഒളിഞ്ഞിരുന്നിട്ടും അത് നാട്ടുപച്ചയിലുടനീളം നിഴലിച്ചു കാണുന്നത് പോലെ..
see my new post on www.islamvicharam.blogspot.com

Pahayan said...

മാതൃഭൂമിയിലെ ലേഖനം വായിച്ചു...വായിച്ചു തീര്‍ന്നപ്പോള്‍ കുട്ടിക്കാലത്തേക്ക്‌ പോയ അനുഭവം...ഗംഭീരായിട്ട്‌ണ്ട്‌..