Saturday, March 1, 2008

കടല്‍ മരുഭൂമിയിലെ വീട്ടിലേക്ക്‌ ഒരു യാത്ര

സെക്കന്റ്‌ ഹാന്റ്‌സ്‌ ബുക്ക്‌ ഷോപ്പിലേക്കുള്ള വഴികാട്ടി പ്രതാപായിരുന്നു . കോഴിക്കോട്ടെ മിക്ക സെക്കന്റ്‌ ഹാന്റ്‌സ്‌ ബുക്ക്‌ ഷോപ്പിലും പിന്നീട്‌ കയറി ഇറങ്ങി. സെക്കന്റ്‌ ഹാന്റ്‌സ്‌ ബുക്ക്‌ ഷോപ്പില്‍ ഒരുപാടു പഴകിയ, അഴുക്കു പുരണ്ട്‌, തുന്നുവിട്ട പുസ്‌തകങ്ങളാവും ഉണ്ടാവുക എന്ന ധാരണയായിരുന്നു അന്നുവരെ. എന്നാല്‍ പുതുമണം മാറാത്ത, താളുകള്‍ മറിക്കുകപോലും ചെയ്യാത്ത പുത്തന്‍ പുസ്‌തകങ്ങളായിരുന്നു പലതും.

മുഖവിലയുടെ പകുതിവിലയ്‌ക്കു ലഭിക്കും എന്നതായിരുന്നു ഏറ്റവും വലിയ ആകര്‍ഷണം. സ്വന്തമാക്കാന്‍ ആഗ്രഹിച്ച പല പുസ്‌തകങ്ങളും ഇങ്ങനെ കൈയ്യിലെത്തിയിട്ടുണ്ട്‌.

കൂട്ടത്തില്‍ ആനന്ദിന്റെ ആള്‍ക്കൂട്ടമായിരുന്നു ഏറെ പഴകിയത്‌. അത്‌ 1978 ല്‍ അച്ചടിച്ചതായിരുന്നു. മുഖവില 20 രൂപ. 10 രൂപയ്‌ക്ക്‌ ആള്‍ക്കൂട്ടം വാങ്ങുമ്പോള്‍ അതിന്റെ വലിപ്പം കണ്ടാണ്ട്‌ പുതിയ പുസ്‌തകത്തിന്റെ വില അന്വേഷിച്ചത്‌ 200 രൂപ. ലാഭം 190. എന്നാല്‍ വായിക്കുന്നത്‌ ഒന്നുതന്നെ. ഒന്ന്‌ പുരാവസ്‌തു ആണെന്നുമാത്രം.

'പ്രവാചകന്‍', 'ചിദംബര സ്‌മരണ', 'ഒരിക്കല്‍', 'ഒരുവഴിയും കുറേ നിഴലുകളും' ,മള്‍ബെറിയുടെ 'ഓര്‍മ്മ' ...അങ്ങനെ ചെറുതും വലുതുമായ കുറേ പുസ്‌തകങ്ങള്‍ അരികിലെത്തി. പലതും review വിനു വേണ്ടി നല്‌കിയവയായിരുന്നു സെക്കന്റ്‌ ഹാന്റ്‌സ്‌ ബുക്ക്‌ ഷോ്‌പ്പിലെത്തിയത്‌.

(ഇതില്‍ ചിദംബരസ്‌മരണയും ഒരിക്കലും പലവട്ടം വീടു വിട്ടിറങ്ങിപ്പോയി. മുമ്പ്‌ മംഗളം മനോരമ, മനോരാജ്യം, വനിത തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ മാത്രം വായിച്ചിരുന്ന എന്റെ അമ്മപോലും ഒറ്റയിരുപ്പിനാണത്രേ ചിദംബരസ്‌മരണ വായിച്ചു തീര്‍ത്തത്‌ എന്ന്‌ അനിയത്തി പറഞ്ഞു. ഒരിക്കലും ഇങ്ങനെയൊക്കെയായിരുന്നു. )

പക്ഷേ, കടല്‍ മരുഭൂമിയിലെ വീടായിരുന്നു (ശിഹാബുദ്ദീന്‍ പൊയ്‌ത്തുംകടവ്‌) ഞാനേറെ ഇഷ്ടപ്പെട്ട പുസ്‌തകം. അത്‌ വീടുവിട്ടിറങ്ങിപ്പോകുന്നത്‌ സങ്കല്‍പ്പിക്കാന്‍ പോലുമാകുമായിരുന്നില്ല.
പ്രതാപിന്റെയോ ലതീഷിന്റെയോ കൈയ്യില്‍ നിന്നാണ്‌ അത്‌ ആദ്യം വായിച്ചത്‌. ലതീഷ്‌ അതുറക്കെ ചൊല്ലിയിരുന്നു.


അടുത്തൊരു ദിവസമാണ്‌ 'ആതിര'യില്‍ നിന്നും 'കടല്‍ മരുഭൂമിയിലെ വീട്‌' ലഭിച്ചത്‌. രണ്ടാമതൊന്ന്‌ ആലോചിക്കാതെ പുസ്‌തകം വാങ്ങി. പുത്തന്‍ പുസ്‌തകം. ഒന്നു നിവര്‍ത്തി. ഒന്നാം ഭാഗം അവസാനിക്കുന്നിടം
തൊടാത്തത്‌ എന്ന കവിത

മരിച്ചു കഴിഞ്ഞപ്പോഴേക്കും
എന്റെ എല്ലാം ഉപയോഗിക്കപ്പെട്ടു കഴിഞ്ഞിരുന്നു.
സ്‌നേഹം മാത്രം ആരും തൊട്ടില്ല
ഞാന്‍ പോലും


പിന്നെ വീട്ടിലെത്തി ആദ്യതാള്‍ മറിച്ചു.
ചുവപ്പു മഷികൊണ്ട്‌ ചെറിയ ഒപ്പിനു താഴെ 11.11.99 എന്ന്‌ രേഖപ്പെടുത്തിയിരിക്കുന്നു.

താഴെ നീല മഷിയില്‍
ഇങ്ങനെ എഴുതിയിരുന്നു.

പ്രിയപ്പെട്ട ഷെല്‍വിക്ക്‌
സ്‌നേഹാദരങ്ങളോടെ
സ്വന്തം
ശിഹാബ്‌


എന്റെ കൈകള്‍ വിറച്ചു.

19 comments:

Myna said...

പക്ഷേ, കടല്‍ മരുഭൂമിയിലെ വീടായിരുന്നു (ശിഹാബുദ്ദീന്‍ പൊയ്‌ത്തുംകടവ്‌) ഞാനേറെ ഇഷ്ടപ്പെട്ട പുസ്‌തകം. അത്‌ വീടുവിട്ടിറങ്ങിപ്പോകുന്നത്‌ സങ്കല്‍പ്പിക്കാന്‍ പോലുമാകുമായിരുന്നില്ല.
പ്രതാപിന്റെയോ ലതീഷിന്റെയോ കൈയ്യില്‍ നിന്നാണ്‌ അത്‌ ആദ്യം വായിച്ചത്‌. ലതീഷ്‌ അതുറക്കെ ചൊല്ലിയിരുന്നു.

കണ്ണൂരാന്‍ - KANNURAN said...

മൈനയുടെ ഞെട്ടല്‍ വായനക്കാരിലേക്കും സംക്രമിക്കുന്നു. എന്തൊരനുഭവം?

അനില്‍ ഐക്കര said...

ആതിര എന്നത്‌ ഒരു സെക്കന്‍ഡ്‌ ഹാന്‍ഡ്‌ ബുക്‌ ഷോപ്പാണെന്ന് സൂചന വരേണ്ടതായിരുന്നുവോ?

അയാള്‍ എഴുതിയത്‌ എത്ര ശരിയാണ്‌ അല്ലേ..തന്റെ സ്നേഹം മാത്രം ആരും തൊട്ടില്ല.

ഇതൊരു റിയാലിറ്റി അനുഭവമാണോ മാഷെ?എന്തൊരു അനുഭവം!

കുറുമാന്‍ said...

ഹോ സങ്കല്‍പ്പിക്കാന്‍ കൂടി കഴിയുന്നില്ല. സ്വന്തം കയ്യൊപ്പിട്ട് എഴുത്തുകാരന്‍ സമ്മാനിച്ച പുസ്തകം കൈമാറി പോകുക എന്നു വച്ചാല്‍!!!

ഹരിയണ്ണന്‍@Hariyannan said...

മൈനാ..
ശരിക്കും അത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ഷെല്‍‌വിക്കുനല്‍കിയ കയ്യൊപ്പായിരുന്നുവോ?
എങ്കില്‍ അത് വിറയല്‍ പകരുന്ന ഒരനുഭവം തന്നെ.
മാത്രവുമല്ല..ആ പുസ്തകത്തിന് ജീവന്‍ വക്കുകയും ചെയ്തേക്കാം!!
ഷെല്‍‌വിയെക്കുറിച്ച് ദ്രൌപദി ഇവിടെ#linksഎഴുതിയിട്ടുണ്ട്!!

രാജ് said...

ശിഹാബ്,
ആനന്ദ്,
ലതീഷ്,
ഷെല്‍‌വി

ചില പേരുകളിലൂടെയാണ് ഞാന്‍ ഈ പോസ്റ്റ് വായിക്കുന്നത്. ശിഹാബിനെ മാത്രം കണ്ടിട്ടുണ്ട്, ഷെല്‍‌വിയെ ഇനി കാണാനാവില്ല.

റീനി said...

മൈനാ, ഈ നിമിഷത്തില്‍ നിങ്ങളോട് ഏറ്റവും അസൂയയുള്ളൊരു വ്യക്തി ഞാനാണ്.
മറക്കാനാവാത്തൊരു അനുഭവം.

‘ചിദംബര സ്മരണകള്‍‘ ഞാനും ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ത്തൊരു പുസ്തകം.

‘കടല്‍മരുഭൂമിയിലെ വീട്‘ ഒരിക്കല്‍ കയ്യില്‍കിട്ടുമെന്ന പ്രതീക്ഷയില്‍.
‘ഓര്‍മ്മ’ ഒരിക്കല്‍ ഒരു സുഹൃത്തിന്റെ കയ്യില്‍നിന്നും കടമെടുത്തു. ഇതെല്ലാം ഇപ്പോള്‍ നിങ്ങളുടെ കയ്യില്‍ ഒരു മുന്‍‌വിധി പോലെ. നിധി പോലെ സൂക്ഷിക്കു.

വല്യമ്മായി said...

വല്ലാതെ സ്പര്ശിച്ച എഴുത്ത്.അവസാനത്തെ ആ തരിപ്പ് വായനക്കാരിലേക്കും പടര്‍ന്നു.സൂചിപ്പിച്ചതെല്ലാം വായിക്കാനഗ്രഹിക്കുന്ന പുസ്ത്കങ്ങള്‍!

Latheesh Mohan said...

ആകാശത്തിനും ഭൂമിക്കും ഇടയിലുള്ള കാര്യമല്ലല്ലോ മൈനേ ഇത് :( :)

എനിക്കും കിട്ടിയിട്ടുണ്ട് ഷെല്‍വിയുടെ പുസ്തകങ്ങള്‍. ആതിരയില്‍ നിന്നു തന്നെയാകണം. ഏതാണ്ട് ഇതേ രീതിയില്‍ കുറിപ്പുകളുള്ളവ :(

നിന്റെ ബ്ലോഗ് വായിക്കുന്ന പരിപാടി നിര്‍ത്തേണ്ടി വരുമെന്നാണ് തോന്നുന്നത്. എനിക്കു വയ്യ, ഓര്‍മയെ ഇങ്ങനെ ദ്രോഹിക്കാന്‍..

Latheesh Mohan said...

സ്നേഹം മാത്രം ആരും തൊടാതിരിക്കട്ടെ!!

പാമരന്‍ said...

ഹൌ!!

തോന്ന്യാസി said...

ഞാനിവിടെ അഭിപ്രായം പറയാന്‍ ആയിട്ടില്ല...

പക്ഷേ.........

ഇട്ടിമാളു അഗ്നിമിത്ര said...

മൈനാ.. എനിക്കും അസൂയ തോന്നുന്നു..

ഞാന്‍ ആദ്യായി ഒരു ബൂക്ക് ക്ലബ്ബില്‍ ചേരുന്നത് മള്‍ബെറിയുടേതിലാണ്‍.. അതില്‍ നിന്ന് അവസാനം വാങ്ങിയത് ‘ഓര്‍മ്മ“യും..

നല്ലൊരു വായനക്കാരിയായിരുന്ന എന്റെ ഓപ്പോള്‍ ക്ക് കുടുംബ പ്രാരാബ്ദങ്ങള്‍ക്കിടയില്‍ പെട്ട് വായനയും കൈമോശം വന്നിരുന്നു.. പിന്നെ വര്‍ഷങ്ങള്‍ക്ക് ശേഷം പഴയ അതേ ആവേശത്തില്‍വായിക്കുന്നത് ചിദംബരസ്മരണയാണ് ...

poor-me/പാവം-ഞാന്‍ said...

dust is my number one enemy .but i will neglect it.in my first cnvnce i will rush to a second hand book shop.otherwise also where can we expect an un read book ? diving in to a heep of old book is not abad habit .dear malayaali throw your vanity .follow the foot steps of mynaji"s high heald foot steps.

Sekhar said...

'തൊടാത്തത്' ശരിക്കും തൊട്ടു...!
ഒരു പരാജിത എന്നൊരു തോന്നല്‍ ഇല്ല.
കീഴ്പ്പെടുത്തുവാനാകത്തതും സ്നേഹം മാത്രമാണല്ലോ.
അവള്‍ മരണം കൊണ്ടു വിജയം വരിച്ചു വെന്നു നമ്മുക്ക് ഉദ്ഘോഷിക്കം..!!

പെയ്ത്തുംകടവില്‍ നിന്നും നല്ലതൊന്നു അടര്‍ത്തിയെടുത്തു മൈന.
തുടക്കത്തിലെ ഭാഷയുടെ ലാളിത്ത്യം കണ്ടപ്പോളെ തോന്നിയിരുന്നു,അവസാനം ഞെട്ടിക്കാനുള്ള പുറപ്പാടാണെന്നു.:)
പക്ഷെ രണ്ടു തവണ മനസ്സിനെ പിടിച്ചു കുലുക്കുമെന്നു കരുതിയില്ല..

ഈ പറഞ്ഞ പുസ്തകങ്ങള്‍ എല്ലാം ഒറ്റയിരിപ്പിനു വായിക്കാന്‍ പ്റേരിപ്പിക്കുന്നു.
അനുഭവങ്ങളുടെ മറ്റുള്ളവരിലേക്കുള്ള സംവേദനത്തില്‍ മൈന വിജയിക്കുന്നു..അഭിനന്ദനങ്ങള്‍.

ആരോ തൂക്കി വിറ്റ പുസ്തകകൂട്ടങ്ങളില്‍ നിന്നും 'പുരാവസ്തു' മൈനയുടെ കൈകളില്‍ തന്നെ എത്തിയല്ലോ..
അതൊരു ഭാഗ്യം തന്നെയാണ്.


പഴയതലമുറ യുടെ ആ സ്നേഹസമ്മാനത്തെ ഇങ്ങനെ തൊട്ടറിയാന്‍ കഴിയുന്നത്..,ഹോ മാസ്മരികം തന്നെ.!

Digital signature ന്റെ ഈ കാലഘട്ടത്തില്‍ ,കൈയ്യൊപ്പിട്ടു കൊടുക്കുവാന്‍ നമുക്കു , പുതുമണം മാറത്തവയും തുന്നല‍ഴിഞ്ഞവയേയും ' ആതിര'കളില്‍ നിന്നും തേടിയെടുക്കാം.
ഷെല്‍വി കാണിക്കുന്ന Link തന്ന സുഹൃത്തിനും നന്ദി.
ശേഖര്‍.

the window.... said...

shihab ikkayumayi kazhinha divasam kure neram irunnu samsarichirunnu....mynakku nerittu parichayamundo pulliye.....nhan itakku vilikkarund...thirichum...

ദൈവം said...

ഹൊ!

Unknown said...

ഈ സമാഹാരത്തിലെ ഉമ്മ വായിച്ച് ഞാന്‍ വല്ലാതെ മനസ്സ് വിങ്ങി കുറേ നേരമിരുന്നുപോയിട്ടുണ്ട്.

Unknown said...

ormakale deepthamakki...
shelviyum samnathara pusthka prasadana kaalavum.. nalla pusthakngal undayittu koodi rakshappedan aavathe poyavan..